സുനാമി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വന്‍തോതില്‍ ജലത്തിനു് സ്ഥാനചലനം സംഭവിക്കുമ്പോള്‍ ഉടലെടുക്കുന്ന ഭീമാകാരമായ തിരകളെയാണു് സുനാമി എന്നു വിളിയ്ക്കുന്നതു്. ഭൂമികുലുക്കം, വന്‍തോതിലുള്ള സമുദ്രാന്തര്‍ ചലനങ്ങള്‍, അഗ്നിപര്‍വ്വതസ്ഫോടനം, മറ്റുസമുദ്രാന്തരസ്ഫോടനങ്ങള്‍ തുടങ്ങിയവ ഒരു സുനാമി സൃഷ്ടിക്കാന്‍ കഴിവുള്ള കാരണങ്ങളാണു്. സുനാമികള്‍ തിരിച്ചറിയപ്പെടാത്തത്ര ചെറുതും, അങ്ങേയറ്റം നാശനഷ്ടങ്ങള്‍ ഉണ്ടാക്കാവുന്നത്ര വലുതും ആകാം.
സുനാമി എന്ന വാക്കു്, ജപ്പാന്‍ ഭാഷയില്‍ നിന്നും ഉടലെടുത്തതാണു്. ജപ്പാന്‍ ഭാഷയിലെ "സു" എന്നും ("tsu" = തുറമുഖം) "നാമി" എന്നും ("nami" = തിര) രണ്ടു വാക്കുകള്‍ കൂടിച്ചേര്‍ന്നതാണു് സുനാമി.
ഉള്‍ക്കടലില്‍ ഒരു സുനാമിയുടെ തരംഗദൈര്‍ഘ്യം നൂറുകണക്കിനു കിലോമീറ്ററുകള്‍ വരും, പക്ഷേ ഉയരം തുലോം തുച്ഛവുമായിരിക്കും. അതിനാല്‍ തന്നെ ഒരു സുനാമി കടന്നുപോകുന്നതു് ഉള്‍ക്കടലില്‍ പെട്ടെന്നറിയുകയില്ല. ചെറിയൊരു ഉയര്‍ച്ചയും താഴ്ചയും കടന്നുപോയതായി മാത്രമേ മനസ്സിലാക്കാന്‍ സാധിക്കൂ. എന്നാല്‍ കരയോടടുക്കുന്തോറും തരംഗദൈര്‍ഘ്യം കുറയുകയും ഉയരം ഭയാനകമാംവിധം കൂടുകയും ചെയ്യുന്നു.
ഉള്ളടക്കം |
[തിരുത്തുക] കാരണങ്ങള്‍
സമുദ്രത്തിന്റെ അടിത്തട്ടു് പൊടുന്നനെ ചലിയ്ക്കുകയും സമുദ്രജലത്തെ ലംബമായി തള്ളുകയോ വലിയ്ക്കുകയോ ചെയ്യുമ്പോള്‍ സുനാമിത്തിരകള്‍ ഉണ്ടാകുന്നു. ഭൂമിയുടെ അടിയിലുള്ള ഫലകങ്ങളുടെ അതിര്‍ത്തികളിലാണു് ഇത്തരം ലംബദിശയിലുള്ള വന്‍ചലനങ്ങള്‍ നടക്കുക. ഇത്തരം ഫലകങ്ങള്‍ തമ്മില്‍ ഉരസി ഉണ്ടാകുന്ന ഭൂചലനങ്ങള്‍ സുനാമിയുണ്ടാക്കാന്‍ പര്യാപ്തമാണു്. സമുദ്രാന്തര്‍ഭാഗങ്ങളിലുണ്ടാവുന്ന മണ്ണിടിച്ചിലും അഗ്നിപര്‍വ്വതശേഷിപ്പുകളുടെ പതനവും എല്ലാം അതിനു് മുകളിലുള്ള ജലഖണ്ഡത്തെ വന്‍തോതില്‍ ഇളക്കാന്‍ പര്യാപ്തമാവും. അതുപോലെ സമുദ്രത്തിനടിയില്‍ ഒരു വലിയ അഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കുന്നതുമൂലവും സുനാമിയുണ്ടാവാം.
ഉയര്‍ത്തപ്പെട്ട ജലം ഭൂഗുരുത്വാകര്‍ഷണബലം മൂലം താഴുമ്പോള്‍ തിരകള്‍ രൂപപ്പെടുന്നു. ഈ തിരകള്‍ സമുദ്രത്തിലൂടെ, (കുളത്തില്‍ കല്ലു വീണാലെന്ന പോലെ) ചുറ്റുപാടും സഞ്ചരിക്കുന്നു.
[തിരുത്തുക] സവിശേഷതകള്‍
സുനാമിയെ, ഒരു ഭീമാകാരമായ തിര എന്നു പറയാന്‍ പറ്റില്ല. പകരം ചേരുന്ന വിശേഷണം, പിന്നാലെ പിന്നാലെയെത്തുന്ന ധൃതിപിടിച്ച വേലിയേറ്റം, എന്നാണു്. ഈ ഏറ്റം എല്ലാ പ്രതിബന്ധങ്ങളേയും തട്ടിമാറ്റി കരയിലേയ്ക്കു് കുതിച്ചു കേറും. ആദ്യത്തെ കയറ്റത്തിനു പിന്നാലെ വരുന്ന അളവില്ലാത്തത്ര വെള്ളമാണു് എല്ലാ നാശനഷ്ടങ്ങളും വരുത്തിവയ്ക്കുന്നതു്. കടലില്‍ ജലനിരപ്പു് ഉയര്‍ന്നുകൊണ്ടേയിരിയ്ക്കും, അതു് കരയിലേയ്ക്കു് അതിവേഗത്തില്‍ ഒഴുകികയറുകയും ചെയ്യും. വെള്ളത്തിന്റെ അതിശക്തമായ തള്ളലില്‍ കെട്ടിടങ്ങളടക്കം മുന്നില്‍പെടുന്ന എന്തും തകര്‍ന്നു തരിപ്പണമാകും. കപ്പലുകളെയെല്ലാം എടുത്തു് കരയിലതിദൂരം ഉള്ളിലേയ്ക്കു് കൊണ്ടുപോകും.
മറ്റുതിരകളെയപേക്ഷിച്ചു് സുനാമി വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നു. അളവറ്റ ഊര്‍ജ്ജം, അതിവേഗതയില്‍ സമുദ്രങ്ങള്‍ താണ്ടി, ഒട്ടും ഊര്‍ജ്ജനഷ്ടമില്ലാതെ സഞ്ചരിക്കുന്ന ഒരു പ്രതിഭാസമാണിതു്. ഉത്ഭവകേന്ദ്രത്തില്‍ നിന്നും ആയിരക്കണക്കിനു് കിലോമീറ്ററുകള്‍ അകലെ പോലും എത്തി വന്‍നാശനഷ്ടങ്ങള്‍ വിതയ്ക്കാന്‍ ശേഷിയുള്ള സുനാമി, മിക്കപ്പോഴും മണിക്കൂറുകള്‍ കഴിഞ്ഞായിരിക്കും അതിന്റെ ലക്ഷ്യത്തിലെത്തിയിട്ടുണ്ടാവുക.
ഒരു സുനാമിയില്‍ വ്യത്യസ്ത ഉയരങ്ങളിലുള്ള നിരവധി ഓളങ്ങളുണ്ടാകും. ഒരു തീവണ്ടിപോലെയാണു് ഇവ സഞ്ചരിയ്ക്കുക. ഉള്‍ക്കടലില്‍ വളരെ നീണ്ട കാലവും (ഒരു ഓളത്തലപ്പു് കടന്നുപോയതിനു ശേഷം അടുത്ത ഓളത്തലപ്പു് എത്തുന്നതിനുള്ള സമയം, ഇതു് മിനിട്ടുകള്‍ തൊട്ടു് മണിക്കൂറുകള്‍ വരെ ആവാം), വളരെ നീണ്ട തരംഗദര്‍ഘ്യവും (കിലോമീറ്ററുകളോളം) സുനാമിയ്ക്കുണ്ടാകും. സാധാരണ കാറ്റുമൂലമുണ്ടാകുന്ന തിരകളില്‍ നിന്നുള്ള പ്രധാനവ്യത്യാസമിതാണു്.
ഒരു സുനാമിത്തിരയുടെ ഉയരം ഉള്‍ക്കടലില്‍ സാധാരണഗതിയില്‍ ഒരു മീറ്ററില്‍ താഴെയായിരിയ്ക്കും. അതിനാല്‍ തന്നെ കപ്പലുകളില്‍ യാത്ര ചെയ്യുന്നവര്‍ സുനാമി കടന്നുപോകുന്നതു് അറിയുകയില്ല. സുനാമിയുടെ ഏകദേശവേഗത മണിക്കൂറില്‍ അഞ്ഞൂറു് മൈല്‍ വരും. കരയോടടുക്കുന്തോറും കടലിന്റെ ആഴം കുറയുകയും, അതിനാല്‍ സുനാമിയുടെ വേഗത ഗണ്യമായി കുറയുകയും ചെയ്യും. അപ്രകാരം വേഗവും തരംഗദൈര്‍ഘ്യവും കുറയുന്നതോടെ, തിരകളുടെ നീളം കുറുകി ഉയരം കൂടാന്‍ തുടങ്ങുന്നു.