ഭാഷാഭൂഷണം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാളത്തിലെ കാവ്യാലങ്കാരങ്ങള്‍ക്ക് നിയതമായ വ്യവസ്ഥകള്‍ നിര്‍ദ്ദേശിച്ചുകൊണ്ട് കേരളപാണിനി ഏ.ആര്‍.രാജരാജവര്‍മ്മ 1902-ല്‍ പ്രസിദ്ധീകരിച്ച ഭാഷാശാസ്ത്രഗ്രന്ഥം.
സ്വന്തം അദ്ധ്യാപനവൃത്തിയില്‍ സഹായകമായി അവശ്യം വേണ്ടിയിരുന്ന ആധികാരികഗ്രന്ഥങ്ങളുടെ അഭാവം മുന്നിര്‍ത്തി രാജരാജവര്‍മ്മ അദ്ദേഹത്തിന്റെ തന്നെ ബി.ഏ.വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി രണ്ടുവര്‍ഷത്തോളം തയ്യാറാക്കിയിരുന്ന കുറിപ്പുകള്‍ സമാഹരിച്ച് സ്വരുക്കൂട്ടിയാണ് ഭാഷാപോഷിണി നിര്‍മ്മിച്ചത്. പില്‍ക്കാലത്ത് മലയാളഭാഷാപഠിതാക്കള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത പാഠപുസ്തകമായും കാവ്യനിരൂപകര്‍ക്ക് ആശ്രയിക്കാവുന്ന ഏറ്റവും ആധികാരികമായ അവലംബഗ്രന്ഥമായും ഭാഷാഭൂഷണം തിളങ്ങിനിന്നു.
സംസ്കൃതത്തിലുള്ള ഒട്ടുമിക്ക അലങ്കാരഗ്രന്ഥങ്ങളും ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഭാഷാഭൂഷണത്തിന്റെ പ്രധാന അവലംബങ്ങള്‍ കുവലയാനന്ദം, അലങ്കാരസര്‍വ്വസ്വം, കാവ്യാലങ്കാരം, കാവ്യപ്രദീപകം, സാഹിത്യദര്‍പ്പണം എന്നീ കൃതികളാണ്. എന്നാല്‍ ഘടനയിലും ഉള്‍ക്കാമ്പിലും ഇവയില്‍നിന്നെല്ലാം തികച്ചും സ്വതന്ത്രമായിത്തന്നെ വേറിട്ടുനില്‍ക്കുന്ന ഭാഷാഭൂഷണത്തില്‍ സംസ്കൃതേതരമായ, മലയാളത്തിനു മാത്രം ബാധകമായ, വിഷയങ്ങളില്‍ അദ്ദേഹം സ്വന്തം വ്യുല്‍പ്പത്തിയുപയോഗിച്ച് പുതിയ മാനകങ്ങളും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മലയാളകാവ്യചരിത്രത്തിലെ ഏറ്റവും പരിണാമഗുപ്തി നിറഞ്ഞ സംഭവമായി അറിയപ്പെടുന്ന ദ്വിതീയാക്ഷരപ്രാസവാദം പ്രകടമായി അരങ്ങേറുന്നതിനും വര്‍ഷങ്ങള്‍ക്കു മുന്നേ രാജരാജവര്‍മ്മ അത്തരം പ്രാസവാദങ്ങളുടെ നിരര്‍ത്ഥകത ഭാഷാഭൂഷണത്തിലൂടെ ചൂണ്ടിക്കാട്ടി.
അര്‍ത്ഥാലങ്കാരം,കാവ്യദോഷം,ഗുണരൂപം,ശബ്ദാര്‍ത്ഥം,ധ്വനി, വ്യംഗ്യം എന്നിങ്ങനെ കാവ്യലക്ഷണങ്ങള്‍ ഓരോന്നും വെച്ച് അഞ്ചു പ്രകരണങ്ങളിലായാണ്(Sections) ഭാഷാഭൂഷണം തയ്യാറാക്കിയിട്ടുള്ളത്. 185 ചെറുശ്ലോകങ്ങളും ഗദ്യരൂപത്തില്‍ അവയ്ക്കുള്ള വിശദീകരണങ്ങളും സമൃദ്ധമായ ഉദാഹരണങ്ങള്‍ സഹിതം ഈ അഞ്ചു പ്രകരണങ്ങളില്‍ വിന്യസിച്ചിരിക്കുന്നു.
ഭാഷാഭൂഷണത്തിന്റെ ആദ്യത്തെ പതിപ്പ് കേരളകല്പദ്രുമം അച്ചുകൂടം ആണ് തയ്യാറാക്കിയത്. 1910-ല്‍ പറയത്തക്ക ഭേദഗതികളൊന്നുമില്ലാതെതന്നെ രണ്ടാം പതിപ്പും പുറത്തിറങ്ങുകയുണ്ടായി.