ചാലിയാര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചാലിയാര്‍ (ബേപ്പൂര്‍) | |
---|---|
|
|
ഉത്ഭവം | ഇളമ്പാരി |
നദീമുഖം | അറബിക്കടല്‍ |
നദീതട രാജ്യം/ങ്ങള്‍ | ഇന്ത്യ |
നീളം | 169 കി.മി (106 മൈല്‍) |
ഉത്ഭവ സ്ഥാനത്തെ ഉയരം | 2,066 മീറ്റര്‍ |
ശരാശരി ഒഴുക്ക് | 187 m³/s |
നദീതട വിസ്തീര്‍ണം | 2,923 ച.കി.മി; (1,142 ചതുരശ്ര മൈല്‍;) |
കേരളത്തിലെ നദികളുടെ നീളത്തിന്റെ കാര്യത്തില്‍ നാലാം സ്ഥാനമാണ് 169 കി.മി. നീളമുള്ള ചാലിയാറിനുള്ളത്. ചാലിയാര്‍ കടലിനോട് അടുക്കുമ്പോള്‍ ബേപ്പൂര്‍ പുഴ എന്നും അറിയപ്പെടുന്നു. ചാലിയാറിന്റെ തീരത്തുള്ള ഗ്രാമങ്ങളിലും പട്ടണങ്ങളിലും ചിലത് നിലമ്പൂര്‍, ഇടവണ്ണ, അരീക്കോട്, ചെറുവടി, മാവൂര്‍, ഫറോക്ക്, ബേപ്പൂര്‍ എന്നിവയാണ്.
ഉള്ളടക്കം |
[തിരുത്തുക] പുഴയുടെ വഴി
പശ്ചിമഘട്ടത്തിലുള്ള ഇളമ്പാരി മലകളില്‍നിന്നും ചാലിയാര്‍ ഉല്‍ഭവിക്കുന്നു. തമിഴ്നാടിലെ നീലഗിരി ജില്ലയിലാണ് ഇളമ്പാരി മലകള്‍. മിക്കവാറും ദൂരം മലപ്പുറം ജില്ലയിലൂടെ ഒഴുകുന്ന ചാലിരാര്‍ 17 കിലോമീറ്ററോളം കോഴിക്കോടിനും മലപ്പുറത്തിനും ഇടക്കുള്ള അതിര്‍ത്തി നിര്‍മ്മിക്കുന്നു. അതിനുശേഷം കടലിലേക്കുള്ള അവസാനത്തെ 10 കിലോമീറ്റര്‍ പുഴ കോഴിക്കോട്ടിലൂടെ ഒഴുകുന്നു. ഒടുവില്‍ അറബിക്കടലില്‍ പുഴ ലയിച്ചുചേരുന്നു. ചാലിയാറിന്റെ ചില പോഷകനദികള്‍ വയനാട് ജില്ലയില്‍ നിന്നും ഉല്‍ഭവിച്ച് മലപ്പുറത്തുവെച്ച് ചാലിയാറില്‍ ചേരുന്നു.
[തിരുത്തുക] സമ്പദ് വ്യവസ്ഥ
19-ആം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ആം നൂറ്റാണ്ടിന്റെ ആദ്യത്തിലും ചാലിയാര്‍ നിലമ്പൂര്‍ കാടുകളില്‍ നിന്ന് വെട്ടുന്ന തടികള്‍ കോഴിക്കോടുള്ള കല്ലായിയിലെ പല തടി മില്ലുകളിലേക്കും ഒഴുക്കിക്കൊണ്ടുവരാനുള്ള ഒരു ജലപാതയായി ഉപയോഗിച്ചിരുന്നു. തടികള്‍ ചങ്ങാടമായി കെട്ടി മണ്‍സൂണ്‍ സമയത്ത് കല്ലായിയിലേക്ക് ഒഴുക്കിക്കൊണ്ടുവന്നിരുന്നു. കല്ലായിയില്‍ നദീതീരത്തുള്ള പല തടിമില്ലുകളിലും ഈ തടി അറുത്ത് പല രൂപത്തിലാക്കി വിവിധ സ്ഥലങ്ങളിലേക്ക് എത്തിച്ചിരുന്നു. കല്ലായി ഈ സമയത്ത് തടി വ്യവസായത്തില്‍ ലോകത്തിലെ തന്നെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഒന്നായിരുന്നു.തേക്ക്, വീട്ടി തുടങ്ങിയ ശക്തിയും ഈടുമുള്ള തടികള്‍ക്കു പ്രശസ്തമായിരുന്നു കല്ലായി. 20-ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ വനത്തില്‍ നിന്ന് തടിമുറിക്കുന്നത് വനനശീകരണം തടയുവാനായി നിരോധിക്കപ്പെട്ടു. ഇത് കല്ലായിയിലെ തടിവ്യവസായത്തെ വളരെയധികം ബാധിച്ചു. ഇന്നും ചില മില്ലുകള്‍ കല്ലായിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഉല്‍പ്പാദനം പണ്ടത്തെ അപേക്ഷിച്ച് തൂലോം കുറവാണ്. പല മില്ലുകളും അടച്ചുപൂട്ടി.
[തിരുത്തുക] പരിസ്ഥിതി
ചാലിയാര്‍ നദിക്കരയിലുള്ള ഒരു പള്‍പ്പ് ഫാക്ടറിയില്‍ നിന്നുള്ള മാലിന്യങ്ങള്‍ നദിയിലേക്ക് വിസര്‍ജ്ജിച്ചതു കാരണം നദിയിലെ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയത് വാര്‍ത്തയായിരുന്നു. ഫാക്ടറി പിന്നീട് അടച്ചുപൂട്ടി.