പാലക്കാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


പാലക്കാട് ജില്ലയുടെ തലസ്ഥാനം.

[തിരുത്തുക] സ്ഥലനാമപുരാണം

പാല മരങ്ങള്‍ വളര്‍ന്നു നിന്നിരുന്ന കാട്‌ പാലക്കാടായെന്ന്‌ ഒരു മതം.പാലി ഭാഷ (ജൈനന്മാരുടെ ഭാഷ) സംസാരിയ്ക്കുന്നവര്‍ വസിക്കുന്നിടം പാലീഘട്ടും പിന്നീട്‌ പാലക്കാടും ആയെന്ന്‌ വേറെ ഒരു മതം(നഗരത്തില്‍ നിന്നും മൂന്ന് കിലോമെറ്റര്‍ ദൂരെ ഉള്ള ജൈനിമേട്‌ പണ്ട്‌ ജൈനവിഹാരമായിരുന്നു).


[തിരുത്തുക] ചരിത്രം

എ.ഡി.ഒന്നാം നൂറ്റാണ്ട്‌ മുതല്‍ വളരെയേറെ വര്‍ഷങ്ങള്‍ ചേരമാന്‍ പെരുമാക്കന്മാര്‍ പാലക്കാട്‌ ഭരിച്ചതായി ചരിത്രം പറയുന്നു. അവര്‍ക്ക്‌ ശേഷം അവരുടെ ഉടയോന്മാര്‍ രാജ്യത്തെ പല ചെറു നാട്ടുരാജ്യങ്ങളാക്കി ഭരിച്ചു പോന്നു.പിന്നീട്‌ കാഞ്ചിയിലെ പല്ലവര്‍ മലബാര്‍ ആക്രമിച്ച്‌ കീഴടക്കിയപ്പോള്‍ പാലക്കാട്‌ ആയിരുന്നു അവരുടെ പ്രധാന ഇടത്താവളം.(പല്ലാവൂര്‍,പല്ലശ്ശേന,പല്ലവഞ്ചാത്തന്നൂര്‍ എന്നീ സ്ഥലനാമങ്ങള്‍ ഈ പല്ലവ അധിനിവേശത്തിന്‌ അടിവരയിടുന്നു). ശ്രീ. വില്യം ലോഗന്‍ തന്റെ മലബാര്‍ മാന്യുവലില്‍ ഇക്കാര്യം പരാമര്‍ശിയ്ക്കുന്നുണ്ട്‌

ഒന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ നെടുമ്പുരയൂര്‍ നാടുടയവര്‍ എന്ന രാജാവ്‌,രാജ്യം ആക്രമിയ്ക്കാന്‍ വന്ന കൊങ്ങുനാട്‌ രാജാവിനെ ചിറ്റൂര്‍ വെച്ച്‌ യുദ്ധത്തില്‍ തോല്‍പ്പിച്ചു. ആ വിജയത്തിന്റെ ഓര്‍മ്മ പുതുക്കാനായി ഇപ്പോഴും ചിറ്റൂരില്‍ കൊങ്ങന്‍ പട എന്ന ഉത്സവം വര്‍ഷംതോറും കൊണ്ടാടുന്നു.

നെടുമ്പുരയൂര്‍ കുടുംബം പിന്നീട്‌ തരൂര്‍ രാജവംശം എന്നും പാലക്കാട്‌ രാജസ്വരൂപം എന്നും അറിയപ്പെട്ടു.

1757ഇല്‍ സമൂതിരി,പാലക്കാട്‌ ആക്രമിച്ച്‌ കീഴ്‌പ്പെടുത്തി.സമൂതിരിയുടെ മേല്‍ക്കൊയ്മയില്‍ നിന്നും രക്ഷനേടാന്‍ പാലക്കാട്‌ രാജാവ്‌ മൈസൂരിലെ ഹൈദരലിയുടെ സഹായം തേടി. ഹൈദരലി സാമൂതിരിയെ യുദ്ധത്തില്‍ തോല്‍പ്പിച്ച്‌ പാലക്കാട്‌ തന്റെ കീഴിലാക്കി. പിന്നീട്‌ ഹൈദരലിയുടെ പുത്രനായ ടിപ്പു സുല്‍ത്താനായി പാലക്കാടിന്റെ ഭരണാധികാരി. ചരിത്രപ്രസിദ്ധമായ പാലക്കാട്‌ കോട്ട,ടിപ്പു സുല്‍ത്താന്‍ നിര്‍മ്മിച്ചതാണ്‌.

പക്ഷെ,പിന്നീട്‌ ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുമായുള്ള ഉടമ്പടി പ്രകാരം,ടിപ്പു സുല്‍ത്താന്‍ തന്റെ അധീനതയിലുണ്ടായിരുന്ന മലബാര്‍ പ്രവശ്യകള്‍ ബ്രിട്ടീഷുകാര്‍ക്ക്‌ കൈമാറി.പിന്നീട്‌ ബ്രിട്ടീഷുകാര്‍ മലബാര്‍ ജില്ല രൂപീകരിക്കുകയും മദ്രാസ്‌ പ്രസിഡന്‍സിയോട്‌ ചേര്‍ക്കുകയും ചെയ്തു.കോയമ്പത്തൂരും,പൊന്നാനിയും ഒക്കെ മലബാര്‍ ജില്ലയുടെ ഭാഗങ്ങളായിരുന്നു. സ്വാതന്ത്ര്യലബ്‌ധിയോടെ കോയമ്പത്തൂര്‍ തമിഴ്‌നാട്ടിലേക്കും,പിന്നീട്‌ മലപ്പുറം ജില്ല വന്നപ്പോള്‍ പൊന്നാനിയും മറ്റു ഭാഗങ്ങളും മലപ്പുറം ജില്ലയിലേയ്ക്കും പോയി.

[തിരുത്തുക] ഭാഷ

പാലക്കാടന്‍ ഭാഷ, സങ്കര ഭാഷയാണ്‌. തനിതമിഴ്‌ സംസാരിക്കുന്ന അതിര്‍ത്തി പ്രദേശങ്ങളും,മയിലാപ്പൂര്‍ തമിഴ്‌ സംസാരിക്കുന്ന അഗ്രഹാരങ്ങളും,ശുദ്ധമലയാളം സംസാരിക്കുന്ന വള്ളുവനാടന്‍ ഗ്രാമങ്ങളും,അത്രയ്ക്ക്‌ ശുദ്ധമല്ലാത്ത മലയാളം സംസാരിക്കുന്ന, പാലക്കാട്‌,മണ്ണാര്‍ക്കാട്‌,ആലത്തൂര്‍,ചിറ്റൂര്‍,കൊല്ലംകോട്‌ താലൂക്കുകളും അടങ്ങിയ ഒരു സങ്കരഭാഷാ സംസ്കാരമാണ്‌ പാലക്കാടിന്റേത്‌


ഇതര ഭാഷകളില്‍