കുമാരനാശാന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാളകവിതയുടെ കാല്‍പനിക വസന്തത്തിനു തുടക്കം കുറിച്ച, ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും മഹാനായ കവിയാണ് എന്‍. കുമാരനാശാന്‍. ആശാന്റെ കൃതികള്‍ കേരളീയ സാമൂഹിക ജീവിതത്തില്‍ വന്‍പിച്ച പരിവര്‍ത്തങ്ങള്‍ വരുത്തുവാന്‍ സഹായകമായി.
ഉള്ളടക്കം |
[തിരുത്തുക] ജനനം, ബാല്യം
1873 ഏപ്രില്‍ 12ന് ചിറയിന്‍കീഴ് താലൂക്കില്‍പെട്ട കായിക്കര ഗ്രാമത്തിലെ തൊമ്മന്‍വിളാകം വീട്ടിലാണ് അശാന്‍ ജനിച്ചത്. അച്ഛന്‍ നാരായണന്‍ പെരുങ്ങാടി മലയാളത്തിലും തമിഴിലും നിപുണനായിരുന്നു.കുമാരുവിന്റെ അച്ഛന്‍ ഈഴവസമുദായത്തിലെ ഒരു മാന്യവ്യക്തിയായിരുന്നു. പ്രധാന തൊഴില്‍ കച്ചവടമായിരുന്നെങ്കിലും അദ്ദേഹം നാട്ടുകാര്യങ്ങളിലും ശ്രദ്ധ പതിപ്പിച്ചിരുന്നു. അദ്ദേഹം മലയാളത്തില്‍ കീര്‍ത്തനങ്ങള്‍ രചിക്കുകയും അവ മനോഹരമായി ചൊല്ലുകയും ചെയ്യുമായിരുന്നു. അമ്മ കാളിയമ്മതികഞ്ഞൊരു ഈശ്വരഭക്തയായ കുടുംബിനിയായിരുന്നു.പുരാണേതിഹാസങ്ങളിലൊക്കെ അവര്‍ക്ക് തികഞ്ഞ അവബോധമുണ്ടായിരുന്നു. വല്ലാത്ത കുസൃതിയായിരുന്നു കുമാരു. കുമാരുവിനെ അടക്കി നിര്‍ത്താന്‍ അമ്മയുടെ പൊടിക്കൈയ്യായിരുന്നു പുരാണ കഥ പറയല്‍. അച്ഛന്‍ പാടുന്ന കീര്‍ത്തനങ്ങള്‍ കേട്ട് കുമാരു ലയിച്ചിരിക്കുമായിരുന്നു. അച്ഛനെഴുതുന്ന കവിതകള്‍ പോലെ താനും വലുതാകുമ്പോള്‍ എഴുതുമെന്ന് കൊച്ചു കുമാരു പറയുമായിരുന്നു.ഒന്‍പതു മക്കളുള്ള കുടുംബത്തിലെ രണ്ടാമത്തെ മകനായിരുന്നു കുമാരന്‍ ആശാന്‍. ആശാന് കഥകളിയിലും ശാസ്ത്രീയ സംഗീതത്തിലും ഉള്ള താല്പര്യം അഛനില്‍ നിന്നു ലഭിച്ചു.
[തിരുത്തുക] കൌമാരം
അന്നത്തെ പതിവനുസരിച്ച് 7 വയസ്സായപ്പോള്‍ കുമാരുവിനെ കുടിപ്പള്ളിക്കുടത്തില്‍ ചേര്‍ത്തു. പ്രഥമഗുരു തുണ്ടത്തില്‍ പെരുമാളാശാനായിരുന്നു. സമര്‍ത്ഥനായ കുമാരു വേഗം തന്നെ എഴുത്തും കണക്കും പഠിച്ചു. എട്ടുവയസ്സായപ്പോള്‍ സംസ്കൃതപഠനം ആരംഭിച്ചു. ഇതിനിടയില്‍ കുമാരുവിന്റെ അച്ഛന്റെയും മറ്റും പ്രയത്നത്താല്‍ അവിടെയൊരു പ്രൈമറി സ്കൂള്‍ സ്ഥാപിതമായി. തന്റെ പതിനൊന്നാമത്തെ വയസ്സില്‍ അവിടെ രണ്ടാം ക്ലാസ്സില്‍ ചേര്‍ന്നു. പതിനാലാമത്തെ വയസ്സില്‍ പ്രശസ്തമായ രീതിയില്‍ തന്നെ സ്കൂള്‍ പരീക്ഷ പാസ്സായി.
കുറച്ചു കാലം അതേ സ്കൂളില്‍ അദ്ധ്യാപകനായി ജോലിനോക്കി. സര്‍ക്കാര്‍ നിയമപ്രകാരം അത്ര ചെറുപ്രായത്തിലുള്ളവരെ അദ്ധ്യാപകരായി നിയമിക്കാന്‍ വകുപ്പില്ലായിരുന്നതിനാല്‍ ആ ജോലി സ്ഥിരപ്പെട്ടു കിട്ടിയില്ല. അദ്ധ്യാപകജോലി അവസാനിപ്പിച്ച് ചില സ്നേഹിതന്മാരോടൊപ്പം കൂടി സ്വയം ഇംഗ്ലീഷ് പഠിക്കാന്‍ ആരംഭിച്ചു. കുമാരു കിട്ടുന്ന പുസ്തകങ്ങളെല്ലാം ആര്‍ത്തിയോടെവായിച്ചു തീര്‍ക്കുമായിരുന്നു.
[തിരുത്തുക] യൌവ്വനം
കുമാരുവിനെ കൂടുതല്‍ പഠിപ്പിക്കണമെന്ന് അച്ഛന് ആഗ്രഹമുണ്ടായിരുന്നെങ്കിലും വല്യ തുക കൊടുത്ത് പഠിപ്പിക്കാന്‍ അന്നത്തെ സാമ്പത്തിക ചുറ്റുപാട് അനുവദിച്ചിരുന്നില്ല. വെറുതേയിരുത്തണ്ടന്ന് കരുതി അച്ഛന്‍ മകന് കൊച്ചാര്യന്‍ വൈദ്യന്‍ എന്നൊരാളിന്റെ കടയില്‍ കണക്കെഴുത്ത് ജോലി സംഘടിപ്പിച്ചുകൊടുത്തു.മുഷിഞ്ഞ ആ ജോലി ഉപേക്ഷിച്ച് കുമാരു വീട്ടില്‍ നിന്നിറങ്ങി പോയി വല്യച്ഛന്റെ വിട്ടില്‍ താമസിച്ചു. കണക്കെഴുത്ത് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന നേരത്ത് തന്നെ കുമാരു കവിതയെഴുതാന്‍ തുടങ്ങിയിരുന്നു. പരവൂരിലെ കേശവനാശാന്‍ പ്രസിദ്ധീകരിച്ചിരുന്ന “സുജനാനന്ദിനി” എന്ന മാസികയില്‍ കുമാരന്റെ രചനകള്‍ കുമാരു, എന്‍,കുമാരന്‍, കായിക്കര എന്‍ കുമാരന്‍ എന്നീ പേരുകളിലൊക്കെ പ്രസിദ്ധപ്പെട്ടു തുടങ്ങി.
തന്റെ കണക്കെഴുത്തുകാരന്റെ ജ്ഞാനതൃഷ്ണ മനസ്സിലാക്കിയിരുന്ന കൊച്ചാര്യന്‍ വൈദ്യന്‍ അവനെ തുടര്‍ന്ന് പഠിപ്പിക്കണമെന്ന് കുമാരുവിന്റെ അച്ഛനോട് നിര്‍ബന്ധമായി പറഞ്ഞു. മണമ്പൂര്‍ ഗോവിന്ദനാശാന്‍ എന്ന പ്രമുഖ പണ്ഡിതന്റെ “വിജ്ഞാനസന്ദായിനി” എന്ന പാഠശാലയില്‍ കുമാരുവിനെ കൊണ്ട് ചേര്‍ത്തു. പാട്ടുകളും ശ്ലോകങ്ങളും എഴുതുന്ന കാര്യത്തില്‍ അന്ന് കുമാരുവിനെ വെല്ലാന്‍ അവിടെയാരുമില്ലായിരുന്നു. അവിടെ പഠിച്ചിരുന്ന കാലത്ത് രചിച്ച കൃതികളാണ് “വള്ളീ വിവാഹം”, “അമ്മാനപ്പാട്ട്“, “ഉഷാകല്യാണം“ എന്നിവ. “സുബ്രഹ്മണ്യ ശതകം സ്തോത്രം” എന്നൊരു കൃതിയും ഇക്കാലത്ത് കുമാരു രചിച്ചു. കുമാരുവിന്റെ അച്ചടിച്ച ആദ്യത്തെ കൃതി അതാണെന്ന് പറയപ്പെടുന്നു. അതില്‍ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ഒരു പ്രശംസാപത്രവും ചേര്‍ത്തിരുന്നു.
[തിരുത്തുക] ശ്രീനാരായണഗുരുവുമായുള്ള കണ്ടുമുട്ടല്‍
ശ്രീനാരായണഗുരുവുമായി പരിചയപ്പെട്ടത് ആശാന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ഒരിക്കല്‍ കുമാരന്‍ സുഖമില്ലാതെ കിടന്ന അവസരത്തില്‍ അച്ഛന്‍ ശ്രീനാരായണഗുരുവിനെ അവരുടെ വീട്ടില്‍ വിളിച്ചു കൊണ്ടുവന്നു. പ്രഥമ വിക്ഷണത്തില്‍ തന്നെ ആ മഹായോഗിയും കുമാരുവും വ്യാഖ്യാനിക്കാന്‍ കഴിയാത്തൊരു ആത്മീയ ബന്ധത്താല്‍ ആകൃഷ്ടരായി. കുമാരുവിന്റെ സ്തോത്രകവിതകള്‍ ഗുരുവിനെ അത്യധികം ആകര്‍ഷിച്ചു. ശൃംഗാരകവിതകളുടെ രചനകളില്‍ ഇനി മുഴുകരുതെന്ന് ഗുരു കുമാരുവിനെ ഉപദേശിച്ചു. ജീവിതകാലം മുഴുവന്‍ നീണ്ടുനിന്നൊരു സുദൃഢമായ ബന്ധത്തിന്റെ തുടക്കമായിരുന്നു അത്.
ശ്രീനാരായണ ഗുരുവിന്റെ ആത്മീയ ചൈതന്യം കുമാരുവിനെ ക്രമേണെ യോഗിയും വേദാന്തിയുമാക്കി.ഉദ്ദേശം ഇരുപത് വയസ്സ് പ്രായമായപ്പോള്‍ കുമാരു വക്കം സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ചെന്ന് കൂടി അന്തേവാസിയായി മതഗ്രന്ഥപാരായണത്തിലും,യോഗാസനത്തിലും ധ്യാനത്തിലും മുഴുകി. അക്കാലത്ത് അദ്ദേഹം ക്ഷേത്രപരിസരത്ത് ഒരു സംസ്കൃതപാഠശാല ആരംഭിച്ചു. സംസ്കൃതം പഠിപ്പിച്ചു തുടങ്ങിയതോടെ നാട്ടുകാര്‍ അദ്ദേഹത്തെ “കുമാരനാശാന്‍“ എന്ന് വിളിച്ചു തുടങ്ങി. അല്പകാലം അവിടെ കഴിഞ്ഞ ശേഷം കുമാരനാശാന്‍ നാടുവിട്ടു ഏകനായി കുറ്റാലത്തെത്തി. അവിടെവച്ച് മലമ്പനി ബാധിച്ചു.ഈ യാത്രയുടെ അവസാനം അരുവിപ്പുറത്തായിരുന്നു. ഇക്കാലത്ത് ആശാന്‍ അശ്രമവാസികള്‍ക്ക് വേണ്ടി രചിച്ച കീര്‍ത്തനമാണ് “ശാങ്കരശതകം”.
[തിരുത്തുക] ഉപരിപഠനം
ശ്രീനാരായണഗുരുദേവന്‍ തന്നെ ശിഷ്യനെ ഉപരിപഠനത്തിനയക്കാന്‍ തീരുമാനിച്ചു. അതിനായി ബാംഗളൂരില്‍ ജോലി നോക്കിയിരുന്ന ഡോ. പല്പുവിനെ ചുമതലപ്പെടുത്തി. ഇരുപത്തിനാലാമത്തെ വയസ്സില്‍ ഉന്നത വിദ്യാഭ്യാസത്തിനായി ബാംഗ്ലൂര്‍ക്ക് പോയി (ശ്രീ ചാമരാജേന്ദ്ര സംസ്കൃത കോളെജ് - ഈ വിദ്യാലയം ഇപ്പോഴും ബാംഗ്‌ളൂരില്‍ ഉണ്ട്.)ന്യായശാസ്ത്രമായിരുന്നു ഐച്ഛിക വിഷയം. ശ്രീനാരായണഗുരുവുമൊന്നിച്ചാണ് ആശാന്‍ ബാംഗളുര്‍ എത്തിയത്.
ഡോ.പല്പുവിന്റെ കുടുംബാന്തരീക്ഷവും ബാംഗ്ലൂരിലെ ജീവിതവും ആശാന്റെ പ്രതിഭയെ കൂടുതല്‍ പ്രോജ്ജ്വലമാക്കിത്തിര്‍ക്കുന്നതില്‍ വലിയൊരു പങ്കുവഹിച്ചു. അക്കാലത്ത് ഡോ. പല്പു കുമാരനാശാനൊരു പേരുനല്‍കി - “ചിന്നസ്വാമി“. ന്യായവിദ്വാന്‍ എന്ന തര്‍ക്കശാസ്ത്രപരീക്ഷയില് ഉന്നത വിജയം കൈവരിച്ചു സ്കോളര്‍ഷിപ്പിനര്‍ഹനായി മൂന്നുവര്‍ഷത്തോളം അദ്ദേഹം ബാംഗളൂരില്‍ പഠിച്ചു.
[തിരുത്തുക] കല്‍ക്കത്തയില്‍
തുടര്‍ന്ന് ഡോ.പല്പുവിന്റെ പരിശ്രമഫലമായി ആശാന് 1898ല്‍ കല്‍ക്കത്തയിലെ സംസ്കൃത കോളേജില്‍ പ്രവേശനം ലഭിച്ചു. 25 മുതല്‍ 27 വയസ്സുവരെ കല്‍ക്കത്തയില്‍ അദ്ദേഹം പഠിച്ചു. ന്യായശാസ്ത്രം, ദര്‍ശനം, വ്യാകരണം, കാവ്യം എന്നിവയും അതിനു പുറമേ ഇംഗ്ലീഷും അദ്ദേഹം ഇക്കാലത്ത് അഭ്യസിച്ചു.ഡോക്ടര്‍ പല്‍പ്പുവാണ് ആശാന്റെ വിദ്യാഭ്യാസത്തിനു വേണ്ട സഹായങ്ങളെല്ലാം ചെയ്തത്.
കല്‍ക്കത്തയിലെ ജീവിതകാലം ഭൂരിഭാഗം പഠനത്തിനും ഗ്രന്ഥപാരായണത്തിനുമായി ആശാന്‍ ചിലവഴിച്ചു. മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെയും മറ്റും കൃതികള്‍ പുതിയൊരു ഓജസ്സുപരത്തുന്ന ബംഗാളി സാഹിത്യത്തിന്റെ നവോത്ഥാന കാലഘട്ടത്തിലായിരുന്നു ആശാന്‍ കല്‍ക്കത്തയിലെത്തിയത്. ഈ കാവ്യാന്തരീക്ഷവും പുതിയ ചിന്താഗതിയും ആശാനിലെ കവിയെ സ്വാധീനിച്ചിട്ടുണ്ടാകും.
[തിരുത്തുക] തിരികെ അരുവിപ്പുറത്തേക്ക്
ശ്രീനാരായണഗുരുദേവന്റെ ആജ്ഞാനുസാരം കല്‍ക്കത്തയിലെ വിദ്യാഭ്യാസം അവസാനിപ്പിച്ച് കുമാരനാശാന്‍ അരുവിപ്പുറത്ത് മടങ്ങിയെത്തി. അരുവിപ്പുറത്തെ താമസത്തിനിടയ്ക്ക് അദ്ദേഹം “മൃത്യുഞ്ജയം”, “വിചിത്രവിജയം” തുടങ്ങിയ നാടകങ്ങളും, “ശിവസ്തോത്രമാല” തുടങ്ങിയ കവിതകളും രചിച്ചു. നന്നായില്ലെന്ന കാരണത്താല്‍ “വിചിത്രവിജയം” പ്രസിദ്ധികരിച്ചില്ല.മുന്നുവര്‍ഷത്തോളം ആശാന്‍ അരുവിപ്പുറത്തെ ആശ്രമത്തില്‍ കഴിഞ്ഞു. അപ്പോഴേക്കും അദ്ദേഹത്തിന് 30 വയസ്സായിരുന്നു.
[തിരുത്തുക] എസ്.എന്‍.ഡീ.പി യോഗം സെക്രട്ടറി പദം
ഈ കാലഘട്ടത്തിലാണ് മറ്റൊരു സംഭവം നടന്നത്. ശ്രീനാരായണഗുരുവും ഡോ. പല്പുവും മുന്‍കൈയ്യെടുത്ത് 1903 ജൂണ്‍ 4ന് എസ്.എന്‍.ഡി.പി. യോഗം സ്ഥാപിതമായി. യോഗത്തിന്റെ സംഘടനാപരമായ ചുമതലകള്‍ അര്‍പ്പിക്കാന്‍ ശ്രീനാരായണഗുരു തിരഞ്ഞെടുത്തത് പ്രിയ ശിഷ്യനായ കുമാരനാശാനെ ആയിരുന്നു. അങ്ങനെ 1903ല്‍ കുമാരനാശാന്‍ ആദ്യ യോഗം സെക്രട്ടറിയായി. ഏതാണ്ട് 16 വര്‍ഷക്കാലം അദ്ദേഹം ആ ചുമതല വഹിച്ചു. 1904ല്‍ അദ്ദേഹം എസ്.എന്‍.ഡി.പി യോഗത്തിന്റെ മുഖപത്രമായി “വിവേകോദയം” മാസിക ആരംഭിച്ചു.
എസ്.എന്‍.ഡി.പി യോഗം സെക്രട്ടറി എന്ന നിലയ്ക്ക് കേരളത്തിലെ പിന്നോക്കസമുദായങ്ങളുടെ പുരോഗതിക്കുവേണ്ടി കുമാരനാശാന്‍ വഹിച്ച പങ്ക് നിസ്തുലമാണ്. സ്വപ്നജീവിയായ കവി അല്ലായിരുന്നു അദ്ദേഹം. സാമൂഹികയാഥാര്‍ത്ഥ്യങ്ങളുമായി നിരന്തരം ഇടപഴകിക്കൊണ്ടും അവയെ മാറ്റി തീര്‍ക്കാനുള്ള പരിശ്രമങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടുമാണ് അദ്ദേഹം ജീവിച്ചത്. ആശാന്റെ കവിതകള്‍ക്ക് അസാധാരണമായ ശക്തിവിശേഷം പ്രദാനം ചെയ്തത് ഈ സാമൂഹികബോധമാണ്.
[തിരുത്തുക] ആശാന്റെ രചനകള്‍
[തിരുത്തുക] വീണപൂവ്
1907 ഡിസംബറില്‍ ആണ് ആശാന്‍ വീണപൂവ് ‘മിതവാദി’ പത്രത്തില്‍ പ്രസിദ്ധീകരിച്ചത്. മലയാള കാവ്യാന്തരീക്ഷത്തില്‍ തികച്ചും നൂതനമായൊരു അനുഭവമായിരുന്നു വീണപൂവ് എന്ന ഖണ്ഡകാവ്യം.
ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ! നീ
ശ്രീഭൂവിലസ്ഥിര-അസംശയം-ഇന്നു ഞാന്‍ നിന്റെ-
യാഭൂതിയെങ്ങു പുനരിങ്ങു കിടപ്പിതോര്‍ത്താല്‍
എന്നാരംഭിക്കുന്ന വീണപൂവില്‍, പൂവിന്റെ ജനനം മുതല്‍ മരണം വരെയുള്ള അതീവസൂക്ഷ്മമായ ഘട്ടങ്ങള്‍ മനുഷ്യജീവിതത്തിന്റെ നൈമിഷികതയെ ഓര്‍മ്മിപ്പിച്ചുകൊണ്ട് കേവലം നാല്പത്തിയൊന്ന് ശ്ലോകങ്ങളിലൂടെ ഹൃദയസ്പര്‍ശിയാം വിധം ചിത്രീകരിച്ചിരിക്കുന്നു.
തുടര്‍ന്ന് അക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യമാസികയായ ഭാഷാപോഷിണിയിലും അത് പ്രസിദ്ധീകരിച്ചു. അതോടെ ശ്രദ്ധേയനായ കവി എന്ന നിലയ്ക്ക് ആശാന്റെ സ്ഥാനം ഉറച്ചു.വീണപൂവിന്റെ പ്രസിദ്ധീകരണത്തോടുകൂടി ലഭിച്ച അംഗീകാരം ആശാനിലെ കവിക്ക് കൂടുതല്‍ പ്രചോദനമരുളി. വീണപൂവിനെതുടര്‍ന്ന് രചിച്ച “തീയക്കുട്ടിയുടെ വിചാരം‘ അദ്ദേഹത്തിന്റെ സാമൂഹികബോധത്തിന്റെ പ്രതിഫലനമായിരുന്നു.
[തിരുത്തുക] നളിനി
അതിനുശേഷം അദ്ദേഹം രചിച്ച സുപ്രധാന ഖണ്ഡകാവ്യങ്ങളില്‍ ആദ്യത്തേത് “നളിനി അഥവാ ഒരു സ്നേഹം” ആയിരുന്നു. നളിനിയുടെയും ദിവാകരന്റെയും അസാധാരണമായ സ്നേഹബന്ധത്തിന്റെ കഥയായിരുന്നു നളിനി. “നളിനി”യിലെ നായികാ കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്ഥരായ രണ്ട് കഥാപാത്രങ്ങളെയാണ് അദ്ദേഹം “ലീല“ എന്ന ഖണ്ഡകാവ്യത്തില്‍ അവതരിപ്പിക്കുന്നത്. മരണത്തിനു പോലും വേര്‍പെടുത്താനാകാത്ത ദിവ്യപ്രണയമാണ് കവി ലീലയുടെയും മദനന്റെയും പ്രണയകഥയിലൂടെ വരച്ചുകാട്ടുന്നത്.
[തിരുത്തുക] ചണ്ഡാലഭിക്ഷുകിയും കരുണയും
ബുദ്ധമതസന്ദേശങ്ങള്‍ ആശാനെ വളരെയേറെ സ്വാധീനിച്ചു. അതിലെ പല ഉജ്ജ്വലാശയങ്ങളും ഹിന്ദുമതത്തിലെ അനാചാരങ്ങള്‍ തുടച്ചുനീക്കാന്‍ പ്രയോജനപ്പെട്ടേക്കുമെന്ന വിശ്വാസം കൊണ്ടാകണം “ചണ്ഡാലഭിക്ഷുകി“, “കരുണ“, എന്നീ കാവ്യങ്ങള്‍ക്ക് ബുദ്ധമതവുമായി ബന്ധപ്പെട്ട ഇതിവൃത്തങ്ങള്‍ സ്വീകരിക്കാന്‍ ആശാനെ പ്രേരിപ്പിച്ചത്. ജാത്യാചാരങ്ങളുടെ അര്‍ത്ഥശൂന്യത വെളിവാക്കാനാണ് ചണ്ഡാലഭിക്ഷുകിയിലൂടെ അദ്ദേഹം ശ്രമിക്കുന്നത്.
[തിരുത്തുക] ദുരവസ്ഥ
വര്‍ഷങ്ങളായി സമൂഹത്തില്‍ നിലനിന്നുപോന്ന അനാചാരങ്ങള്‍ സൃഷ്ടിച്ച ദുരവസ്ഥയാണ് “ദുരവസ്ഥ“ എന്ന കൃതിയിലെ സാവിത്രി എന്ന അന്തര്‍ജ്ജനത്തിന്റെ കഥയിലൂടെ അദ്ദേഹം വരച്ചുകാട്ടുന്നത്. അതി ശക്തമായ സാമൂഹികവിമര്‍ശനം ആ കൃതിയിലുടനീളം കാണാം. ആശാനെഴുതിയ കാവ്യങ്ങളില്‍ ഏറ്റവും ദീര്‍ഘമായത് ദുരവസ്ഥയാണ്.
വാസവദത്ത എന്ന വേശ്യാസ്ത്രീയ്ക്ക് ഉപഗുപ്തന്‍ എന്ന ബുദ്ധശിഷ്യനില്‍ ജനിക്കുന്ന അനുരാഗത്തിന്റെ കഥ പറയുന്ന കരുണ വഞ്ചിപ്പാട്ട് വൃത്തത്തിലെഴുതപ്പെട്ടിട്ടുള്ള ഒരു ഖണ്ഡകാവ്യമാണ്. ഉപഗുപ്തനെ പലവട്ടം ആളയച്ചു ക്ഷണിക്കുമ്പോഴൊക്കെ “സമയമായില്ല” എന്ന മറുപടിയാണ് വാസവദത്തയ്ക്ക് ലഭിച്ചിരുന്നത്. ഒടുവില്‍ ഒരു ക്രൂരകൃത്യത്തിന് ശിക്ഷിക്കപ്പെട്ട് കൈയ്യും കാലും ഛേദിച്ചനിലയില്‍ ശ്മശാനത്തില്‍ തള്ളപ്പെടുന്ന വാസവദത്തയെ ഉപഗുപ്തന്‍ സന്ദര്‍ശിച്ച് അവള്‍ക്ക് ബുദ്ധമത തത്വങ്ങള്‍ ഉപദേശിച്ചുകൊടുക്കുന്നു. അത് കേട്ട് മനം മാറി ആത്മശാന്തിയോടെ വാസവദത്ത മരിക്കുന്ന കഥ ആരുടെ ഹൃദയത്തിലും തങ്ങി നില്‍ക്കും.
[തിരുത്തുക] പ്രരോദനം
ആശാന്റെ ഖണ്ഡകാവ്യങ്ങളില്‍ ഏറ്റവും പ്രൌഡഗംഭീരമെന്ന് പറയാന്‍ കഴിയുന്നത് “പ്രരോദനം“ ആണ്. ആത്മമിത്രവും ഗുരുതുല്യനുമായിരുന്ന എ.ആര്‍. രാജരാജവര്‍മ്മയുടെ നിര്യാണത്തെത്തുടര്‍ന്ന് ആശാന്‍ രചിച്ച വിലാപകാവ്യമാണത്. ആശാന്റെ തത്വചിന്താപരമായ വീക്ഷണങ്ങള്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് ഈ കൃതിയിലാണ്.
[തിരുത്തുക] മറ്റു കൃതികള്‍
കവിതാരചനയെക്കുറിച്ചുള്ള തന്റെ ഉള്‍ക്കാഴ്ച്ചകള്‍ അദ്ദേഹം “കാവ്യകല” അഥവാ “ഏഴാം ഇന്ദ്രിയം” എന്ന പേരുള്ള കവിതയില്‍ ആശാന്‍ വ്യക്തമാക്കി.ഒട്ടനവധി സ്തോത്രകൃതികളും ഭാവഗീതങ്ങളും ലഘുകവിതകളും അദ്ദേഹം രചിച്ചിട്ടുണ്ട്. ആശാന്റെ ഭാവഗീതങ്ങളും ലഘുകവിതകളും മണിമാല, വനമാല, പുഷ്പവാടി തുടങ്ങിയ സമാഹാരങ്ങളില്‍ അദ്ദേഹം ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇവയ്ക്കു പുറമേ ബുദ്ധചരിതം, സൌന്ദര്യലഹരി, ബാലരാമായണം തുടങ്ങി പ്രമുഖമായ ചില വിവര്‍ത്തനങ്ങളും അദ്ദേഹത്തിന്റേതായി ഉണ്ട്.
[തിരുത്തുക] സമുദായോന്നമനം
1923 ല്‍ കുമാരനാശാന്‍ മിതവാദി പത്രാധിപര്‍ സി. കൃഷ്ണന്റെ പേര്‍ക്കയച്ച ദീര്‍ഘമായ ഒരു കത്ത് പത്തുകൊല്ലത്തിനുശേഷം 'മതപരിവര്‍ത്തനരസവാദം' എന്ന പേരില്‍ മൂര്‍ക്കോത്തു കുമാരന്‍ പ്രസിദ്ധപ്പെടുത്തി. തിയ്യ സമുദായത്തിന്റെ ഉന്നമനത്തിനായുള്ള ശരിയായ മാര്‍ഗ്ഗം മതപരിവര്‍ത്തനമാണ് എന്നു വാദിച്ചുകൊണ്ട് സി.കൃഷ്ണന്‍ തന്നെയെഴുതിയ ലേഖനത്തിനുള്ള ചുട്ട മറുപടിയാണ് ആ കത്ത്.
അനാചാരങ്ങളെ പരാമര്‍ശിച്ചുകൊണ്ട് ആശാന്‍ പറയുന്നു -
"ഞാനും നിങ്ങളും ശ്രീനാരായണ ഗുരുസ്വാമിയും തീയ്യ സമുദായത്തിലെ അംഗങ്ങളാണ് , ഞങ്ങളാരും കുരുതി കഴിക്കാനും പൂരം തുളളാനും പോകാറില്ല. നമ്മളെപ്പോലെ അനേകായിരം ആളുകള്‍ വേറെയും ഉണ്ട്. അവരും അതിനു പോകാറില്ല..... ഒരേ മതം അനുഷ്‌ടിക്കുന്ന ആളുകള്‍ അസംഖ്യങ്ങളായിരിക്കും., അവരുടെയെല്ലാം നടപടികള്‍ ഒന്നു പോലെ ഇരുന്നുവെന്ന് ഒരിടത്തും വരുന്നതല്ല. അതിന് സമുദായ സ്ഥിരതയെയല്ലാതെ മതത്തെ കുറ്റം പറയുന്നതു ശരിയുമല്ല. അങ്ങനെയുളള കുറ്റങ്ങളെ തിരുത്തേണ്ടതു സമുദായനേതാക്കളുടെ ജോലിയുമാകുന്നു."
1922-ല്‍ മദ്രാസ് സര്‍വകലാശാലയില്‍ വച്ച് അന്നത്തെ വെയില്‍സ് രാജകുമാരന്‍ ആശാന് മഹാകവി സ്ഥാനവും പട്ടും വളയും സമ്മാനിച്ചു.
[തിരുത്തുക] മരണം
“അന്തമില്ലാത്തൊരാഴത്തിലേക്കിതാ,
“ഹന്ത താഴുന്നു, താഴുന്നു ഞാനഹോ.” -ദുരവസ്ഥ
എന്ന തന്‍റെ കവിതാശകലം അന്വര്ത്ഥമാക്കിക്കൊണ്ട് ആശാന്‍ 1924ല്‍ പല്ലനയാറ്റിലുണ്ടായ ബോട്ടപകടത്തില്‍ അന്‍പതാമത്തെ വയസ്സില്‍ മരിച്ചു.
[തിരുത്തുക] അവലംബം
1. മഹചരിതമാല, കറന്റ് ബുക്സ്, തൃശൂര്‍.
2. ആശാന്റെ പദ്യകൃതികള്‍, ഡി.സി. ബുക്സ്, കോട്ടയം
3. ശിവഗിരി മാസിക.
4. വിക്കിപീഡിയ ഇംഗ്ലീഷ് വെബ്സൈറ്റ്.