ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെമ്പൈ വൈദ്യനാഥ അയ്യര്‍ കര്‍ണാടക സംഗീതത്തിലെ സുവര്‍ണകാലഘട്ടത്തിലെ തലയെടുപ്പുള്ള സംഗീതാചാര്യനായിരുന്നു. ആരിയക്കുടി രാമനുജ അയ്യങ്കാര്‍ , മഹാരാജപുരം വിശ്വനാഥ അയ്യര്‍ , ചെമ്പൈ എന്നിവരെ കര്‍ണാടക സംഗീതത്തിലെ അഭിനവ തൃമൂര്‍ത്തികളായി വിശേഷിപ്പിച്ചു പോരുന്നു. ശക്തവും ഉന്മേഷവും നൂറുശതമാനം ശ്രുതിബദ്ധവുമായ ശബ്ദത്തിനുടമയായിരുന്നു അദ്ദേഹം. ശാസ്ത്രീയ സംഗീതത്തിലെ അഗാധ പാണ്ഡിത്യം, അദ്വിതീയമായ സ്വരശുദ്ധി, അചഞ്ചലമായ ശ്രുതിബദ്ധത, മധുരമായ ഉയര്‍ന്ന ആവൃത്തിയിലുള്ള ശബ്ദം എന്നിങ്ങനെ ചെമ്പൈയുടേതായ പ്രത്യേകതകള്‍ ധാരാളം. 70 വര്‍ഷത്തെ സംഗീത തപസ്യയിലൂടെ കര്‍ണാടക സംഗീതത്തെ പ്രശസ്തിയിലൂടെ നടത്താനും, രസികപ്രിയരില്‍ ആനന്ദത്തിന്റെ ശ്രുതിപഴ പെയ്യിക്കാനും, ശിഷ്യഗണങ്ങളെ അറിവും വാത്സല്യവും കൊടുത്തു വളര്‍ത്താനും ഒപ്പം വിനയാന്വിതമായ വ്യക്തി ജീവിതം നയിക്കാനും ഒക്കെ ഒരേ സമയം കഴിഞ്ഞിരുന്നു ചെമ്പൈക്ക്. ത്യാഗരാജ സ്വാമികളുടെ സമകാലീനനായിരുന്ന ചക്ര താനം സുബ്ബ അയ്യര്‍ , ചെമ്പൈയുടെ മുതു മുത്തശ്ചനായിരുന്നു. സംഗീതപാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച് ആത്മീയതയിലൂന്നിയ ജീവിതം നയിച്ച് ചെമ്പൈ ഗുരുവായൂരപ്പനെ തന്റെ എല്ലാ ഉയര്‍ച്ചയ്ക്കും കാരണമായി കരുതിയിരുന്നു.
ഭാഗവതര്‍ എന്ന നിലയില്‍ നൈമിഷികമായി മനോധര്‍മ്മംപ്രദര്‍ശിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് സുവിദിദം ആണ്. ഏതു സ്വരത്തില്‍ നിന്നും കീര്‍ത്തനത്തിന്റെ ഏതു വരിയില്‍ നിന്നും യഥേഷ്ടം നിരവലോ, സ്വരപ്രസ്താരമോ തുടങ്ങാനും അദ്ഭുതകരമായ വിധത്തില്‍ താളാനുസൃതമായി പാടാനും നിസ്സാരമായി കഴിഞ്ഞിരുന്നു. അക്ഷീണം പാടുമ്പോഴും ഫലിതബോധം കൈവിടാതുള്ള കമന്റുകള്‍ , രാഗ വിസ്താര മധ്യേ പൊടുന്നനെ നാസിക പ്രയോഗങ്ങളിലൂടെയുള്ള രാഗ സഞ്ചാരം എന്നിവയൊക്കെ അനേകായിരം രസികരെ അദ്ദേഹത്തിന്റെ ആരാധകരാക്കി മാറ്റി. എല്ലാത്തിനും ഉപരി, ജാതി മത ചിന്തയ്ക്കുമതീതമായി ചിന്തിക്കുകയും നാനാ ജാതി മതസ്ഥരെ ശിഷ്യരായി സ്വീകരിക്കുകയും ചെയ്യുക വഴി താന്‍ ജീവിച്ച കാലത്തിനുമപ്പുറം ചിന്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. പില്‍ക്കാലത്ത് അതി പ്രശസ്തരായ കെ.ജെ.യേശുദാസ്, ജയവിജയന്മാര്‍ എന്നിവരൊക്കെ അദ്ദേഹത്തിന്റെ ശിഷ്യഗണത്തില്‍ പെടുന്നു.
ധാരാളം ബഹുമതികള്‍ ചെമ്പൈക്കു ലഭിച്ചിട്ടുണ്ട്. 1951-ലെ “സംഗീത കലാനിധി“ പദവി, കേന്ദ്ര നാടക അക്കാഡമി അവാര്‍ഡ്, രാഷ്ട്രപതിയുടെ പദ്മഭൂഷണ്‍ അവാര്‍ഡ്, ഗാനഗന്ധര്‍വ പദവി എന്നിവ അതില്‍ ചിലതു മാത്രം. കൊച്ചി, മൈസൂര്‍ , ബറോഡ, വിജയനഗരം, ബോബ്ബിലി, ജെയ്‌പൂര്‍ എന്നിവിടങ്ങളിലെ രാജാക്കന്മാരും പല അംഗീകാരങ്ങളും നല്‍കി ആദരിച്ചിട്ടുണ്ട്.
1974, ഒക്‍ടോബര്‍ 16-നു നിര്യാതനായി. ഇന്നും ചെമ്പൈ സംഗീതോത്സവങ്ങളിലൂടെയും മറ്റും സംഗീതോപാസകര്‍ അദ്ദേഹത്തിന്റെ ഓര്‍മ്മ പുതുക്കുന്നു.