തുഞ്ചത്ത് എഴുത്തച്ഛന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍, ആധുനിക മലയാളഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന ഭാഷാകവിയായ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലായി ജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്നു. എഴുത്തച്ഛന്റെ യഥാര്‍ത്ഥ പേരല്ല രാമാനുജന്‍ എന്നും ചില വിദഗ്ദര്‍ അഭിപ്രായപ്പെട്ടുകാണുന്നുണ്ട്. [തെളിവുകള്‍ ആവശ്യമുണ്ട്] മലപ്പുറം ജില്ലയിലെ തിരൂരിനടുത്തായിരുന്നു കവിയുടെ ജനനം (ഇപ്പോള്‍ ഈ സ്ഥലം തുഞ്ചന്‍പറമ്പ് എന്നറിയപ്പെടുന്നു.) രാമാനുജന്‍ എഴുത്തച്ഛന്റെ ജീവചരിത്രം ഐതിഹ്യങ്ങളാലും അര്‍ദ്ധസത്യങ്ങളാലും മൂടപ്പെട്ടു കിടക്കുകയാണു്. അബ്രാഹ്മണനായിട്ടും വേദപഠനവും സംസ്കൃതപഠനവും തരമാക്കിയ രാമാനുജന്‍ എഴുത്തച്ഛന്‍, നാനാദിക്കിലേക്കുള്ള ദേശാടനങ്ങള്‍ക്കു ശേഷം തൃക്കണ്ടിയൂരില്‍ താമസമാക്കി എന്നു കരുതപ്പെടുന്നു. എഴുത്തച്ഛന്‍ എന്നുള്ളത് ഒരു ജാതിപ്പേരല്ലെന്നും ഒരു സ്ഥാനപ്പേരാണെന്നും രാമാനുജന്‍ എഴുത്തച്ഛനു ശേഷം പിന്‍തലമുറയില്‍ പെട്ടവര്‍ ഈ നാമം ജാതിപ്പേരായി ഉപയോഗിക്കുകയാണുണ്ടായതെന്നും കരുതുന്നു.[തെളിവുകള്‍ ആവശ്യമുണ്ട്] കവിയുടെ കുടുംബപരമ്പയില്‍ ചിലരാണ് പെരിങ്ങോടിനടുത്തെ ആമക്കാവ് ക്ഷേത്രപരിസരത്ത് വസിച്ചുപോരുന്നതെന്നും വിശ്വാസങ്ങളുണ്ട്.
[തിരുത്തുക] മലയാളഭാഷയുടെ പിതാവ്
എഴുത്തച്ഛനു മുമ്പും തെളിമലയാളത്തില്‍ ചെറുശ്ശേരി നമ്പൂതിരി പോലുള്ളവരുടെ പ്രശസ്തമായ കാവ്യങ്ങള്‍ കേരളദേശത്ത് വന്നിരിക്കിലും രാമാനുജന്‍ എഴുത്തച്ഛനെ ആധുനിക മലയാളഭാഷയുടെ പിതാവായും മലയാളത്തിന്റെ സാംസ്കാരിക ചിഹ്നമായും കരുതിപ്പോരുന്നു. രാമാനുജന്‍ എഴുത്തച്ഛനാണ് 30 അക്ഷരമുള്ള വട്ടെഴുത്തിനുപകരം 51 അക്ഷരമുള്ള മലയാളം ലിപി പ്രയോഗത്തില്‍ വരുത്തിയതെന്നു് കരുതുന്നു. പ്രൊഫസര്‍ കെ.പി.നാരായണപ്പിഷാരടി തുടങ്ങിയ ചരിത്രകാരന്മാരുടെ നിരീക്ഷണത്തില്‍ ‘ഹരിശ്രീ ഗണപതയേ നമഃ’ എന്നു മണലിലെഴുതി അക്ഷരമെഴുത്ത് കുട്ടികള്‍ക്ക് പരിശീലിപ്പിക്കുന്ന സമ്പ്രദായവും എഴുത്തച്ഛന്‍ തുടങ്ങിയതാണു്. എഴുത്തച്ഛന്‍ എന്ന സ്ഥാനപ്പേര് ഒരു പക്ഷെ അദ്ദേഹം ഇപ്രകാരം വിദ്യപകര്‍ന്നു നല്‍കിയതിനു ബഹുമാനസൂചകമായി വിളിച്ചുപോന്നതുമാകാം.
എഴുത്തച്ഛന്റെ കാവ്യങ്ങള്‍ തെളിമലയാളത്തിലായിരുന്നില്ല, സംസ്കൃതം പദങ്ങള്‍ അദ്ദേഹം തന്റെ കാവ്യങ്ങളില്‍ യഥേഷ്ടം ഉപയോഗിച്ചുകാണുന്നുണ്ട്. എന്നിരുന്നാലും കവനരീതിയില്‍ നാടോടി ഈണങ്ങള്‍ ആവിഷ്കരിച്ചതിലൂടെ കവിത കുറേകൂടി ജനകീയമാക്കുകയായിരുന്നു എഴുത്തച്ഛന്‍. അദ്ദേഹം വിശ്വസിച്ചുപോന്നിരുന്ന ഭക്തിപ്രസ്ഥാനം ഈ ഒരു കര്‍മ്മത്തില്‍ അദ്ദേഹത്തിനു സഹായകരമായി വര്‍ത്തിക്കുകയും ചെയ്തിരിക്കാം. കിളിപ്പാട്ട് എന്ന കാവ്യരചനാരീതിയായിരുന്നു എഴുത്തച്ഛന്‍ ആവിഷ്കരിച്ചത്. കിളിയെകൊണ്ട് കഥാകഥനം നടത്തുന്ന രീതിയോടെ സ്വതേ പ്രശസ്തമായിക്കുന്ന ഭാരതത്തിലെ ഇതിഹാസങ്ങള്‍ കുറേകൂടി ജനങ്ങള്‍ക്ക് സ്വീകാര്യമായി എന്നു വേണം കരുതുവാന്‍. മലയാളഭാഷയ്ക്ക് അനുയോജ്യമായ അക്ഷരമാല ഉപയോഗിച്ചതിലൂടെയും, സാമാന്യജനത്തിനു എളുപ്പം സ്വീകരിക്കാവുന്ന രീതിയില്‍ ഇതിഹാസങ്ങളുടെ സാരാംശം വര്‍ണ്ണിച്ച് ഭാഷാകവിതകള്‍ക്കു ജനഹൃദയങ്ങളില്‍ ഇടംവരുത്തുവാന്‍ കഴിഞ്ഞതിലൂടെയും ഭാഷയുടെ സംശ്ലേഷണമാണു് എഴുത്തച്ഛനു സാധ്യമായത്. സ്തുത്യര്‍ഹമായ ഈ സേവനങ്ങള്‍ മറ്റാരേക്കാളും മുമ്പെ എഴുത്തച്ഛനു സാധ്യമായതില്‍ പ്രതി ഭാഷാശാസ്ത്രജ്ഞരും ചരിത്രകാരന്മാരും ഐകകണ്ഠ്യേന രാമാനുജന്‍ എഴുത്തച്ഛനെ മലയാളഭാഷയുടെ പിതാവെന്നു വിശേഷിപ്പിച്ചുപോരുന്നു.
[തിരുത്തുക] എഴുത്തച്ഛന്റെ കൃതികള്‍
അദ്ധ്യാത്മരാമായണം കിളിപ്പാട്ട്, ശ്രീമഹാഭാരതം കിളിപ്പാട്ട് എന്നീ സാമാന്യം വലുതായ കിളിപ്പാട്ട് രചനകള്‍ രാമാനുജന്‍ എഴുത്തച്ഛന്റേതായിട്ടുണ്ട്. പ്രസ്തുതകൃതികളാകട്ടെ യഥാക്രമം ഭാരതത്തിലെ ഇതിഹാസകാവ്യങ്ങളായ വാല്മീകി രാമായണം, വ്യാസഭാരതം എന്നിവയുടെ സ്വതന്ത്രപരിഭാഷകളായിരുന്നു. ഈ രണ്ടു കൃതികള്‍ക്ക് പുറമേ ഇരുപത്തിനാലു വൃത്തം, ഹരിനാമകീര്‍ത്തനം, ഭാഗവതം കിളിപ്പാട്ട് എന്നീ ചെറിയ കാവ്യങ്ങളും എഴുത്തച്ഛന്റേതായിട്ടുണ്ടെന്നു കരുതപ്പെടുന്നു. ഭാഗവതം കിളിപ്പാട്ടിലാകട്ടെ ദശമസ്കന്ധത്തില്‍ മാത്രമേ എഴുത്തച്ഛന്റെ ശൈലി ദൃശ്യമായിട്ടുള്ളൂ, ഈ കൃതിയുടെ രചയിതാവിന്റെ കാര്യത്തില്‍ ഇപ്പോഴും അഭ്യൂഹങ്ങള്‍ തുടരുന്നുണ്ട്. ആത്യന്തികമായി ഭക്തകവിയായിരുന്നുവെങ്കിലും ഏതാനും ചില കീര്‍ത്തനങ്ങള്‍ എഴുതുന്നതിലുപരിയായി എഴുത്തച്ഛന്റെ കാവ്യസപര്യ നിലനിന്നിരുന്നു. ഇതിഹാസങ്ങളുടെ സാരാംശങ്ങള്‍ ജനഹൃദയങ്ങളിലേക്ക് പകര്‍ന്നു നല്‍കുന്നതിലായിരുന്നു എഴുത്തച്ഛന്റെ കാവ്യനീതി.
അദ്ധ്യാത്മരാമായണം, അയോദ്ധ്യാകാണ്ഡം - ശ്രീരാമന്‍ ലക്ഷ്മണനുപദേശിക്കുന്നത്:
മാതാപിതൃഭ്രാതൃമിത്രസഖികളെ ക്രോധം നിമിത്തം ഹനിക്കുന്നിതു പുമാന്‍ ക്രോധം മൂലം മനസ്താപമുണ്ടായ് വരും ക്രോധമൂലം നൃണാം സംസാരബന്ധനം ക്രോധമല്ലോ നിജധര്‍മ്മക്ഷയകരം ക്രോധം പരിത്യജിക്കേണം ബുധജനം ക്രോധമല്ലോ യമനായതു നിര്‍ണ്ണയം വൈതരണ്യാഖ്യയാവുന്നതു തൃഷ്ണയും സന്തോഷമാകുന്നതു നന്ദനം വനം...
ഭാരതത്തില്‍ അതിശ്രേഷ്ഠമായി കരുതപ്പെടുന്ന ഇതിഹാസങ്ങളുടെ കേവലം തര്‍ജ്ജമകളായിരുന്നില്ല എഴുത്തച്ഛന്റെ രാമായണവും, മഹാഭാരതവും. കാവ്യരചനയുടെ പല ഘട്ടങ്ങളിലും യഥാര്‍ത്ഥ കൃതികളിലെ ആഖ്യാനങ്ങള്‍ ചുരുക്കിപ്പറയുവാനും സംഭവങ്ങള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കും സ്വന്തമായി ആഖ്യാനങ്ങള്‍ എഴുതിച്ചേര്‍ക്കുവാനും എഴുത്തച്ഛന്‍ സ്വാതന്ത്ര്യം എടുത്തുകാണുന്നുണ്ട്. കേരളത്തില്‍ അന്നു നിലനിന്നിരുന്ന ഭക്തിപ്രസ്ഥാനവുമായും ജനജീവിതവുമായും സ്വരൈക്യം ലഭിക്കുവാന്‍ ഈ സ്വാതന്ത്ര്യം അദ്ദേഹം സൌകര്യപൂര്‍വ്വം വിനിയോഗിക്കുകയും ചെയ്തിരിക്കുന്നു.
ആരണ്യകാണ്ഡം - സീതാപഹരണവേളയില്‍ മാരീചനിഗ്രഹം കഴിച്ചുവരുന്ന രാമന്‍, ലക്ഷ്മണനെ ദൂരെപ്പാര്‍ത്തു അവതാരലക്ഷ്യം മറച്ചുവയ്ക്കുന്ന രംഗം:
ലക്ഷ്‌മണന്‍ വരുന്നതു കണ്ടു രാഘവന്‍താനു- മുള്‍ക്കാമ്പില്‍ നിരൂപിച്ചു കല്‍പിച്ചു കരണീയം. "ലക്ഷ്മണനേതുമറിഞ്ഞീലല്ലോ പരമാര്‍ത്ഥ- മിക്കാലമിവനേയും വഞ്ചിക്കെന്നതേവരൂ. രക്ഷോനായകന്‍ കൊണ്ടുപോയതു മായാസീതാ- ലക്ഷ്‌മീദേവിയെയുണ്ടോ മറ്റാര്‍ക്കും ലഭിക്കുന്നു? അഗ്നിമണ്ഡലത്തിങ്കല്‍ വാഴുന്ന സീതതന്നെ ലക്ഷ്മണനറിഞ്ഞാലിക്കാര്യവും വന്നുകൂടാ. ദുഃഖിച്ചുകൊളളൂ ഞാനും പ്രാകൃതനെന്നപോലെ മൈക്കണ്ണിതന്നെത്തിരഞ്ഞാശു പോയ് ചെല്ലാമല്ലോ രക്ഷോനായകനുടെ രാജ്യത്തി,ലെന്നാല്‍ പിന്നെ- ത്തല്‍ക്കുലത്തോടുംകൂടെ രാവണന്‍തന്നെക്കൊന്നാല്‍ അഗ്നിമണ്ഡലേ വാഴും സീതയെസ്സത്യവ്യാജാല്‍ കൈക്കൊണ്ടുപോകാമയോദ്ധ്യയ്‌ക്കു വൈകാതെ, പിന്നെ അക്ഷയധര്‍മ്മമോടു രാജ്യത്തെ വഴിപോലെ രക്ഷിച്ചു കിഞ്ചില്‍ കാലം ഭൂമിയില്‍ വസിച്ചീടാം. പുഷ്‌കരോല്‍ഭവനിത്ഥം പ്രാര്‍ത്ഥിക്കനിമിത്തമാ- യര്‍ക്കവംശത്തിങ്കല്‍ ഞാന്‍ മര്‍ത്ത്യനായ്പിറന്നതും. മായാമാനുഷനാകുമെന്നുടെ ചരിതവും മായാവൈഭവങ്ങളും കേള്‍ക്കയും ചൊല്ലുകയും ഭക്തിമാര്‍ഗ്ഗേണ ചെയ്യും മര്‍ത്ത്യനപ്രയാസേന മുക്തിയും സിദ്ധിച്ചീടുമില്ല സംശയമേതും. ആകയാലിവനേയും വഞ്ചിച്ചു ദുഃഖിപ്പു ഞാന്‍ പ്രാകൃതപുരുഷനെപ്പോലെ"യെന്നകതാരില്‍ നിര്‍ണ്ണയിച്ചവരജനോടരുള്‍ചെയ്തീടിനാന്‍
വാല്മീകി രാമായണത്തില്‍ ഇത്തരമൊരു വര്‍ണ്ണന കാണില്ല, സീതയെ കുറിച്ച് വ്യാകുലപ്പെടുന്ന രാമനെയാണു് കാണാനാകുക. മൂലകൃതിയായ വാല്മീകി രാമായണത്തില്‍ രാമന്‍ ദൈവീകപരിവേഷങ്ങളില്ലാത്ത മനുഷ്യരൂപനാണെങ്കില്‍ എഴുത്തച്ഛന്റെ രാമായണത്തില്‍, രാമന്‍ ത്രികാലങ്ങള്‍ അറിയുന്നവനും തന്റെ ദൈവികവും ധാര്‍മികവുമായ ധര്‍മ്മങ്ങളെ കുറിച്ച് ഉത്തമബോധ്യമുള്ളവനുമാണു്.
രാമായണം എഴുതുവാന്‍ എഴുത്തച്ഛന്‍ തിരഞ്ഞെടുത്തിരിക്കുന്ന വൃത്തങ്ങളും ശ്രദ്ധേയമാണു്. ദ്രാവിഡനാടോടിഗാനങ്ങളില്‍ നിന്നും, ആര്യാവര്‍ത്തികളുടെ സംസ്കൃതം ചന്ദസ്സുകളില്‍ നിന്നും വ്യത്യസ്തമായി പ്രാചീനദ്രാവിഡ കവനരീതിയാണു് എഴുത്തച്ഛന്‍ അവലംബിച്ചിരിക്കുന്നത്. കഥാഗതിയുടെ അനുക്രമമനുസരിച്ച് ആഖ്യാനത്തില്‍ താളബോധം വരുത്തുവാനെന്നോളം ഓരോ കാണ്ഡങ്ങള്‍ക്കും അനുയോജ്യമായ വൃത്തങ്ങളാണു് എഴുത്തച്ഛന്‍ ഉപയോഗിച്ചിരിക്കുന്നത്. ബാലകാണ്ഡത്തിലും ആരണ്യകാണ്ഡത്തിലും കേക വൃത്തമാണെങ്കില്‍ അയോദ്ധ്യാകാണ്ഡത്തിനും യുദ്ധകാണ്ഡത്തിനും കാകളിയും ഇടയില്‍ സുന്ദരകാണ്ഡത്തിനുമാത്രമായി കളകാഞ്ചിയും ഉപയോഗിച്ചിരിക്കുന്നു. പാരായണത്തില്‍ ആസ്വാദ്യകരമായ താളം വരുത്തുവാന്‍ ഇത്തരം പ്രയോഗത്തിലൂടെ എഴുത്തച്ഛനു സാധിച്ചിരുന്നു.
എഴുത്തച്ഛന്റെ കൃതികള്‍ അവയുടെ കാവ്യമൂല്യങ്ങള്‍ക്കപ്പുറം സാംസ്കാരികപരിച്ഛേദങ്ങള്‍ക്ക് പ്രശസ്തമാവുകയാണുണ്ടായത്. മലയാളഭാഷയുടെ സംശ്ലേഷകന്‍ എന്നതിലുപരി എഴുത്തച്ഛനു സാംസ്കാരികനായകന്റെ പരിവേഷം നല്‍കുവാനും അദ്ദേഹത്തിന്റെ കാവ്യങ്ങള്‍ക്കായിരുന്നു.
[തിരുത്തുക] വിമര്‍ശനം
പൊതുവെ ഭക്തകവികളെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ എഴുത്തച്ഛന്റെ കവിതകളെ കുറിച്ചും നിരൂപകര്‍ പരാമര്‍ശിച്ചുകാണുവാറുണ്ട്. അതിലൊന്നു രാമനെയോ കൃഷ്ണനെയോ കുറിച്ചുള്ള വര്‍ണ്ണനകളില്‍ (പൊതുവെ ദേവരെ കുറിച്ചുള്ള വര്‍ണ്ണനകളില്‍) അത്യധികം വിശേഷണരൂപങ്ങളും അലങ്കാരവാക്കുകളും പ്രയോഗിക്കുന്നതിനെ കുറിച്ചാണു്:
രാഘവം പ്രണതാര്‍ത്തിഹാരിണം ഘൃണാകരം രാകേന്ദുമുഖം ഭവഭഞ്ജനം ഭയഹരം. ഇന്ദിരാരമണമിന്ദീവരദളശ്യാമ- മിന്ദ്രാദിവൃന്ദാരകവൃന്ദവന്ദിതപദം സുന്ദരം സുകുമാരം സുകൃതിജനമനോ- മന്ദിരം രാമചന്ദ്രം ജഗതാമഭിരാമം
ശ്രീരാമനെ കവി പ്രകീര്‍ത്തിക്കുന്നത്; രംഗം വിരാധവധം, ആരണ്യകാണ്ഡം - അദ്ധ്യാത്മരാമായണം കിളിപ്പാട്ട്.
എങ്കിലും ശ്രദ്ധേയമായ വസ്തുതയെന്തെന്നാല്‍ ഭക്തിപ്രസ്ഥാനത്തിനോടുള്ള സ്വകാര്യവും തീഷ്ണവുമായുള്ള അനുഭാവം എഴുത്തച്ഛന്റെ വരികളുടെ കാവ്യാത്മകത കെടുത്തുന്നില്ലെന്നതാണു്.
ചെറുശ്ശേരിയില്‍ നിന്നു എഴുത്തച്ഛനിലേക്കുള്ള മലയാളം കവിതയുടെ വളര്‍ച്ച മദ്ധ്യകാലത്തുനിന്നു് ആധുനികകാലത്തേക്കുള്ള വളര്‍ച്ചയായി കരുതാവുന്നതാണു്. രാവണന്‍, ദുര്യോധനന്‍ എന്നീ നായകവിരുദ്ധസ്വഭാവം പ്രകടിപ്പിക്കുന്ന കഥാപാത്രങ്ങളെപ്പോലും തികഞ്ഞമാന്യതയോടും സംശുദ്ധിയോടും കൂടി അവതരിപ്പിക്കുകയാണു് എഴുത്തച്ഛന്‍ ചെയ്തത്. ആത്മീയതയും സാഹിത്യചിന്തയും ഒരേ അളവില്‍ ചേര്‍ത്തായിരുന്നു എഴുത്തച്ഛന്റെ സാഹിത്യരചന. അദ്ദേഹം കഥപറയുന്നതില്‍ എടുത്ത സ്വാതന്ത്ര്യമാകട്ടെ അന്നുവരെ കാണാതിരുന്ന രസങ്ങളെയും ഭാവങ്ങളെയും കവിതയില്‍ അനന്യസാധാരണമായ ശൈലിയില്‍ വര്‍ണ്ണിക്കുവാനും അദ്ദേഹത്തിനു സഹായകരമായി.