കാവാലം നാരായണപണിക്കര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിനു സ്വന്തമായി ഒരു നാടകസംസ്കാരം ആവശ്യമുണ്ടെന്നു വിശ്വസിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും വിജയിക്കുകയും ചെയ്ത നാടകാചാര്യനാണ് കാവാലം നാരായണപണിക്കര്‍. ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ചാലയില്‍ കുടുംബത്തിലാണ് കാവാലത്തിന്റെ ജനനം. അച്ഛന്‍ ഗോദവര്‍മ്മ, അമ്മ കുഞ്ഞുലക്ഷ്മി അമ്മ. സര്‍ദാര്‍ കെ.എം. പണിക്കര്‍ കാവാലത്തിന്റെ അമ്മാവനാണ്. അഭിഭാഷകവൃത്തിയായിരുന്നു കാവാലം തന്റെ കര്‍മ്മരംഗം ആയി ആദ്യം സ്വീകരിച്ചതെങ്കിലും പിന്നീട് വഴിമാറി നാടകത്തിലേക്കെത്തിച്ചേര്‍ന്നു.
യഥാര്‍ത്ഥ്യ(Realistic) നാടകങ്ങളുടെ ആധിക്യവും കൃത്രിമത്വവും, ക്രമേണ നാടോടിക്കലകളിലേക്കും, തനതുപാരമ്പര്യങ്ങളിലേക്കും തിരിയുക എന്ന സ്വാഭാവിക പരിണാമത്തിലാണ് കാവാലവും തന്റെ പ്രതിഭ തെളിയിച്ചത്. 1968-ല്‍ സി.എന്‍. ശ്രീകണ്ഠന്‍ നായര്‍ പ്രബന്ധരൂപേണ അവതരിപ്പിച്ച തനതു നാടക വേദി എന്ന ആശയത്തിന് ഒരു അവതരണ സമ്പ്രദായം എന്ന നിലയില്‍ ജീവന്‍ നല്‍കിയത് കാവാലമാണ്. നാടോടിക്കലകളുടെ സ്വീകാര്യമായ അംശങ്ങള്‍ സംയോജിപ്പിച്ച്, നൃത്തഗീതവാദ്യങ്ങളുടെ അകമ്പടിയോടുകൂടിയാണ് കാവാലം തന്റെ നാടകങ്ങള്‍ രൂപകല്‍പ്പന ചെയ്തത്. നിറപ്പൊലിമയോടുകൂടിയ രംഗചലനങ്ങളോടും താളാത്മകമായ ചുവടുവെപ്പുകളോടുംകൂടി പാരമ്പര്യ നാടകവേദികളില്‍ നിന്നും വ്യതിചലിച്ച് തുറസ്സായ സ്ഥലത്തുപോലും അവതരിപ്പിക്കപ്പെടുന്ന കാവാലത്തിന്റെ ശൈലി ഏറെ പ്രേക്ഷകരുടെ മനം കവരുന്നു.
കേരള സംഗീത നാടക അക്കാദമിയുടെ അദ്ധ്യക്ഷനായും സേവനമനുഷ്ടിച്ചിട്ടുള്ള കാവാലത്തിന്റെ പ്രധാന നാടകങ്ങള്‍, 'ദൈവത്താര്‍', 'അവനവന്‍ കടമ്പ', 'മധ്യമവ്യയോഗം', 'ഒറ്റയാന്‍','സാക്ഷി', 'ഭഗവദജ്ജുകം', 'തിരുവാഴിത്താന്‍' മുതലായവയാണ്.