ഇല്ലിനോയി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമേരിക്കന്‍ ഐക്യനാടുകളിലെ ഒരു സംസ്ഥാനമാണ് ഇല്ലിനോയി. ഇംഗ്ലീഷില്‍ Illinois എന്നെഴുതുമെങ്കിലും ഇല്ലിനോയി എന്നുമാത്രമേ ഉച്ചരിക്കാറുള്ളൂ) 1818 ഡിസംബര്‍ മൂന്നിന് ഇരുപത്തൊന്നാമത്തെ സംസ്ഥാനമായാണ് ഐക്യനാടുകളില്‍ അംഗമായത്. വടക്കന്‍ സംസ്ഥാനമായ ഇല്ലിനോയി ഉയര്‍ന്ന ജനസംഖ്യകൊണ്ടും ജനവൈവിധ്യംകൊണ്ടും ശ്രദ്ധേയമാണ്. നാഗരികതയ്ക്കും ഗ്രാമീണഭംഗിക്കും ഒരുപോലെ പ്രസിദ്ധമാണീ സംസ്ഥാനം.
ഇല്ലിനോയി നദിയില്‍ നിന്നാണ് ഈ പേരു ലഭിച്ചത്. തദ്ദേശജനവിഭാഗമായ ഇല്ലിനിവെക് ജനങ്ങളില്‍ നിന്നുവന്നതാണ് ഇല്ലിനോയി എന്നനാമം. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനം ഫ്രഞ്ചുകാരാണ് ആദ്യമായി ഈ പ്രദേശത്തേക്ക് കുടിയേറി ആധിപത്യം സ്ഥാപിച്ചത്. പിന്നീട് അവകാശം ബ്രിട്ടീഷുകാരുടെ കയ്യിലായി. 1783-ല്‍ അമേരിക്കന്‍ സ്വാതന്ത്ര്യ സമരത്തെത്തുടര്‍ന്ന് നിയന്ത്രണം ഐക്യനാടുകളുടെ കൈവശമെത്തി.
കിഴക്ക് ഇന്‍ഡ്യാന, പടിഞ്ഞാറ് മിസോറി, ഐയവ, തെക്ക് കെന്റക്കി, വടക്ക് വിസ്കോണ്‍സിന്‍ എന്നിവയാണ് ഇല്ലിനോയിയുടെ അയല്‍ സംസ്ഥാനങ്ങള്‍. വടക്കുകിഴക്ക് പ്രദേശങ്ങള്‍ മിഷിഗണ്‍ കായലിനോട് ചേര്‍ന്നുകിടക്കുന്നു.
കേരളത്തിന്റെ മൂന്നിരട്ടിയിലേറെ വലിപ്പമുള്ള ഇവിടെ അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജനസംഖ്യകൂടുതലാണ്. 1.24 കോടിയോളം ജനങ്ങള്‍ ഇവിടെ അധിവസിക്കുന്നു. സ്പ്രിങ്ഫീല്‍ഡ് ആണു തലസ്ഥാനം. അമേരിക്കയിലെ പ്രധാനപ്പെട്ട മഹാനഗരങ്ങളിലൊന്നായ ഷിക്കാഗോ ഇല്ലിനോയിയിലാണ്.