മുക്കുറ്റി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്തോ-മലേഷ്യന്‍ ജൈവമണ്ഡലത്തില്‍ കാണപ്പെടുന്ന ഏകവര്‍ഷിയായ ചെറു സസ്യമാണ് മുക്കുറ്റി(Biophytum Candolleanum അഥവാ Biophytum Sensitivum). ആയുര്‍വേദത്തില്‍ ദശപുഷ്പങ്ങളില്‍ പെടുന്ന സസ്യമാണിത്. ഓക്സാലിഡേസിയാ(Oxalidaceae) കുടുംബത്തില്‍ പെടുന്ന ഈ സസ്യത്തിന്റെ ശാസ്ത്രീയ നാമത്തിന്റെ കാര്യത്തില്‍ ഇന്നും തര്‍ക്കം നിലനില്‍ക്കുന്നു. കേരളത്തിലെ പാതയോരങ്ങളിലും പറമ്പുകളിലും തണലുള്ള പ്രദേശങ്ങളില്‍ മുക്കുറ്റി കാണാവുന്നതാണ്. കവികളും സാഹിത്യകാരും മുക്കുറ്റിയെ കേരളീയ ഗ്രാമീണതയുടെ ബിംബമായി കണക്കാക്കാറുണ്ട്.
[തിരുത്തുക] പ്രത്യേകതകള്‍
തെങ്ങിന്റെ വളരെ ചെറിയ പതിപ്പ് പോലെ തോന്നിക്കുന്ന ഈ സസ്യം ജലം കെട്ടിനില്‍ക്കാത്ത തണല്‍പ്രദേശങ്ങളില്‍ വളരുന്നു. ഒരു കൊല്ലമാണ് മുക്കുറ്റിയുടെ ആയുസ്സ്. 8 മുതല്‍ 15 സെ.മീ. വരെ സാധാരണ ഉയരമുള്ള മുക്കുറ്റിയുടെ കാണ്ഡം വൃത്തസ്തംഭമാണ്. കാണ്ഡത്തിന്റെ അഗ്രഭാഗത്തുനിന്നും നാനാഭാഗത്തേക്കും ഇലത്താങ്ങുകള്‍ ഭൂമിക്ക് സമാന്തരമായി വിരിഞ്ഞു നില്‍ക്കുന്നു. സംയുക്ത പത്രങ്ങളാണ് മുക്കുറ്റിക്കുള്ളത്. ഇലകളുടെ മുകള്‍ ഭാഗം കടും പച്ചയും അടിഭാഗം വിളറിയ പച്ചനിറവുമാണ്.
കാണ്ഡത്തിന്റെ മുകളറ്റത്തേക്കാണ് മഞ്ഞപ്പൂക്കള്‍ വഹിക്കുന്ന പൂന്തണ്ടുകള്‍ പത്ത് സെ.മീ വരെ നീളത്തില്‍ പൊങ്ങി നില്ക്കുക. അഞ്ചിതളുള്ള പൂക്കള്‍ക്ക് പത്ത് കേസരങ്ങളും അഞ്ചറയുള്ള അണ്ഡാശയവും ഉണ്ടാകും. വിത്തുകള്‍ മണ്ണില്‍ വീണ് തൊട്ടടുത്ത മഴക്കാലത്ത് മുളക്കുന്നു.
തൊട്ടാവാടിയുടെ അത്ര വേഗത്തിലില്ലങ്കിലും തൊടുമ്പോള്‍ ഇലകള്‍ വാടുന്ന സ്വഭാവം മുക്കുറ്റിക്കുമുണ്ട്. രാത്രിയില്‍ ഇവയുടെ ഇലകള്‍ കൂമ്പിയിരിക്കും. ഇലകളുടെ പീറ്റിയോളിന്റെ അടിഭാഗത്തുള്ള പള്‍വീനസ്(Pulvinus) എന്ന ഭാഗത്തിന്റെ സഹായത്തോടെയാണ് ഇത് സാധ്യമാകുന്നത്. അവിടെ ജലം നിറഞ്ഞിരിക്കുമ്പോള്‍ കോശങ്ങള്‍ക്ക് ദൃഢത കൂടുകയും ഇലകള്‍ ബലത്തോടെ നില്‍ക്കുകയും ചെയ്യുന്നു. ജലം മറ്റുഭാഗങ്ങളിലേക്ക് നീക്കി സസ്യം ഇലകള്‍ തളര്‍ത്തിയിടുകയും ചെയ്യുന്നു.
[തിരുത്തുക] ഔഷധഗുണങ്ങള്‍
സസ്യം പൂര്‍ണ്ണമായും ഔഷധനിര്‍മ്മാണത്തിനുപയോഗിക്കുന്നുണ്ട്. രുചിയില്‍ കയ്പുള്ള മുക്കുറ്റി ഉത്തേജഗുണമുള്ളതുമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ആയുര്‍വേദപ്രകാരം ഉഷ്ണവര്‍ധകവും ശ്ലേഷ്മവര്‍ധകവുമായ ഈ സസ്യം ത്രിദോഷങ്ങളില്‍ വാത, പിത്ത ദോഷങ്ങള്‍ക്ക് ഫലപ്രദമാണ്. പനി, ഹെമറേജ്, ചുമ, അതിസാരം, മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ തുടങ്ങി ഒട്ടനവധി രോഗങ്ങള്‍ക്ക് ഔഷധമായുപയോഗിക്കുന്നു. കൂടാതെ മുക്കുറ്റിക്ക് അണുനാശനസ്വഭാവവും(Antiseptic), രക്തപ്രവാഹം തടയാനുമുള്ള(Styptic) കഴിവുള്ളതിനാല്‍ അള്‍സറിനും, മുറിവുകള്‍ക്കും മരുന്നായി ഉപയോഗിക്കുന്നു.