കടമ്മനിട്ട രാമകൃഷ്ണന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കടമ്മനിട്ട രാമകൃഷ്ണന്‍ (ജ.മാര്‍ച്ച് 22, 1935) കേരളത്തിലെ അറിയപ്പെടുന്ന കവിയും രാഷ്ട്രീയ, സാസ്കാരിക പ്രവര്‍ത്തകനുമാണ്. കേരളത്തിന്റെ നാടോടി സംസ്കാരത്തെയും പടയണിപോലെയുള്ള നാടന്‍ കലാരൂപങ്ങളെയും സന്നിവേശിപ്പിച്ച രചനാ ശൈലി സ്വീകരിച്ചാണ് രാമകൃഷ്ണന്‍ സാഹിത്യലോകത്തു ശ്രദ്ധേയനായത്. ഛന്ദശാസ്ത്രം അടിസ്ഥനമാക്കിയ കാവ്യരചനയേക്കാള്‍ നാടോടി കലാരൂപങ്ങളുടെ താളം കവിതയില്‍ കൊണ്ടുവന്ന അദ്ദേഹം ആധുനിക രചനാശൈലിയുടെ വക്താവുമായി.
1960കളില്‍ കേരളത്തില്‍ ശക്തമായിരുന്ന നക്സലേറ്റ് പ്രസ്ഥാനത്തിന്റെ സ്വാധീനം രാമകൃഷ്ണന്റെ രചനകളില്‍ നിഴലിക്കുന്നുണ്ട്. സമകാലികരായ കവികളിലധികവും പ്രകൃതി കേന്ദ്രീകൃത രചനകളില്‍ ശ്രദ്ധയൂന്നിയപ്പോള്‍ മനുഷ്യകേന്ദ്രീകൃതമായിരുന്നു കടമ്മനിട്ടയുടെ കവിതകള്‍. 1970കള്‍ക്കു ശേഷം കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സാംസ്കാരിക സംഘടനകളില്‍ സജീവ പ്രവര്‍ത്തകനായി. ആറന്മുള നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ഒരു തവണ കേരളാ നിയമസഭയിലും അംഗമായി.
ഉള്ളടക്കം |
[തിരുത്തുക] ജീവിത രേഖ
പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ട എന്ന ഗ്രാമത്തിലാണ് രാമകൃഷ്ണന്‍ ജനിച്ചത്. അച്ഛന്‍ മേലേത്തറയില്‍ രാമന്‍ നായര്‍, അമ്മ കുട്ടിയമ്മ. ഹൈന്ദവ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട അനുഷ്ഠാന കലകളിലൊന്നായ പടയണിക്കു പ്രശസ്തമാണ് കടമ്മനിട്ട ഗ്രാമം. രാമകൃഷ്ണന്റെ ജീവിതത്തില്‍ ഈ കല ചെറുതല്ലാത്ത സ്വാധീനം ചെലുത്തി.
ബിരുദ പഠനത്തിനുശേഷം കൊല്‍ക്കത്തയിലേക്കു പോയി. പിന്നീട് മദ്രാസിലെത്തി 1959ല്‍ പോസ്റ്റല്‍ ഓഡിറ്റ് ആന്‍ഡ് അക്കൌണ്ട്സ് വകുപ്പില്‍ ഉദ്യോഗം സ്വീകരിച്ചു. 1967 മുതല്‍ 1992ല്‍ വിരമിക്കുന്നതുവരെ തിരുവനന്തപുരത്തായിരുന്നു ജോലി.
[തിരുത്തുക] സാഹിത്യ ജീവിതം
1965ല്‍ “ഞാന്‍” എന്ന കവിത പ്രസിദ്ധപ്പെടുത്തി. 1976ലാണ് ആദ്യ പുസ്തകം പുറത്തിറങ്ങിയത്. കേരള കവിതാ ഗ്രന്ഥവരിയായിരുന്നു പ്രസാധകര്‍. എഴുപത്തഞ്ചിലേറെ കവിതാ പുസ്തകങ്ങള്‍ കടമ്മനിട്ടയുടേതായുണ്ട്.
[തിരുത്തുക] പ്രധാനകൃതികള്‍
- കുറത്തി
- കടിഞ്ഞൂല്‍പൊട്ടന്‍
- മിശ്രതാളം
- മഴപെയ്യുന്നു മദ്ദളംകൊട്ടുന്നു
- കടമ്മനിട്ടയുടെ കവിതകള്‍
- വെള്ളിവെളിച്ചം
- ഗോദയേ കാത്ത് (സാമുവല്‍ ബക്കറ്റിന്റെ “വെയ്റ്റിംഗ് ഫോര്‍ ഗോദെ” എന്ന നാടകത്തിന്റെ വിവര്‍ത്തനം)
- സൂര്യശില (ഒക്ടാവിയോ പാസിന്റെ “സണ്‍സ്റ്റോണ്‍” എന്ന കൃതിയുടെ വിവര്‍ത്തനം)
[തിരുത്തുക] പുരസ്കാരങ്ങള്‍
- കടമ്മനിട്ടയുടെ കവിതകള്‍ എന്ന പുസ്തകം 1982ല്‍ ആശാന്‍ പുരസ്കാരവും കേരള സാഹിത്യ അക്കാദമി പുരസ്കാരവും നേടി.
- അബുദബി മലയാളി സമാജം പുരസ്കാരം.
- ന്യൂയോര്‍ക്കിലെ മലയാളം ഇന്റര്‍നാഷണല്‍ ഫൌണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്കാരം.
- മസ്കറ്റ് കേരള സാംസ്കാരിക കേന്ദ്രം ഏര്‍പ്പെടുത്തിയ പുരസ്കാരം.