വില്ല്യം ലോഗന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വില്ല്യം ലോഗന്‍
ബ്രിട്ടീഷ് ഭരണകാലത്ത് മലബാര്‍ ജില്ലയില്‍ ഭരണപരിഷ്ക്കാരവും കാര്‍ഷികനിയമസംവിധാനവും സമുദായമൈത്രിയും കൈവരുന്നതിന്‍ അത്യദ്ധ്വാനം ചെയ്ത പ്രഗല്‍ഭനായ ഭരണാധിപന്‍. മലബാറിന്റെ കളക്ടറായിരുന്നുകൊണ്ട് തദ്ദേശവാസികളുടെ പ്രശ്നങ്ങള്‍ പഠിക്കാനും അവയ്ക്ക് പരിഹാരം കാട്ടാനും വില്യം ലോഗന്‍ പ്രകടമാക്കിയ താല്‍പര്യം കേരളചരിത്രത്തില്‍ ആ ബ്രിട്ടീഷുകാരനു സവിശേഷമായൊരു സ്ഥാനം നേടികൊടുത്തു.
സ്കോട്ട്‌ലണ്ടിലെ വെര്‍വിക്ഷയറില്‍ ഒരു കര്‍ഷകകുടുംബത്തില്‍ 1841ല്‍ ജനിച്ചു. 1862 ല്‍ മദ്രാസ് സിവില്‍ സര്‍വീസില്‍ സേവനത്തിനായി അദ്ദേഹം ഇന്ത്യയില്‍ എത്തി. ആദ്യം ആര്‍ക്കാട് ജില്ലയില്‍ അസിസ്റ്റന്റ് കളക്ടറായും ജോയിന്റ് മജിസ്ട്രേറ്റായും പിന്നീട് വടക്കേ മലബാറില്‍ ആക്ടിങ്ങ് ഡിസ്ട്രിക്ക്റ്റ് ആന്റ് സെഷന്‍സ് ജഡ്ജിയായും നിയമിതനായി, മലബാറിന്റെ കളക്ടറായി നിയമിതനായതോടെയാണു (1875) ആ ഭൂപ്രദേശത്തിന്റെ ജനകീയ പ്രശ്നങ്ങളില്‍ വില്യം ലോഗന്‍ പ്രത്യേക താല്‍പര്യമെടുത്തു തുടങ്ങിയത്. ജന്മി-കുടിയാന്‍ ബന്ധങ്ങളെ കുറിച്ച് വിശദമായി പഠിച്ച് സുദീര്‍ഘമായൊരു റിപ്പോര്‍ട്ട് തയ്യാറാക്കി. സൈലന്റ് വാലി ഉല്‍പ്പെടെയുള്ള അട്ടപ്പാടി വനപ്രദേശം കൈവശപ്പെടുത്താന്‍ ചിലര്‍ നടത്തിയ ഗൂഢാലോചന തകര്‍ത്തതും ലോഗന്‍ തന്നെ. എന്നാല്‍ മലബാര്‍ മാനുവലിന്റെ രചനയാണ് വില്ല്യം ലോഗനെ അനശ്വരനാക്കിയത്. താന്‍ സ്നേഹിച്ചു പരിചരിച്ച ജില്ലയുടെ ചരിത്രവും ഭൂമിശാസ്ത്രവും പ്രശ്നങ്ങളും വികസന സാധ്യതയും എല്ലാം പഠിച്ചു വിശദമായി വിശകലനം ചെയ്യുന്ന ഈടുറ്റ ചരിത്രരേഖയാണത്. 1887-ല്‍ ഇന്ത്യ വിട്ടു. വീണ്ടും കുറേനാളുകള്‍ കൂടി ഇന്ത്യയില്‍ സേവനമനുഷ്ഠിച്ചശേഷം ഉദ്യോഗത്തില്‍ നിന്നു വിരമിച്ച് ഇംഗ്ലണ്ടിലേക്ക് മടങ്ങിയ വില്ല്യം ലോഗന്‍ 1914-ല്‍ അന്തരിച്ചു.