ബ്ലോഗ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബ്ലോഗ് എന്നാല്‍ ഒരു ഡയറി (ജേര്‍ണ്ണല്‍) പോലെ കുറിപ്പുകളോ ചെറുലേഖനങ്ങളോ ഉള്‍ക്കൊള്ളുന്ന ഒരു പ്രത്യേകതരം വെബ്‌സൈറ്റാണ്. ഒരു ബ്ലോഗിലെ കുറിപ്പുകളെ വിപരീതസമയക്രമത്തില്‍ (അതായത് പുതിയ കുറിപ്പുകള്‍ പേജിന്റെ മുകള്‍ഭാഗത്തും, പഴയവ പേജിന്റെ താഴത്തുഭാഗത്തും വരാന്‍ പാകത്തിന്) ആണു സാധാരണയായി ചിട്ടപ്പെടുത്താറ്.
വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളും അപഗ്രഥനങ്ങളും ആണ് മുഖ്യമായും ബ്ലോഗുകളില്‍ ഉണ്ടാകുക. ഉദാഹരണമായി ഭക്ഷണം, രാഷ്ട്രീയം, പ്രാദേശിക വാര്‍ത്തകള്‍, ചടങ്ങുകള്‍ എന്നിവ ഒരു വ്യക്തിപരമായ ഡയറിക്കുറിപ്പുകള്‍ പോലെ ബ്ലോഗുകളില്‍ കാണപ്പെടുന്നു. സാധാരണയായി ബ്ലോഗുകളില്‍ എഴുത്തുകള്‍, ചിത്രങ്ങള്‍, മറ്റ് ബ്ലോഗുകള്‍, വെബ്സൈറ്റുകള്‍, ഇതേ വിഷയത്തിലുള്ള മറ്റ് മാധ്യമവാര്‍ത്തകള്‍ എന്നിവടങ്ങളിലേക്കുള്ള കൊളുത്തുകള്‍ എന്നിവയാണ് ഉണ്ടാകുക. പൊതുവേ ബ്ലോഗുകളില്‍ അധികവും ലേഖനങ്ങളും, മറ്റുതരത്തിലുള്ള എഴുത്തുകളും ആണ് ഉണ്ടാകുക, എന്നാലും ചിത്രബ്ലോഗുകള്‍, വീഡിയോബ്ലോഗുകള്‍, ശബ്ദബ്ലോഗുകള്‍ (podcasting) എന്നിവയും കൂട്ടത്തില്‍ കാണപ്പെടുന്നു.
ബ്ലോഗ് എന്ന പദം ‘വെബ് ലോഗ്’എന്നീ രണ്ട് പദങ്ങള്‍ ചുരുങ്ങി ഉണ്ടായതാണ്. ബ്ലോഗ് ചെയ്യുക/ബ്ലോഗുക എന്നത് ഒരു ക്രിയ ആയും ഉപയോഗിച്ച് കാണാറുണ്ട്. അര്‍ത്ഥം: ബ്ലോഗ് എഴുതുക അല്ലെങ്കില്‍ ഉള്ളടക്കത്തില്‍ ഭേദഗതി വരുത്തുക.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
[തിരുത്തുക] 1994 – 2001
വ്യക്തികള്‍ തങ്ങളുടെ സ്വകാര്യജീവിതത്തെപ്പറ്റി രേഖപ്പെടുത്താന്‍ ഉപയോഗിച്ചിരുന്ന ഓണ്‍ലൈന്‍ ഡയറി രൂപാന്തരപ്പെട്ടാണ് ആധുനിക ബ്ലോഗുകള്‍ ഉണ്ടായത്.ഇങ്ങനെയുള്ള എഴുത്തുകാരില്‍ മിക്കവരും ഡയറിസ്റ്റ്,ജേണലിസ്റ്റ് അല്ലെങ്കില്‍ ജേണലേഴ്സ് എന്നൊക്കെയാണ് സ്വയം വിശേഷിപ്പിച്ചിരുന്നത്. കുറച്ചുപേര്‍ എസ്ക്രിബിഷനിസ്റ്റുകള്‍ എന്ന പേരില്‍ അറിയപ്പെട്ടു.‘വെബ് റിംഗ്’ എന്ന തുറന്ന താളുകളില്‍ ഓണ്‍ലൈന്‍-ജേണല്‍ സമൂഹത്തിലെ അംഗങ്ങളും ഉള്‍പ്പെട്ടിരുന്നു. 1994ല്‍ സ്വാത്ത്മോര്‍ കോളെജില്‍ വിദ്യാര്‍ത്ഥിയായിരിക്കേ പതിനൊന്നുവര്‍ഷക്കാലം നീണ്ട വ്യക്തിപരമായ ബ്ലോഗിങ് നടത്തിയ ജസ്റ്റിന്‍ ഹോള്‍ ആണ് ആദ്യത്തെ ബ്ലോഗറായി പൊതുവില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ളത്.
ഓണ്‍ലൈനായി രേഖപ്പെടുത്തപ്പെട്ടിരുന്ന മറ്റു് ജേണലുകളും നിലനിന്നിരുന്നു. പ്രധാനപ്പെട്ട ഒരു ഉദാഹരണം ഫിംഗര്‍ പ്രോട്ടോകോള്‍ വഴി പ്രസിദ്ധീകരിക്കപ്പെടുകയും വ്യാപകമായി വായിക്കപ്പെടുകയും ചെയ്തിരുന്ന,ജോണ്‍ കാര്‍മാക് എന്ന ഗെയിം പ്രോഗ്രാമര്‍ എഴുതിയിരുന്ന ജേണലായിരുന്നു. കോര്‍പ്പറേറ്റ് സൈറ്റുകളും പേഴ്സണല്‍ ഹോം പേജുകളുമടക്കമുള്ള വെബ് സൈറ്റുകള്‍ അവയുടെ ഉള്ളടക്കം തീയതിയനുസരിച്ച് തരം തിരിച്ച് പ്രധാനതാളില്‍ ഒരു സൂചികയായി കൊടുക്കുന്ന പതിവ് പണ്ടും ഇപ്പോഴും ഉണ്ട്. ഇതിനൊരുദാഹരണം മാറ്റ് ഡ്രഡ്ജിന്റെ വാര്‍ത്തകള്‍ അടിസ്ഥാനമാക്കിയുള്ള “ഡ്രഡ്ജ് റിപ്പോര്‍ട്ട്” എന്ന “വെബ് ലോഗ്” ആണ്, അദ്ദേഹത്തിന് ഈ രീതി ഇഷ്ടമല്ല എന്ന് പറയുന്നുണ്ടെങ്കിലും.
[തിരുത്തുക] 2001 – 2004
2001-ല്‍ പല പ്രശസ്ത ബ്ലോഗുകളും നിലവില്‍ വന്നു. ആന്‍ഡ്രൂ സള്ളിവന്റെ ആന്‍ഡ്രൂസള്ളിവന്‍.കോം, റോണ്‍ ഗുണ്‍സ്‌ബര്‍ഗറുടെ പൊളിറ്റിക്സ്1.കോം, റ്റീഗന്‍ ഗൊഡാര്‍ഡിന്റെ പൊളിറ്റിക്കല്‍ വയര്‍, ജെറോം ആംസ്‌ട്രോങ്ങിന്റെ മൈഡിഡി തുടങ്ങിയവയെല്ലാം രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ബ്ലോഗുകളായിരുന്നു. 1998 മുതല്‍ ഉണ്ടായിരുന്ന ബോബ് സോമെര്‍ബിയുടെ ഡെയ്‌ലി ഹൌളര്‍, 1999-ല്‍ തുടങ്ങിയ മിക്കി കൌ-ന്റെ കൌസ്‌ഫ്ലൈസ് തുടങ്ങിയവയായിരുന്നു ആദ്യകാല രാഷ്ട്രീയ ബ്ലോഗുകള്‍.
2001 ആയപ്പോഴേയ്ക്കും ബ്ലോഗിങ്ങ് ഒരു വലിയ പ്രതിഭാസമായി വളര്‍ന്നിരുന്നു. എങ്ങനെ ബ്ലോഗ് ചെയ്യാം എന്നു പഠിപ്പിയ്ക്കുന്ന ലേഖനങ്ങള്‍ വന്നു തുടങ്ങി. ബ്ലോഗിങ്ങ് സമൂഹത്തിന്റെ പ്രാധാന്യവും അതിന് മുഖ്യധാരാസമൂഹത്തിലുള്ള ഇടപെടലുകളും കൂടി വന്നു. പത്രപ്രവര്‍ത്തന രംഗത്തെ പല പ്രമുഖ സ്ഥാപനങ്ങളും ബ്ലോഗിങ്ങിനെ താല്‍പ്പര്യത്തോടെ വീക്ഷിയ്ക്കാനും ബ്ലോഗിങ്ങും പത്രപ്രവര്‍ത്തനവും തമ്മിലുള്ള വ്യത്യാസങ്ങള്‍ വിലയിരുത്താനും തുടങ്ങി.
2002-ല്‍ ജെറോം ആംസ്‌ട്രോങ്ങിന്റെ സുഹൃത്തും വാണിജ്യപങ്കാളിയുമായ മാര്‍ക്കോസ് മൌലിറ്റ്‌സാസ് സുനിഗ “ഡെയിലികോസ്” എന്ന ബ്ലോഗ് തുടങ്ങി. പ്രധാന സംഭവങ്ങളോടനുബന്ധിച്ചുള്ള ദിവസങ്ങളില്‍ ഒരു ലക്ഷം പേര്‍ വരെ ഒരു ദിവസം സന്ദര്‍ശിയ്ക്കുന്ന ആ ബ്ലോഗ് ഇന്റര്‍നെറ്റിലെ ഏറ്റവുമധികം സന്ദര്‍ശകരുള്ള ബ്ലോഗുകളില്‍ ഒന്നാണ്.
2002-ല്‍ ബ്ലോഗുകള്‍ പ്രശസ്തമാവാന്‍ മറ്റൊരു കാരണമായിരുന്നു അമേരിക്കന്‍ സെനറ്റര്‍ ട്രന്റ് ലോട്ട്-മായി ബന്ധപ്പെട്ട ബ്ലോഗ് പോസ്റ്റുകളും കമന്റുകളും. മറ്റൊരു സെനറ്റര്‍ ആയ സ്‌ട്രോം തര്‍മണ്ടിന്റെ ബഹുമാനാര്‍ത്ഥം നടത്തപ്പെട്ട ഒരു വിരുന്നില്‍ വെച്ച് ലോട്ട്, തര്‍മണ്ടിനെ പുകഴ്ത്തിക്കൊണ്ടിപ്രകാരം പറഞ്ഞു:“തര്‍മണ്ട് അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കില്‍ അമേരിയ്ക്ക ഇന്ന് കൂടുതല്‍ പുരോഗമിക്കപ്പെട്ടിരുന്നേനെ”. ഇത് 1948-ല്‍ തര്‍മണ്ട് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഉന്നയിച്ചിരുന്ന വംശീയ വിച്ഛേദനം എന്ന ആശയത്തോട് പിന്തുണ പ്രഖ്യാപിയ്ക്കലായി ലോട്ട്-ന്റെ വിമര്‍ശകര്‍ വ്യാഖ്യാനിച്ചു. ബ്ലോഗെഴുത്തുകാര്‍ പഴയ രേഖകളും രേഖപ്പെടുത്തപ്പെട്ട അഭിമുഖങ്ങളും ഒക്കെ ഉയര്‍ത്തിക്കൊണ്ടു വന്ന് ഈ വാദത്തിന് ശക്തിപകര്‍ന്നു. ലോട്ട്-ന്റെ പ്രസ്താവന മാധ്യമങ്ങള്‍ പലതും പങ്കെടുത്ത ഒരു പൊതുവേദിയിലാണ് നടത്തപ്പെട്ടതെങ്കിലും ബ്ലോഗെഴുത്തുകാര്‍ ഈ കഥ പുറത്തു വിടുന്നതു വരെ മാധ്യമങ്ങള്‍ എല്ലാം ഇതിനെക്കുറിച്ച് മൌനം പാലിച്ചിരുന്നു. ബ്ലോഗിങ്ങ് ഉണ്ടാക്കിയ ഈ രാഷ്ട്രീയ പ്രതിസന്ധി കാരണം ലോട്ട്-ന് മെജോറിറ്റി ലീഡര്‍ സ്ഥാനത്തു നിന്നും രാജിവയ്ക്കേണ്ടി വന്നു.
ഈ സംഭവത്തോടെ വാര്‍ത്താപ്രചരണത്തിനുള്ള ഒരു മാര്‍ഗ്ഗം എന്ന വിശ്വാസ്യത ബ്ലോഗുകള്‍ നേടിയെടുത്തു. വെറും കൊച്ചുവര്‍ത്തമാനം പറച്ചിലായി മിക്കവാറും വീക്ഷിക്കപ്പെടാറുണ്ടെങ്കിലും ചില സമയത്ത് ബ്ലോഗെഴുത്തുകാര്‍ പ്രധാന വാര്‍ത്തകള്‍ മറ്റു മാധ്യമങ്ങള്‍ക്കു മുന്‍പു തന്നെ പൊതുജനത്തെ അറിയിക്കുന്നതില്‍ വിജയിക്കാറുണ്ട്. എന്നാല്‍ മറ്റു സമയങ്ങളില്‍ വാര്‍ത്താ ബ്ലോഗുകള്‍ മറ്റു മാധ്യമങ്ങളില്‍ പ്രസിദ്ധീകരിയ്ക്കപ്പെട്ട വാര്‍ത്തകളെ അപഗ്രഥിയ്ക്കാറാണു പതിവ്.
2002 മുതല്‍ വാര്‍ത്തകള്‍ വെളിച്ചത്തു കൊണ്ടുവരാനും, രൂപപ്പെടുത്താനും, തിരിച്ചുമറിയ്ക്കാനും ഒക്കെ ബ്ലോഗുകള്‍ക്കുള്ള കഴിവ് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇറാക്ക് യുദ്ധസമയത്ത് പല ബ്ലോഗെഴുത്തുകാരും വളരെ കൃത്യമായതും വികാരപരമായതുമായ വീക്ഷണ കോണുകള്‍ പങ്കുവെച്ചിരുന്നു, സാധാരണ കാണുന്ന ഇടത്-വലത് രാഷ്ട്രീയ ചര്‍ച്ചകള്‍ക്കുപരിയായ പല വീക്ഷണങ്ങളും.
പല രാഷ്ട്രീയക്കാരും സ്ഥാനാര്‍ത്ഥികളും അവരുടെ നിലപാടുകള്‍ ജനങ്ങളെ അറിയിക്കാന്‍ ബ്ലോഗുകള്‍ ഉപയോഗിച്ചതും ബ്ലോഗുകളുടെ പ്രചാരം വര്‍ദ്ധിപ്പിച്ചു. ഹോവാര്‍ഡ് ഡീന്‍, വെസ്ലി ക്ലാര്‍ക്ക് തുടങ്ങിയവ ഇങ്ങനത്തെ ബ്ലോഗുകളാണ്. ഡാനിയല്‍ ഡ്രെസ്‌നര്‍, ജെ. ബ്രഡ്‌ഫോര്‍ഡ് ഡിലോങ്ങ് തുടങ്ങിയ വിദഗ്ദര്‍ ബ്ലോഗിങ്ങ് തുടങ്ങിയത് ബ്ലോഗുകളെ ഗഹനമായ വിശകലനങ്ങള്‍ക്ക് പാത്രമാക്കി.
രണ്ടാമത്തെ ഇറാഖ് യുദ്ധം ഒരര്‍ത്ഥത്തില്‍ ഒരു ബ്ലോഗ് യുദ്ധത്തിനു വഴിവെച്ചു. ഇറാഖില്‍ നിന്നുള്ള പല ബ്ലോഗെഴുത്തുകാരും പ്രശസ്തരായി. സലാം പാക്സ് എന്നയാള്‍ തന്റെ ബ്ലോഗ് ഒരു പുസ്തകമായി പ്രസിദ്ധീകരിയ്ക്കുകവരെ ചെയ്തു. യുദ്ധം ചെയ്തുകൊണ്ടിരുന്ന പല സൈനികരും ബ്ലൊഗുകള്‍ ഉണ്ടാക്കി. ഇത്തരം യുദ്ധബ്ലോഗൂകള്‍ യുദ്ധത്തിന്റെ യാഥാര്‍ത്ഥ്യങ്ങളെപ്പറ്റി വായനക്കാര്‍ക്ക് പല പുതിയ അറിവുകളും പകര്‍ന്നു കൊടുത്തു. ഔദ്യോഗിക വാര്‍ത്താമാധ്യമങ്ങളുടെതില്‍ നിന്ന് വിഭിന്നമായ കാഴ്ചപ്പാടുകളാണ് പല ബ്ലോഗുകളും വായനക്കാര്‍ക്ക് നല്‍കിയത്.
വ്യക്തമല്ലാത്തതും അതിപ്രധാനമല്ല്ലാത്തതുമായ പല വാര്‍ത്തകളിലേയ്ക്കും പൊതുജനശ്രദ്ധ തിരിയ്ക്കാന്‍ ബ്ലോഗുകള്‍ക്കായി. മാര്‍ച്ച് 11 ഭീകരാണക്രമണത്തിനെതിരെ മാഡ്രിഡില്‍ നടന്ന ഒരു വന്‍ പ്രതിഷേധത്തിന്റെ വിവരങ്ങള്‍ ജനങ്ങളെ അറിയിക്കാനായി ബ്ലോഗെഴുത്തുകാര്‍ പലരും ആ തെരുവുകളിലെ ഗതാഗത ക്യാമറകളില്‍ നിന്നുള്ള വിവരങ്ങള്‍ വ്യക്തമാക്കിയിരുന്നു.
ടെലിവിഷനില്‍ കാണിയ്ക്കുന്ന പല പരിപാടികള്‍ക്കും ബ്ലോഗെഴുത്തുകാര്‍ തത്സമയ വിവരണങ്ങള്‍ നല്‍കാന്‍ തുടങ്ങി. അങ്ങനെ ബ്ലോഗിങ്ങിന് പരിഭാഷയോടൊപ്പം എഡിറ്റിങ്ങും എന്ന ഒരു മാനം കൂടി കൈവന്നു. ഉദ്ദാഹരണത്തിന് “ഞാന്‍ പ്രസിഡന്റ് ബുഷിന്റെ പ്രസംഗം ബ്ലോഗ് ചെയ്യുന്നു” എന്നതിന് “ഞാന്‍ പ്രസിഡന്റ് ബുഷിന്റെ പ്രസംഗം ടെലിവിഷനില്‍ കാണുമ്പോള്‍ അതിനെപ്പറ്റിയുള്ള എന്റെ പ്രതികരണം എന്റെ ബ്ലോഗില്‍ എഴുതുന്നു” എന്നൊരു അര്‍ത്ഥം വരുന്നു. ബ്ലോഗില്‍ തത്സമയ വിവരണം കൊടുക്കുന്നതിനെ ചിലപ്പോള്‍ തത്സമയ ബ്ലോഗിങ്ങ് എന്ന് പറയാറുണ്ട്.
[തിരുത്തുക] 2004 – ഇന്നുവരെ
രാഷ്ട്രീയ ഉപദേശകര്‍, മാധ്യമങ്ങള്‍, സ്ഥാനാര്‍ത്ഥികള്‍ തുടങ്ങിയവര്‍ ജനങ്ങളിലേയ്ക്ക് എത്താനും അഭിപ്രായരൂപവല്‍ക്കരണത്തിനുമായി ബ്ലോഗുകള്‍ ഉപയോഗിച്ചു തുടങ്ങിയതോടെ 2004-ഓടെ ബ്ലോഗുകള്‍ കൂടുതല്‍ പൊതുധാരയിലേയ്ക്കു കടന്നുവന്നു തുടങ്ങി. ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടി പ്രതിനിധി റ്റോം വാട്ട്‌സണെപ്പോലെ സജീവ പ്രചാരണത്തിലേയ്ക്കിറങ്ങാത്ത രാഷ്ട്രീയക്കാര്‍ കൂടി സമ്മതിദായകരുമായി ഇടപഴകനായി ബ്ലോഗുകള്‍ ഉപയോഗിച്ചു തുടങ്ങി.
ക്രിസ്റ്റഫര്‍ ലിഡണ്‍, മാറ്റ് സ്റ്റോളര്‍ എന്നിവര്‍ ചേര്‍ന്ന് മിനെസൊട്ട പബ്ലിക്ക് റേഡിയോയില്‍ ബ്ലോഗിങ്ങിന് രാഷ്ട്രീയത്തില്‍ ഉണ്ടാവാനിടയുള്ള സ്വാധീനത്തെപ്പറ്റി ഒരു പരിപാടി അവതരിപ്പിച്ചിരുന്നു. കൊളമ്പിയ ജേര്‍ണലിസം റിവ്യൂ ബ്ലോഗുകള്‍ക്കും ബ്ലോഗിങ്ങിനും പ്രചരണം നല്‍കാന്‍ തുടങ്ങി. ബ്ലോഗില്‍ നിന്നുള്ള പ്രധാന ഭാഗങ്ങള്‍ അച്ചടിമാധ്യമങ്ങളില്‍ എത്താനും ബ്ലോഗെഴുത്തുകാര്‍ റേഡിയോയിലും ടെലിവിഷനിലും പ്രത്യക്ഷപ്പെടാനും തുടങ്ങി. അമേരിക്കയിലെ രണ്ട് പ്രധാനപാര്‍ട്ടികളായ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും 2004 വേനല്‍കാല സമ്മേളനങ്ങള്‍ മുതല്‍ ബ്ലോഗെഴുത്തുകാരെ അംഗീകരിക്കാനും ബ്ലോഗുകളെ പൊതുപ്രചാരണത്തിന്റെ ഭാഗമായി കാണാനും തുടങ്ങി. ക്രിസ് മാത്യൂസിന്റെ “ഹാര്‍ഡ് ബോള്‍” പോലെയുള്ള മുഖ്യധാരാ ടെലിവിഷന്‍ പ്രോഗ്രാമുകള്‍ പലതും സ്വന്തമായി ബ്ലോഗുകള്‍ ഉണ്ടാക്കാന്‍ തുടങ്ങി. മെരിയം-വെബ്‌സ്റ്റേഴ്സ് ഡിക്ഷണറി 2004-ലെ ‘വര്‍ഷത്തിലെ പ്രധാന വാക്ക്’ ആയി തിരഞ്ഞെടുത്തത് ‘ബ്ലോഗ്’ എന്ന വാക്കായിരുന്നു.
റതെര്‍ഗേറ്റ് വിവാദം എന്ന പേരിലറിയപ്പെട്ടിരുന്ന വിവാദം വെളിച്ചത്തു കൊണ്ടുവരുന്നതിലും ബ്ലോഗുകള്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. പ്രസിഡന്റ് ബുഷിന്റെ സൈന്യസേവനത്തെപ്പറ്റി നിലവിലുള്ള വിവരങ്ങള്‍ക്കെതിരായ രേഖകള്‍ ടെലിവിഷന്‍ ജേര്‍ണ്ണലിസ്റ്റ് ആയ ഡാന്‍ റതെര്‍ സിബിഎസ്-ന്റെ ടെലിവിഷന്‍ പരിപാടിയായ 60 മിനിട്ട്സില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഈ രേഖകള്‍ കള്ള രേഖകളാണെന്ന് ബ്ലോഗെഴുത്തുകാര്‍ ആരോപിയ്ക്കുകയും അതിനുള്ള തെളിവുകള്‍ നിരത്തുകയും ചെയ്തു. പരിപാടിയിലൂടെ അപക്വമായ വിവരങ്ങള്‍ നല്‍കിയതിന് സിബിഎസ്-നു മാപ്പ് പറയേണ്ടി വന്നു. വാര്‍ത്തയുടെയും പൊതുജനാഭിപ്രായങ്ങളുടെയും ഉറവിടങ്ങളായും അതു കൂടാതെ രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്താനുള്ള ഒരു മാര്‍ഗ്ഗമായും ബ്ലോഗുകള്‍ അംഗീകരിക്കപ്പെട്ടതിന്റെ ആരംഭമായി പല ബ്ലോഗെഴുത്തുകാരും ഈ സംഭവത്തെ കാണുന്നു.
പല ബ്ലോഗെഴുത്തുകാരും മറ്റുപല മാധ്യമങ്ങളിലും കടന്നു ചെന്നു. ഡണ്‍കന്‍ ബ്ലാക്ക്, ഗ്ലെന്‍ റെയ്‌നോള്‍ഡ്, മാര്‍ക്കോസ് സുനിഗ, അലെക്സ് സ്റ്റെഫെന്‍, അന മാരി കോക്സ് തുടങ്ങിയ പല ബ്ലോഗെഴുത്തുകാരും റേഡിയോയിലും ടെലിവിഷനിലും പ്രത്യക്ഷപ്പെട്ടു. ഹ്യു ഹെവിറ്റ് എന്ന പരമ്പരാഗത മാധ്യമക്കാരന്‍ ഈ ഒഴുക്കിനെതിരെ നീന്തിയ ഒരാളാണ്, അദ്ദേഹം ഒരു അറിയപ്പെടുന്ന ബ്ലോഗെഴുത്തുകാരനായി വളര്‍ന്നു.
‘മെഡെസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്സ്’ പോലെയുള്ള ചില ബ്ലോഗുകള്‍ 2004 ഡിസംബറിലെ സുനാമി സമയത്ത് വാര്‍ത്തകളുടെ ഒരു പ്രധാന ഉറവിടമായിരുന്നു. ശ്രീലങ്കയിലെയും ദക്ഷിണേന്ത്യയിലേയും സുനാമി ബാധിത പ്രദേശങ്ങളില്‍ നിന്ന് നേരിട്ട് മൊബൈല്‍ എസ്. എം. എസ്-കള്‍ വഴി ഈ ബ്ലോഗില്‍ വാര്‍ത്തകള്‍ എത്തിക്കാന്‍ സാധിയ്ക്കുമായിരുന്നു.
2005 സെപ്റ്റംബറില്‍ ബ്രിട്ടണിലെ ദി ഗാര്‍ഡിയന്‍ ദിനപ്പത്രം അവരുടെ കെട്ടും മട്ടും ഒന്നു പരിഷ്കരിച്ചു - രണ്ടാം പേജില്‍ ബ്ലോഗുകളെപ്പറ്റിയുള്ള ഒരു ദൈനംദിന പക്തി അവര്‍ തുടങ്ങി. മറ്റു വാര്‍ത്താ സ്ഥാപനങ്ങളെപ്പോലെ തന്നെ 2006 ജൂണോടെ ബി.ബി.സി ന്യൂസ്-ഉം അവരുടെ എഡിറ്റര്‍മാര്‍ക്കായി ഒരു വെബ് ലോഗ് തുടങ്ങി. 2005 ജനുവരിയില്‍ വ്യവസായികള്‍ക്കു തള്ളിപ്പറയാനാവാത്തവര്‍ എന്ന വിശേഷണത്തോടെ ഫോര്‍ച്ച്യൂണ്‍ മാസിക 8 ബ്ലോഗെഴുത്തുകാരെ എടുത്തുകാട്ടി. പീറ്റര്‍ റോജസ്, സെനി ജാര്‍ഡിന്‍, ബെന്‍ ട്രോട്ട്, മെന ട്രോട്ട്, ജൊനാതന്‍ ഷ്വാര്‍ട്ട്സ്, ജെയ്‌സണ്‍ ഗോള്‍ഡ്‌മാന്‍, റോബര്‍ട്ട് സ്കോബെള്‍, ജെയ്‌സണ്‍ കലക്കാനിസ് എന്നിവരണാവര്‍.
[തിരുത്തുക] വിഭാഗങ്ങള്‍
പല തരത്തിലുള്ള ബ്ലോഗുകളുണ്ട് ഇന്റെര്‍നെറ്റില്‍, ഓരോന്നും അവ എങ്ങിനെ എഴുതുന്നുവെന്നും എങ്ങിനെ പ്രദര്‍ശിപ്പിക്കുന്നുവെന്നും ഉള്ള രീതിയില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു.
- മാധ്യമങ്ങളനുസരിച്ച്
- വീഡിയോകള്‍ ഉള്‍പ്പെട്ട ബ്ലോഗുകളെ വ്ലോഗ് എന്നു വിളിക്കുന്നു, കൊളുത്തുകള്‍ നിറഞ്ഞ ബ്ലോഗുകളെ ലിങ്ക്‍ലോഗ് എന്നും [1] ചിത്രങ്ങള്‍ നിറഞ്ഞതിനെ ഫോട്ടോബ്ലോഗ്[2] എന്നും വിളിക്കുന്നു.
- ഉപകരണങ്ങളനുസരിച്ച്
- ബ്ലോഗ് എഴുതാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളനുസരിച്ചും ബ്ലോഗുകളെ തരം തിരിക്കാം. മൊബൈല്‍ ഫോണ്‍ അല്ലെങ്കില്‍ PDA വച്ച് എഴുതുന്ന ബ്ലോഗുകളെ മോബ്ലോഗ് എന്ന് വിളിക്കുന്നു.[3]
- വിഷയം
- ചില പ്രത്യേക വിഷയങ്ങളെക്കുറിച്ചാണ് ചില ബ്ലോഗുകള്‍ സംസാരിക്കുന്നത്. ഉദാഹരണം രാഷ്ട്രീയ ബ്ലോഗ്, യാത്രാ വിവരണ ബ്ലോഗ്.
- പകര്‍പ്പവകാശ നിയമങ്ങള്‍ അനുസരിച്ച്
- അധികവും ബ്ലോഗുകള്‍ സ്വകാര്യംബ്ലോഗുകളായിട്ടാണ് കാണാറ്. ചിലപ്പോള്‍ വാണിജ്യപരമായ ഉപയോഗങ്ങള്‍ക്കും ബ്ലോഗ് ഉപയോഗിക്കാറുണ്ട്. ഒരു തൊഴില്‍സംഘത്തിന്റെ അകത്ത് വാര്‍ത്താവിനിമയവും സംസ്കാരവും കൂട്ടുവാനും പുറത്ത് പരസ്യം ചെയ്യാനും, അവരുടെ വ്യക്തിമുദ്ര പതിപ്പിക്കുവാനും മറ്റുള്ളവരുമായി സംവദിക്കുവാനും ഉപയോഗിക്കുന ബ്ലോഗുകളാണ് കോര്‍പ്പറേറ്റ് ബ്ലോഗുകള്‍.
- ബ്ലോഗ് സെര്‍ച്ച് എഞ്ചിനുകള്‍ (ബ്ലോഗോസ്ഫിയര്‍) അനുസരിച്ച്
- ബ്ലോഗ് ഉള്ളടക്കം തിരയാനായി പല ബ്ലോഗ് സെര്‍ച്ച് എഞ്ചിനുകളും നിലവിലുണ്ട് (ഉദാഹരണം ബ്ലോഗ്‌ഡിഗ്ഗര്‍, ഫീഡ്‌സ്റ്റര്‍, ടെക്നോരതി). ടെക്നോരതി കൂടുതല്‍ ആളുകള്‍ തിരയുന്നതെന്തെന്നും ബ്ലോഗുകള്‍ തരം തിരിക്കാന്‍ ഉപയോഗിക്കുന്ന ടാഗുകള്‍ എന്തെന്നുംകൂടി നമുക്കു കാട്ടിത്തരുന്നു.
[തിരുത്തുക] വാണിജ്യപരമായ ഉപയോഗം
മിക്ക ബ്ലോഗുകളും സ്വകാര്യസംരംഭങ്ങളാണെങ്കിലും, മുഴുസമയ ബ്ലോഗര്‍മാരും അവരില്‍ ഉണ്ട്. അവര്‍ക്ക് ബ്ലോഗില്‍ നിന്ന് ലാഭം ഉണ്ടാക്കാന്‍ വളരെ കഷ്ടപ്പെടേണ്ടി വരുന്നു. ഏറ്റവും പ്രചാരമേറിയതും എളുപ്പമായതുമായ ഒരു വഴിയാണ് പരസ്യങ്ങള്‍ ബ്ലോഗില്‍ ഇടുക എന്നത്. പക്ഷെ ചിലര്‍ക്ക് ഇതില്‍ താല്പര്യും ഉണ്ടാകാറില്ല; വായനക്കാര്‍ക്ക് പരസ്യങ്ങളോട് നല്ലതല്ലാത്ത സമീപനമാണെന്നുള്ളതു തന്നെ കാരണം. ഏതെങ്കിലും ഉല്പന്നങ്ങളുടെ പരസ്യങ്ങള്‍ തങ്ങളുടെ ബ്ലോഗില്‍ ഉള്‍പ്പെടുത്തി, പ്രസ്തുത ലിങ്കുവഴി ആ ഉല്പന്നം ആരെങ്കിലും വാങ്ങിയാല്‍ അതിന്റെ ലാഭവിഹിതത്തിലൊരുഭാഗം നേടുക എന്നതാണ് മറ്റൊരു പരസ്യരീതി.
ചിലര്‍ ക്ലിക്ക് ചെയ്ത് ദാനം ചെയ്യുക എന്നതും ശ്രമിച്ചിട്ടുണ്ട്. പ്രസിദ്ധ രാഷ്ട്രീയ ബ്ലോഗര്‍ ആന്‍ഡ്രൂ സള്ളിവന്‍ ഒരിക്കല്‍ അവകാശപ്പെട്ടത് തന്റെ ബ്ലോഗിന് ദാനം ചോദിക്കുന്നതുവഴി കിട്ടുന്ന തുക ദ ന്യൂ റിപ്പബ്ലിക്ക്-ന് താന്‍ എഴുതുന്നതില്‍ നിന്ന് കിട്ടുന്നതിനേക്കാള്‍ കൂടുതലാണെന്നാണ്. അമേരിക്കയിലെ പൊതുഉടമസ്ഥതയിലുള്ള ടെലിവിഷന്‍ സ്റ്റേഷനുകളുടെ മാതൃകയില്‍ സള്ളിവന്‍ ഇടയ്ക്കിടക്ക് തന്റെ ബ്ലോഗിനുവേണ്ടിയുള്ള സംഭാവനായജ്ഞങ്ങള്‍ ബ്ലോഗില്‍ത്തന്നെ നടത്താറുണ്ടായിരുന്നു. ഇത്തരമൊരുയജ്ഞത്തില്‍ ഒരുതവണ അദ്ദേഹത്തിന്‍ 1,20,000 ഡോളറ് (ഏകദേശം അഞ്ചരക്കോടി രൂപ) വരെ ലഭിച്ച ചരിത്രമുണ്ട്. ഈ ബ്ലോഗിന് കോര്‍പ്പറേറ്റ് സ്പോണ്‍സര്‍ഷിപ്പ് നേടിയെടുക്കാന്‍ സള്ളിവന്‍ ഒരിക്കല്‍ ശ്രമിച്ചെങ്കിലും വായനക്കാരുടെ എതിര്‍പ്പുമൂലം നടക്കുകയുണ്ടായില്ല.
സള്ളിവന്റെ ശ്രമം പാളിയതിനുശേഷം വേരെ ഒരു പ്രശസ്തനായ ബ്ലോഗറും അതിനു ശ്രമിച്ചില്ല. എന്നാലും, ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പല മാസികകളും പത്രങ്ങളും സ്വന്തം ജോലിക്കാരുടെ ബ്ലോഗുകളുടെ ചിലവു വഹിക്കാന്‍ തുടങ്ങി. ഇവിടെയുള്ള വാണിജ്യപരമായ മാതൃക പത്രങ്ങളിലെ പരമ്പരാഗത കോളം എഴുത്തുകാരുടേതു തന്നെയായിരുന്നു. ഇതില്‍ സൃഷ്ടിപരമായ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി, മറ്റു മാധ്യമങ്ങളിലെ ജോലിക്കാര്‍ ബ്ലോഗുകള്‍ തുടങ്ങി തങ്ങളുടെ കമ്പനിയുടെ ഉല്‍പ്പനങ്ങള്‍ക്ക് പരസ്യങ്ങള്‍ കൊടുത്ത് തുടങ്ങി. ഉദാഹരണത്തിന്, അശ്ലീല സിനിമകളില്‍ അഭിനയിക്കുന്ന നടന്മാര്‍ തങ്ങളുടെ സിനിമകളെക്കുറിച്ച് കമ്പനി വെബ് സൈറ്റുകളില്‍ ബ്ലോഗെഴുതി, ഉപഭോക്താവിനും ഉല്‍പ്പന്നത്തിനും ഇടയില്‍ ഒരു വ്യക്തിപരമായ ബന്ധം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കാറുണ്ട്.
[തിരുത്തുക] ഒരു ബ്ലോഗ് പോസ്റ്റിന്റെ അപഗ്രഥനം
ബ്ലോഗ് ഉണ്ടാക്കാനും പരിപാലിക്കാനും വൈവിധ്യമാര്‍ന്ന പല രീതികളും ഉണ്ട് . ഇന്റര്‍നെറ്റില്‍ അതിനാവശ്യമായ വെബ് ആപ്ലിക്കേഷനുകള്‍ ഉള്ളതുകൊണ്ട് പല രീതിയിലുള്ള സോഫ്റ്റ്‌വെയറുകളുടെ ഉപയോഗം വേണ്ട എന്നുവരുന്നു. സ്വന്തമായി വെബ് സെര്‍വര്‍ വേണ്ട എന്നുള്ളതും, ലോകത്തില്‍ എവിടെ വച്ചും ഈ വെബ് ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഇന്റെര്‍നെറ്റിലൂടെ ബ്ലോഗ് എഴുതാമെന്നുള്ളതും ബ്ലോഗിങ്ങ് സൌകര്യപ്രദമാക്കുന്നു.
വെബ് ആപ്ലിക്കേഷനുകളുടെ മറ്റൊരു പ്രയോജനം ഒരു പോസ്റ്റ് എഴുതുമ്പോഴും, അതില്‍ തിരുത്തലുകള്‍ വരുത്തുമ്പോഴും മുഴുവന്‍ നേരം ഓണ്‍ലൈന്‍ ആയിരിക്കണമെന്നില്ല എന്നുള്ളതാണ്. ഇങ്ങനെയുള്ള സൌകര്യങ്ങള്‍ ഒരുക്കാന്‍ ട്രൈപ്പോഡ് പോലെയുള്ള വെബ് ഹോസ്റ്റിങ്ങ് കമ്പനികളും, അമേരിക്ക ഓണ്‍ലൈന്‍ പോലെയുള്ള ഇന്റെര്‍നെറ്റ് സേവനദാതാക്കളും, സലോണ്‍ പോലെയുള്ള ഇന്റെര്‍നെറ്റ് പ്രസിദ്ധീകരണങ്ങളും, യാഹൂ, ഗൂഗിള്‍ തുടങ്ങിയ ഇന്റര്‍നെറ്റ് പോര്‍ട്ടലുകളും പരസ്പരം മത്സരിക്കുന്നു. . ചിലര്‍ സ്വന്തമായി ബ്ലോഗിങ്ങ് സോഫ്റ്റ്വെയറുകള്‍ ഉണ്ടാക്കി അതുപയോഗിച്ചും ബ്ലോഗ് തുടങ്ങുന്നു. ബ്ലോഗും വിക്കിയും ചേര്‍ത്ത് ബ്ലിക്കി എന്ന സംവിധാനവും ഉപയോഗത്തിലുണ്ട്.
ഒരു ബ്ലോഗ് ലേഖനത്തില്‍ താഴെ പറയുന്ന കാര്യങ്ങളാണു പൊതുവായി ഉണ്ടാകുക:
- തലക്കെട്ട്, ലേഖനത്തിന്റെ പേര് അല്ലെങ്കില്‍ അതിനൊരു തലക്കെട്ട്.
- ഉടല്‍, ലേഖനത്തിന്റെ ഉള്ളടക്കം.
- സ്ഥിരംകൊളുത്ത്, ബ്ലോഗിന്റെ അല്ലാതെ, ലേഖനത്തിന്റെ മാത്രമായ URL.
- എഴുതിയ ദിവസം, ലേഖനം പ്രസിദ്ധീകരിച്ച ദിവസവും സമയവും.
ഒരു ലേഖനത്തില്‍ ഇതും കൂടി ഉള്ളത് നല്ലതാണ്:
- അഭിപ്രായങ്ങള്‍
- വിഭാഗങ്ങള്‍ (അല്ലെങ്കില്‍ ടാഗുകള്‍) - ഈ ലേഖനം എന്തെല്ലാം വിഭാഗങ്ങളില്‍ പെടുമെന്നത്
- പിന്‍കൊളുത്തുകള്‍ അല്ലെങ്കില്‍ pingback - ഈ ലേഖനത്തെ പരാമര്‍ശിക്കുന്ന മറ്റു ലേഖനങ്ങള്‍
[തിരുത്തുക] അഭിപ്രായങ്ങള്‍
ലേഖനത്തെക്കുറിച്ച് ഒരു ചര്‍ച്ച തന്നെ നടത്താനും വായനക്കാര്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും ബ്ലോഗില്‍ അഭിപ്രായങ്ങള്‍ സഹായിക്കുന്നു. വായനക്കാര്‍ക്കു ലേഖനത്തിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനും ലേഖനത്തെക്കുറിച്ചോ ലേഖകനെക്കുറിച്ചോ പറയാനും ഇവിടെ അവസരം ലഭിക്കുന്നു. കോകമന്റ് പോലുള്ള സേവനങ്ങള്‍ അഭിപ്രായങ്ങള്‍ സ്വരീക്കൂടിവച്ച് പെട്ടെന്ന് കണ്ടുപിടിക്കാനും ചര്‍ച്ച നടത്താനും സഹായിക്കുന്നു.
[തിരുത്തുക] പ്രചാരം
ബ്ലോഗുകള്‍ ഇത്ര പ്രചാരം നേടാന്‍ കാരണമെന്തെന്നതിനെപ്പറ്റി അടുത്തകാലത്ത് ഗവേഷണങ്ങള്‍ നടക്കുകയുണ്ടായി. രണ്ടുതരത്തിലാണ് ഈ പ്രചാരം അളന്നത്. വാക്കുകളിലൂടെയുള്ള പ്രചാരവും മറ്റു സേവനങ്ങളില്‍ (ഉദാ: ബ്ലോഗ്‌റോള്‍) ഭാഗമാകുന്നതുകൊണ്ടുള്ള പ്രയോജനവും. ബ്ലോഗ്‌റോള്‍ വഴി ഒരു ബ്ലോഗിനു പ്രചാരം ലഭിക്കാന്‍ സമയം എടുക്കുമെന്നതും സ്ഥിരംകൊളുത്തുകള്‍ വഴി അതു പെട്ടെന്ന് കിട്ടുമെന്നതുമാണ് ഗവേഷണങ്ങളുടെ പ്രധാന കണ്ടെത്തല്‍. ഇതിനൊരു കാരണം സ്ഥിരം കൊളുത്തുകള്‍ വഴി നേരിട്ടു വരുന്നവര്‍ ആ ബ്ലോഗിന്റെ ഉള്ളടക്കം നല്ലതാണെന്നും അതു കാണാന്‍ മൂല്യമുള്ളതുമാണെന്നു ലേഖകനു മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യും എന്നതാവാം.[4]
ബ്ലോഗ്‌ഡെക്സ് പ്രൊജെക്റ്റ് എം.ഐ.റ്റി മീഡിയ ലാബിലെ ഗവേഷകര്‍ തുടങ്ങിയത്, ഇന്റെര്‍നെറ്റില്‍ ബ്ലോഗുകള്‍ തിരഞ്ഞ്, അതില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ച് സാമൂഹികമായ സ്വഭാവങ്ങള്‍ പഠിക്കാനാണ്. നാലുവര്‍ഷം കൊണ്ട് അവര്‍ ബ്ലോഗുകളെപ്പറ്റി പഠിക്കുകയും ബ്ലോഗിന്റെ ലേഖകന്മാര്‍ അറിയാതെ ബ്ലോഗുകളില്‍ കൂടുതല്‍ ശ്രദ്ധകിട്ടുന്ന വിഷയങ്ങള്‍ ഏതൊക്കെ എന്നു കണ്ടുപിടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഈ സംരംഭം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല.
ടെക്നോരതി ബ്ലോഗുകളിലേക്കു വരുന്ന കൊളുത്തുകളുടെ എണ്ണം കണക്കാക്കി ബ്ലോഗുകള്‍ക്ക് റാങ്ക് നല്‍കാറുണ്ട്. അലെക്സാ ഇന്റെനെറ്റ് അലെക്സാ ടൂള്‍ബാര്‍ ഉപയോഗിക്കുന്ന ആളുകള്‍ കൂടുതലായി സന്ദര്‍ശിക്കുന്ന ബ്ലോഗുകള്‍ക്ക് റാങ്ക് നല്‍കാറുണ്ട്. 2006 ഓഗസ്റ്റില്‍, ടെക്നോരതി ഏറ്റവും കൂടുതല്‍ ആളുകള്‍ കൊളുത്ത് കൊടുത്തിരിക്കുന്ന ബ്ലോഗായി ചൈനീസ് നടി സു ജിങ്ലേയിയുടെ ബ്ലോഗും ഏറ്റവും കൂടുതല്‍ ആളുകള്‍ വായിക്കുന്ന ബ്ലോഗായി ഒരു സംഘം ആള്‍ക്കാര്‍ എഴുതുന്ന ബോയിങ്ങ് ബോയിങ്ങ് എന്ന ബ്ലോഗും തിരഞ്ഞെടുത്തു.[5]
ചൈനീസ് മാധ്യമം സിന്‍ഹുവ, സു ജിങ്ലേയിയുടെ ബ്ലോഗ് അഞ്ച് കോടി ആളുകള്‍ വായിച്ചുവെന്നും, അതിനാല്‍ ലോകത്തിലേ ഏറ്റവും പ്രചാരമുള്ള ബ്ലോഗ് ഇതാണെന്നും അവകാശം ഉന്നയിച്ചു.[6] 2006 മധ്യത്തില്‍ ഈ ബ്ലോഗിനായിരുന്നു ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കൊളുത്തുകള്‍ കൊടുത്തിരുന്നത്.[7]
[തിരുത്തുക] ബ്ലോഗിങ്ങും മാധ്യമങ്ങളും
മിക്ക ബ്ലോഗര്‍മാരും തങ്ങളെ മുഖ്യധാരാ മാധ്യമങ്ങളില്‍ നിന്നു വ്യത്യസ്തമായി കാണുന്നു. മറ്റുചിലര്‍ മാധ്യമങ്ങളില്‍ ജോലി ചെയ്തുകൊണ്ടുതന്നെ ബ്ലോഗിങ്ങ് ചെയ്യുന്നവരാണ്. ചില സ്ഥാപനങ്ങള്‍ ബ്ലോഗിങ്ങിനെ യാതൊരു തടസ്സങ്ങളുമില്ലാതെ തങ്ങള്‍ക്കു പറയാനുള്ളത് പൊതുജനങ്ങളിലേക്കെത്തിക്കാനുള്ള മാര്‍ഗ്ഗമായി കാണുന്നു. എന്നാല്‍ പകര്‍പ്പവകാശ നിയമങ്ങളെയോ മുഖ്യധാരാ മാധ്യമങ്ങളുടെ കര്‍ത്തവ്യങ്ങളെയോ യാതൊരു ബഹുമാനവുമില്ലാതെ, സമൂഹത്തിന് വിശ്വസനീയ വിവരങ്ങള്‍ നല്‍ക്കാന്‍ ബ്ലോഗേര്‍സിന് ഉത്തരവാദിത്വം ഇല്ല എന്നാണ് ഈ സംവിധാനത്തിന്റെ വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.
മുഖ്യധാരാ മാധ്യമപ്രവര്‍ത്തകരും ഇപ്പോള്‍ ബ്ലോഗ് എഴുതുന്നുണ്ട് -- ഏതാണ്ട് മുന്നൂറിനും മുകളില്‍. സൈബര്‍ ജേര്‍ണലിസ്റ്റ് ഡോട്ട് നെറ്റിന്റെ ജെ-ബ്ലോഗ് ലിസ്റ്റ് പ്രകാരമാണിത്. 1998 ഓഗസ്റ്റിലാണ് വാര്‍ത്തകള്‍ക്കായി ഒരു ബ്ലോഗ് പ്രശസ്തമായത്, ഇത് ഷാര്‍ലറ്റ് ഒബ്സര്‍വറിലെ ജോനഥന്‍ ദൂബേ ബോണീ എന്ന ചുഴലിക്കാറ്റിനെക്കുറിച്ച് ഒരു ലേഖനം എഴുതുന്നതോടെയാണ്.[8]
ന്യൂനപക്ഷ ഭാഷകളെ ഒന്നിച്ചു കൊണ്ടുവരാനും, അതു പഠിക്കുന്നവരേയും പഠിപ്പിക്കുന്നവരെയും ഏകോപിപ്പിക്കുവാനും ബ്ലോഗുകള്‍ സഹായിക്കുന്നു; ഗേലിക്ക് ഭാഷകളുടെ കാര്യത്തില്‍ ഇത് പ്രത്യേകിച്ച് പറയേണ്ടതാണ്. കാരണം ഈ ഭാഷയുടെ രചയിതാക്കള്‍ പരമ്പരാഗത ഗേലിക്ക് പ്രദേശങ്ങളായ കസഖ്‌സ്ഥാന്‍ തൊട്ട് അലാസ്ക വരെയുള്ള ദൂരപ്രദേശങ്ങളിലാണു വസിക്കുന്നത്. ന്യൂനപക്ഷ ഭാഷകള്‍ക്ക് സാമ്പത്തികമായ ലാഭം ഉണ്ടാക്കിത്തരാന്‍ കഴിവില്ലാത്തതിനാല്‍ ബ്ലോഗിങ്ങ് പോലെയുള്ള സ്വതന്ത്രമായ മേഖലകള്‍ വഴിയേ അവയ്ക്കു വായനക്കാരെ നേടിയെടുക്കാ കഴിയൂ.
[തിരുത്തുക] ബ്ലോഗ്ഗിങ്ങിന്റെ നിയമ വശങ്ങള്‍
ബ്ലോഗ്ഗിന്റെ പ്രശസ്തിയോടൊപ്പം പല നിയമ പ്രശ്നങ്ങളും പൊങ്ങി വന്നു. പല കമ്പനികളും അവരുടെ ജോലിക്കാര്‍ ബ്ലൊഗ്ഗുകളില്‍ കമ്പനിയെകൂറിച്ചും മറ്റും ചര്‍ച്ച ചെയ്യുന്നു എന്ന കാരണത്താല്‍ പിരിച്ചു വിട്ടു. പകര്‍പ്പവകാശ പ്രശ്നങ്ങള്‍, രഹസ്യ വിവരങ്ങള്‍ കൈകാര്യം ചെയ്യല്‍, മറ്റുള്ളവരെ അവഹേളിക്കല്‍ ഇങ്ങനെ തുടങ്ങി പല പ്രശ്നങ്ങളും ബ്ലോഗ്ഗുകള്‍ ഉയര്‍ത്തി കൊണ്ടുവന്നു. പലപ്പോഴും ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ കോടതിക്കു മുന്‍പില്‍ എത്തുകയും ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഉള്ള വിധികള്‍ പുറത്തുവരികയും ഉണ്ടായി.
മൂന്നാം കക്ഷികളില്‍ നിന്നു വരുന്ന വിവരങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ ഉത്തരവാദികള്‍ അല്ല എന്ന് അമേരിക്കയുടെ Communications Decency Actഉം യൂറോപ്യന്‍ യൂണിയന്റെ Directive 2000/31/EC ഉം പറയുന്നു.
John Doe v. Patrick Cahill (John Doe എന്ന അമേരിക്കന്‍ നിയമപ്രയോഗത്തിന് ‘’പേരറിയാത്ത ഒരാള്‍’‘ എന്നാണര്‍ത്ഥം) എന്ന കേസില്‍ അത്യപൂര്‍വ്വമായ സാഹചര്യങ്ങളിലേ അപരിചിതരായി നിന്നു ബ്ലോഗ്ഗുന്നരെ വെളിച്ചത്തു കൊണ്ടുവരാവൂ എന്ന് ഡെലവെയര്‍ സുപ്രീം കോടതി വിധിച്ചു. പക്ഷേ, ഒരു ടൌണ്‍ കൌണ്‍സിലറായിരുന്ന കാഹില്‍ തനിക്കെതിരെ മറഞ്ഞിരുന്നു ബ്ലോഗ്ഗുന്ന John Doe തന്റെ രാഷ്ട്രീയ എതിരാളികൂടിയായ ടൌണ്‍ മേയറാണെന്ന് ഐ എസ് പി വിലാസം വഴി കണ്ടെത്തുന്നതില്‍ വിജയിച്ചു. കാഹില്‍ രണ്ടാമതും കേസു പുതുക്കി കോടതിയെ സമീപിച്ചുവെഎങ്കിലും മേയര്‍ കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പിനു തയ്യാറായി.
സിംഗപ്പൂരില്‍ മറ്റൊരു കേസില്‍ ചൈനാക്കാരായ രണ്ടു പേരെ മുസ്ലീം വിരുദ്ധ കാര്യങ്ങള്‍ അവരുടെ ബ്ലോഗ്ഗില്‍ ഇട്ടതിനു അവിടുത്തെ കോടതി ശിക്ഷിച്ചു.
ബ്രിട്ടണില്‍ ഒരു കോളേജ് അദ്ധ്യാപിക അവിടുത്തെ ഒരു രാഷ്ട്രീയക്കാരനെതിരെ ഒരു ബ്ലോഗ്ഗില്‍ പല പേരുകളില്‍ കമെന്റുകള്‍ ഇട്ടു. ആ രാഷ്ട്രീയക്കാരനും ആ ബ്ലൊഗ്ഗില്‍ കമെന്റ് ഇട്ടിരുന്നു. ഒരു കമെന്റില്‍ അവര്‍ അദ്ദേഹത്തെ നാസി എന്നു വരെ വിളിച്ചു. ഈ രാഷ്ടീയക്കാരന്‍ ISP വഴി ഇവരുടെ യഥാര്‍ത്ഥ വ്യക്തിത്വം കണ്ടെത്തി അവര്‍ക്കെതിരെ 10,000 പൌണ്ടിന്റെ നഷ്ടപരിഹാരവും 7,200 പൌണ്ടിന്റെ മറ്റു ചിലവുകളും കണക്കാക്കി കേസുകൊടുത്തു.
ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്സിലെ എറിക് റിങ്ങ്മാര്‍ എന്ന ഒരു മുതിര്‍ന്ന അദ്ധ്യാപകന്‍ തന്റെ ബ്ലോഗ്ഗില്‍ വിദ്യാര്‍ത്ഥികളുടെ സ്കൂള്‍ ജീവിതം ചര്‍ച്ച ചെയ്യുന്നു എന്നു കണ്ട സ്കൂള്‍ ഓഫ് എക്കണോമിക്സിന്റെ കണ്‍വീനര്‍ അത് എത്രയും പെട്ടന്ന് നിര്‍ത്താനും ബ്ലോഗ്ഗ് അടച്ചു പൂട്ടാനും ആവശ്യപ്പെട്ടു.
2006ലെ എന്‍.ബി.എ. ടൂര്‍ണമെന്റിന്റെ സമയത്ത് എന്‍.ബി.എ. അധികൃതരെ തന്റെ ബ്ലോഗ്ഗിലൂടെ വിമര്‍ശിച്ചു എന്നതിന്റെ പേരില്‍ ഡാലസ് മാവെറിക്സ് ഉടമസ്ഥനായ മാര്‍ക്ക് ക്യൂബനെതിരെ ഈ അടുത്ത കാലത്തു പിഴയിട്ടു.
എലെന്‍ സിമോന്റി എന്ന എയര്‍ ഹോസ്റ്റസിന് അവരുടെ യൂണീഫോമോടുകൂടിയ തന്റെ നഗ്നത വെളിവാക്കുന്ന ഒരു ഫോട്ടോ അവരുടെ തന്നെ The Queen of the Sky എന്ന ബ്ലോഗ്ഗില്‍ ഇട്ടതിന്റെ പേരില്‍ ജോലി പോയി. മതിയായ കാരണം ഇല്ലാതെ പിച്ചുവിട്ടതിനും, മാനനഷ്ടം ഉണ്ടാക്കിയതിനും, ഭാവി വേതനങ്ങള്‍ ഇതു മൂലം നഷ്ടമാക്കിയതിനും എതിരെ സിമോന്റി എയര്‍ലൈസിനെതിരെ കേസുകൊടുത്തു.
ഇന്‍ഡ്യയില്‍ ഗൌരവ് സാബ്‌നിസ് എന്ന ബ്ലോഗ്ഗര്‍ ഒരു മാനേജ്‌മെന്റ് സ്കൂള്‍ ആയ IIPM ന്റെ ചില തെറ്റായ അവകാശവാങ്ങളെ തന്റെ ബ്ലോഗിലൂടെ പുറത്തു കൊണ്ടു വന്നു. ഇതിനു പ്രതിഷേധം എന്ന നിലയില്‍ ഗൌരവ് സാബ്‌നിസ് ജോലി ചെയ്യുന്ന IBMന്റെ ലാപ് ടോപ്പുകള്‍ കത്തിച്ചു കളയും എന്നു IIPM ഭീഷണി മുഴക്കി. IBM നു പ്രശ്നം ഉണ്ടാകേണ്ട എന്നു വിചാരിച്ച് ഗൌരവ് സാബിന്‍സ് തന്റെ IBM ജോലി രാജിവച്ചു.
[തിരുത്തുക] ചരമമടയുന്ന ബ്ലോഗുകള്‍
2006 ഒക്ടോബറിലെ കണക്കു വെച്ച് ദിവസവും ഒരുലക്ഷം ബ്ലോഗു വീതമാണ് സൃഷ്ടിക്കപ്പെട്ടിരുന്നത്. പക്ഷേ, ഇതിനൊരു മറുവശമുണ്ടെന്ന് വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. സൃഷ്ടിക്കുന്നതിലും വേഗത്തില്‍ ബ്ലോഗുകള്‍ ഉപേക്ഷിക്കപ്പെടുന്നതാണത്. അകാല ചരമമടയുന്ന ബ്ലോഗുകളുടെ ശവപ്പറമ്പ് ഇന്റര്‍നെറ്റില്‍ അതിവേഗം വളരുകയാണ്. ഇപ്പോള്‍ അവിടെ 20 കോടി ബ്ലോഗുകള്‍ സംസ്‌കാരം കാത്തുകിടക്കുന്നു!
ബ്ലോഗുകളെക്കുറിച്ച് സമീപവര്‍ഷങ്ങളിലുണ്ടായ അമിതാവേശം കെട്ടടങ്ങിത്തുടങ്ങിയതിന്റെ സൂചനയാണ്, ഉപേക്ഷിക്കപ്പെടുന്ന ബ്ലോഗുകളുടെ എണ്ണപ്പെരുക്കമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്വകാര്യ ഡയറിക്കുറിപ്പെന്ന നിലയില്‍ തുടങ്ങി, സമാന്തരമാധ്യമം, നവമാധ്യമം (New Media) എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന നിലയിലേക്ക് മാറിയ 'ബ്ലോഗോസ്‌ഫിയറി' (Blogosphere) ല്‍ എന്തുകൊണ്ട് ഇത്രയേറെ ബ്ലോഗുകള്‍ അനാഥമായി ഉപേക്ഷിക്കപ്പെടുന്നു എന്നകാര്യം ഇനിയും പഠനവിധേയമാക്കാനിരിക്കുന്നതേയുള്ളൂ.
ഇത്തരത്തില്‍ അകലാചരമമടഞ്ഞ ബ്ലോഗുകള്‍ നെറ്റില്‍ ശരിക്കുമൊരു ശല്യമായി മാറുകയാണെന്ന് വിദഗ്‌ധര്‍ പറയുന്നു. കാരണം, സെര്‍ച്ച്‌എഞ്ചിനുകളില്‍ ഇത്തരം ബ്ലോഗുകളുടെ 'കണ്ണികള്‍'(links) അവശേഷിക്കും. ബ്ലോഗര്‍ തന്റെ ഉദ്യമം ഉപേക്ഷിച്ച കാര്യമൊന്നും സെര്‍ച്ച്‌എഞ്ചിനുകള്‍ അറിയണമെന്നില്ല. നെറ്റില്‍ തിരച്ചില്‍ നടത്തുന്നവര്‍ക്ക്, പ്രത്യേകിച്ച് ബ്ലോഗ് സെര്‍ച്ച്‌എഞ്ചിനുകളില്‍ തിരയുന്നവര്‍ക്ക്, ഈ കണ്ണികളും സെര്‍ച്ച്‌ഫലമായി മുന്നിലെത്തും. നെറ്റിലെ ശവപ്പറമ്പിലേക്കുള്ള ഇത്തരം കണ്ണികളെ 'പ്രേതബ്ലോഗുകള്‍' (ghost blogs) എന്നാണ് ചില വിദഗ്‌ധര്‍ വിശേഷിപ്പിക്കുന്നത്.
2007-ല്‍ ലോകത്താകമാനം പത്തുകോടി ബ്ലോഗര്‍മാര്‍ എന്ന നിലയിലേക്ക് കാര്യങ്ങള്‍ കരയ്‌ക്കണയും എന്നാണ് 'ഗാര്‍ട്ട്‌നെര്‍' ഗവേഷണ സ്ഥാപനം നടത്തുന്ന കണക്കു കൂട്ടല്‍. എന്നാല്‍, ആ സംഖ്യ മൂന്നു കോടിയിലേക്ക് ചുരുങ്ങും എന്ന് മറ്റു ചില സ്ഥാപനങ്ങള്‍ വിലയിരുത്തുന്നു. പത്തുകോടി പേര്‍ ബ്ലോഗിങ് നടത്തുന്നു എന്ന കണക്കു പരിഗണിച്ചാലും അതിലിരട്ടി ബ്ലോഗുകള്‍ മരണമടഞ്ഞു കഴിഞ്ഞു. ദിവസവും ആ സംഖ്യ വര്‍ധിക്കുകയും ചെയ്യുന്നു. ആരംഭത്തിലെ ആവേശമടങ്ങി ബ്ലോഗിങ് പ്രതിഭാസം ഇപ്പോള്‍ താഴേയ്‌ക്കു വരികയല്ലേ എന്നാണ് വിദഗ്‌ധര്‍ സംശയിക്കുന്നത്.
[തിരുത്തുക] കൂടുതല്‍ വായനക്ക്
- സെര്‍ച്ച് എഞ്ചിന്‍
- അഗ്രഗേറ്റര്‍
[തിരുത്തുക] അവലംബം
- ↑ Perrone, Jane. "What is a weblog?", Guardian Unlimted, 2004-05-20. ശേഖരിച്ച തീയതി: 2006-06-25.
- ↑ What is a photoblog. Photoblogs.org Wiki. ശേഖരിച്ച തീയതി: 2006-06-25.
- ↑ "blogging goes mobile", BBC News, 2003-02-23. ശേഖരിച്ച തീയതി: 2006-06-25.
- ↑ Marlow, C. Audience, structure and authority in the weblog community. Presented at the International Communication Association Conference, May, 2004, New Orleans, LA.
- ↑ Fickling, David, Internet killed the TV star, The Guardian NewsBlog, 15 August 2006
- ↑ http://www.chinadaily.com.cn/china/2006-08/24/content_672747.htm
- ↑ http://blogs.guardian.co.uk/news/archives/2006/08/15/internet_killed_the_tv_star.html
- ↑ "blogging Bonnie.", Poynter.org, 18 September, 2003.
[തിരുത്തുക] കൂടുതല്‍ വായനയ്ക്കായി
- Alavi, Nasrin. We Are Iran: The Persian Blogs, Soft Skull Press, New York, 2005. ISBN 1-933368-05-5.
- Bruns, Axel, and Joanne Jacobs, eds. Uses of Blogs, Peter Lang, New York, 2006. ISBN 0-8204-8124-6.
- Kline, David; Burstein, Dan. Blog!: How the Newest Media Revolution is Changing Politics, Business, and Culture, Squibnocket Partners, L.L.C., 2005. ISBN 1593151411.