മങ്കട
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു സുന്ദരമായ മലയോര ഗ്രാമമാണ് മങ്കട. ഒരു നിയമസഭാ മണ്ഡലവും ബ്ലോക്ക് പഞ്ചായത്തും ഗ്രാമ പഞ്ചായത്തുമാണ് മങ്കട. പൊന്നാനി പാര്‍ലമെന്റ് മണ്ഡലത്തിന്റെ ഭാഗമാണ് മങ്കട. ഇപ്പോള്‍ ഇ. അഹമ്മദ് ആണ് ഇവിടെ നിന്നുള്ള പ്രതിനിധി.
ഉള്ളടക്കം |
[തിരുത്തുക] പേരിന്റെ ഉത്ഭവം
[തിരുത്തുക] ചരിത്രം
[തിരുത്തുക] ഭൂമിശാസ്ത്രം
മങ്കട പഞ്ചായത്ത് ചെറിയം കുന്നുകളുടെ അതിര്‍ത്തിയിലാണ്. മലപ്പുറം, മഞ്ചേരി, പെരിന്തല്‍മണ്ണ എന്നീ പട്ടണങ്ങള്‍ ഈ ഗ്രാമത്തിന്റെ അതിര്‍ത്തിയാണ്. മങ്കട പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 31.33 ച.കി.മീ ആണ്. കൂടുതലും പ്രദേശം കര ആണെങ്കിലും ചെറിയ കുളങ്ങളും അരുവികളും ഇവിടെ ധാരാളമായി ഉണ്ട്. മിക്കവാറും ഭൂപ്രദേശങ്ങള്‍ കൃഷിക്ക് അനുയോജ്യമാണ്. മഴക്കാലത്ത് വളരെ തണുത്ത കലാവസ്ഥയും വേനല്‍ക്കാലത്ത് വരണ്ട കാലാവസ്ഥയുമാണ് ഇവിടെ. മഴക്കാലം ജൂണ്‍ മുതല്‍ നവംബര്‍ വരെയും ശൈത്യകാലം ഡിസംബര്‍, ജനുവരി മാസങ്ങളിലും ആണ്. വര്‍ഷത്തില്‍ ബാക്കി സമയം വേനല്‍ക്കാലമാണ്. താപം 20 മുതല്‍ 35 ഡിഗ്രീ വരെ ആണ്. ഭൂപ്രകൃതി ചെറിയ കുന്നുകളും പീഠഭൂമികളും നിറഞ്ഞതാണ്. മിക്കവാറും കൃഷിചെയ്യാവുന്ന സ്ഥലങ്ങള്‍ സ്ഥിരമായ കൃഷിഭൂമികള്‍ ആയിരിക്കുന്നു. മറ്റ് ധാതുനിക്ഷേപങ്ങള്‍ ഇവിടെ ഇല്ല. പരിസ്ഥിതി പ്രശ്നങ്ങള്‍ ഇവിടെ ഇതുവരെ ഇല്ല. അധികം ചൂഷണം ചെയ്യപ്പെടാത്ത ഒരു ഗ്രാമമാണ് മങ്കട.
[തിരുത്തുക] ജനങ്ങള്‍
2001-ലെ കാനേഷുമാരി അനുസരിച്ച് മങ്കട പഞ്ചായത്തിലെ ജനസംഘ്യ 28,935 ആണ്. ഇതില്‍ 14131 പേര്‍ പുരുഷന്മാരും 14,804പേര്‍ സ്ത്രീകളുമാണ്. ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററില്‍ 763.52പേര്‍ ആണ്. ഉയര്‍ന്ന സാക്ഷരതാ നിരക്ക് ഉള്ള ഇവിടെ പുരുഷന്മാരുടെ സാക്ഷരതാ നിരക്ക് 94.77 ശതമാനവും സ്ത്രീകളിലേത് 90.44 ശതമാനവുമാണ്. ഈ ഗ്രാമത്തില്‍ 3857 ഭവനങ്ങള്‍ ഉണ്ട്. ഇവിടെ ഭവന രഹിതര്‍ ഇല്ല. ജനസംഘ്യയില്‍ 4,309 പേര്‍ ആറുവയസ്സിനു താഴെയുള്ള കുട്ടികള്‍ ആണ്. മുസ്ലീം സമുദായത്തില്‍ പെട്ടവര്‍ ആണ് ജനസംഘ്യയില്‍ കൂടുതലും. മലയാളം ആണ് പരക്കെ ഉപയോഗിക്കുന്ന ഭാഷ എങ്കിലും ഭരണ കാര്യങ്ങള്‍ക്കായി ഇംഗ്ലീഷ് ഉപയോഗിക്കുന്നു.
[തിരുത്തുക] സമ്പദ്‌വ്യവസ്ഥ
ജനങ്ങളുടെ പാരമ്പര്യമായ വരുമാന മാര്‍ഗ്ഗം കൃഷി ആണ്. ചെറുകിട വ്യവസായങ്ങളും വിദേശത്തുനിന്ന് മറുനാടന്‍ മലയാളികള്‍ അയക്കുന്ന പണവും മങ്കടയുടെ സമ്പദ് വ്യവസ്ഥയില്‍ ഒരു നല്ല പങ്കുവഹിക്കുന്നു. മങ്കടയില്‍ നിന്ന് ഒരുപാടുപേര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ അവിദഗ്ധ തൊഴിലാളികളായി ജോലിചെയ്യുന്നു. ഇന്ന് ഇവിടെയുള്ള ഭവന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ആധിക്യം ഗള്‍ഫ് പണത്തെ മാത്രം ആശ്രയിച്ചാണ്. കൃഷി വളരെ ആദായകരമല്ലെങ്കിലും ഇന്ത്യയിലെ മറ്റു പല സ്ഥലങ്ങളെയും അപേക്ഷിച്ച് ഇവിടെ കൃഷിയില്‍ നിന്നുള്ള വരുമാനം കൂടുതലാണ്. പ്രധാന കാര്‍ഷിക വിളകള്‍ തെങ്ങ്, അടക്ക, നെല്ല്, വാഴ എന്നിവയാണ്. ഗ്രാമത്തിലെ പച്ചക്കറി - ഭലവര്‍ഗ്ഗ കൃഷികള്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി മാത്രമാണ്.
[തിരുത്തുക] ഭരണസംവിധാനവും മറ്റ് സൌകര്യങ്ങളും
ഈ പഞ്ചായത്ത് ഭരിക്കുവാനുള്ള എളുപ്പത്തിനായി 10 വാര്‍ഡുകളായി തിരിച്ചിരിക്കുന്നു. ഗ്രാമത്തിന്റെ വികസന ഫണ്ടുകള്‍ ലഭിക്കുന്നത് അസംബ്ലി, പാര്‍ലമെന്റ് അംഗങ്ങളുടെ ഫണ്ടില്‍ നിന്നും ഗ്രാമ ഫണ്ടുകളില്‍ നിന്നുമാണ്. ഇന്ത്യയിലെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് ഈ പഞ്ചായത്തിന് ഒരു നല്ല വികസന ചരിത്രം അവകാശപ്പെടാന്‍ കഴിയും. ഒരു വലിയ ജനവിഭാഗത്തിന് ഗതാഗത പാതകളും കുടിവെള്ളവും ലഭ്യമാണ്. ഈ പഞ്ചായത്തില്‍ ഒരു സര്‍ക്കാര്‍ ആശുപത്രി, ഒരു സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി, എന്നിവയും ചില ക്ലിനിക്കുകളും പ്രവര്‍ത്തിക്കുന്നു. മറ്റ് പൊതു സൌകര്യങ്ങളില്‍ എസ്.ബി.ടി അടക്കം മൂന്ന് ബാങ്കുകള്‍, ഒരു തപാല്‍ ഓഫീസ്, ഒരു പൊതു വായനശാല, ഒരു സ്റ്റേഡിയം എന്നിവ ഉള്‍പ്പെടുന്നു.
[തിരുത്തുക] ഗതാഗതം
മങ്കടയിലെ ജനങ്ങള്‍ ഈ പ്രദേശത്താകെ പരന്നുകിടക്കുന്നു. ചില സ്ഥലങ്ങളില്‍ ജനസാന്ദ്രത വളരെ കുറവായതിനാല്‍ ജനങ്ങള്‍ ഗതാഗതത്തിനായി ബുദ്ധിമുട്ടുന്നു. മങ്കടയിലെ പ്രധാനമായുള്ള ഗതാഗത മാര്‍ഗ്ഗങ്ങള്‍ ബസ്സ്, ജീപ്പ് / വാന്‍, മോട്ടോര്‍ സൈക്കിള്‍, സൈക്കിള്‍ എന്നിവയാണ്. ഏറ്റവും അടുത്തുള്ള നഗരങ്ങളിലേക്ക് ഇവിടെ നിന്നും ബസ്സ് ലഭിക്കും. ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ മങ്കടയില്‍ നിന്ന് 8 കിലോമീറ്റര്‍ അകലെയാണ്. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം 50 കിലോമീറ്റര്‍ അകലെയാണ്. പഞ്ചായത്തില്‍ ഒരു നല്ല റോഡ് ശൃംഘല ഉണ്ട്.
[തിരുത്തുക] വിദ്യാഭ്യാസം
സാക്ഷരതാ നിലവാരം കൂടുതല്‍ ആണെങ്കിലും ഉന്നത വിദ്യാഭ്യാസം ലഭിച്ചവരുടെ എണ്ണം വളരെ കുറവാണ്. കേരള സാക്ഷരതാ മിഷന്റെ പ്രവര്‍ത്തനങ്ങളുടെ ഭലമായി ആണ് ഒരുപാടുപേര്‍ ഇവിടെ സാക്ഷരര്‍ ആയത്. ഈ പഞ്ചായത്തില്‍ ഒരുപാട് പ്രൈമറി, അപ്പര്‍ പ്രൈമറി വിദ്യാലയങ്ങള്‍ ഉണ്ട്. ഇവിടത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനം നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഗവണ്മെന്റ് ഹയ്യര്‍ സെക്കന്ററി സ്കൂള്‍ ആണ്. ധാരാളം അഭ്യസ്ഥവിദ്യരെ പ്രദാനം ചെയ്ത ഈ വിദ്യാലയം പുകള്‍പെറ്റതാണ്.