വീഴുമല
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വീഴുമല (അഥവാ വീണമല)പാലക്കാട് ജില്ലയില്‍ ആലത്തൂരിനും (തെക്കും) ചിറ്റിലംചേരിക്കും (വടക്കും) ഇടയില്‍ കിഴക്ക് പടിഞ്ഞാറായി നീണ്ട് കിടക്കുന്ന 3-4 കി.മി. നീളമുള്ള ഒരു മലയാണ്. ഇടതൂര്‍ന്ന വനവും ഒട്ടേറേ ഔഷധസസ്യങ്ങളും കാട്ടുജീവികളും ഉണ്ടായിരുന്ന, വനം വകുപ്പിന്റെ കീഴിലുണ്ടായിരുന്ന ഈ മല കാലക്രമേണ അനധികൃത കയ്യേറ്റത്തിന് വിധേയമായി. വനം ചുരുങ്ങി ഇപ്പോള്‍ മൊട്ടക്കുന്നുകളും സ്വകാര്യ റബ്ബര്‍ പ്ലാന്റേഷനും കാണാം. വീഴുമലയുടെ കിഴക്കെ അറ്റം ഉയരം കുറവും പടിഞ്ഞാറെ അറ്റം ക്രമേണ ഉയരം കൂടിയുമാണ്. ഈ മലയുടെ ഏറ്റവും ഉയരം കൂടിയ ഭാഗത്ത് വലിയ രണ്ട് പാറകളുണ്ട്. രണ്ട് പാറയുടെയും ഇടക്ക് ഒരു വലിയ വിടവും. ഒരു പാറയില്‍നിന്നും വേറെ പാറയിലേക്ക് ചാടാമെങ്കിലും തിരിച്ച് ചാടാന്‍ ഇത്തിരി ബുദ്ധിമുട്ടാണ്. കാരണം പാറയുടെ കിടപ്പും നല്ല കാറ്റ് വീശുന്ന ഇടവുമായതുകൊണ്ടാണ്.
[തിരുത്തുക] ഐതിഹ്യം
നീണ്ടുകിടക്കുന്ന വീഴുമലക്ക് കേട്ടുകേള്‍വിയുള്ള ഒരു ഐതിഹ്യമുണ്ട്.
പണ്ട് സീതാദേവിയെ രാവണന്റെ അടുക്കല്‍നിന്നും വീണ്ടെടുക്കുന്നതിനായി രാമലക്ഷ്മണന്മാര്‍ ഹനുമാന്റെയും വാനരസേനയുടെയും സഹായത്തോടെ ലങ്ക ആക്രമിച്ച് യുദ്ധം ചെയ്തപ്പോള്‍, രാവണന്റെ പുത്രനായ ഇന്ദ്രജിത്ത് ദിവ്യമായ നാഗാസ്ത്രം പ്രയോഗിക്കുകയും നാഗാസ്ത്രത്തിന്റെ ദിവ്യശക്തിയാല്‍ രാമലക്ഷ്മണന്മാര്‍ അടക്കം പലരും ബോധമറ്റ് യുദ്ധക്കളത്തില്‍ വീഴുകയും ചെയ്തു. ചേതനയറ്റ് കിടക്കുന്ന ഇവരെ ഉടനെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ ഒരു മാര്‍ഗ്ഗമേയുള്ളൂ - ജാംബവാന്‍ നിര്‍ദ്ദേശിച്ചു. കൈലാസപര്‍വ്വതനിരകളിലെ ഋഷഭാദ്രി മലയില്‍ കണ്ടുവരുന്ന വിവിധ അപൂര്‍വ്വ ഔഷധസസ്യങ്ങള്‍ പിഴിഞ്ഞെടുത്ത സത്ത് ഉടന്‍ വേണം. ജാംബവാന്റെ ഉപദേശപ്രകാരം അപൂര്‍വ ഔഷധസസ്യങ്ങളായ മൃതസഞ്ജീവനി, വിശല്യകരണി, സന്താനകരണി, സുവര്‍ണകരണി എന്നിവ തേടി ഹനുമാന്‍ ഹിമാലയ പര്‍വ്വതനിരകളിലേക്ക് പറന്നു. അവിടെയെത്തിയ ഹനുമാന്‍ ഔഷധസസ്യങ്ങളുടെ പേര് മറന്നതുകാരണം ഏതാണെന്നറിയാതെ ആ ഔഷധസസ്യങ്ങള്‍ സ്ഥിതിചെയ്തിരുന്ന ഋഷഭാദ്രി മലയെ അടിയോടെ പൊക്കി തന്റെ കൈയ്യിലേന്തി ലങ്കയിലെ യുദ്ധക്കളത്തിലേക്ക് പറന്നു. യാത്രാമദ്ധ്യേ കൈയ്യിലേന്തിയ ദിവ്യമലയുടെ ചെറിയ ചില ഭാഗങ്ങള്‍ അടര്‍ന്നു പല ഭാഗത്തായി വീണുവെന്ന് പുരാണങ്ങളില്‍ പരാമര്‍ശം. അങ്ങിനെ ഹനുമാന്റെ കൈയില്‍ നിന്നും അടര്‍ന്നു വീണ ഒരു ചെറിയ മലയാണ് "വീഴുമല" യെന്ന് ഐതിഹ്യം. ഈ വീഴുമലയില്‍ പണ്ട് നിറയെ ഔഷധസസ്യങ്ങള്‍ കാണപ്പെട്ടിരുന്നു. പല ആയുര്‍വേദശാലക്കാരും ഇവിടെ നിന്നും ഈ ഔഷധസസ്യങ്ങള്‍ ശേഖരിച്ചിരുന്നു.
വീഴുമലക്ക് 400 മീറ്ററോളം ഉയരമുണ്ട്. ഇപ്പോഴും ഔഷധസസ്യങ്ങള്ക്ക് കുറവൊന്നുമില്ല. വീഴുമല വീണത് തലകീഴായി ആയിരുന്നുവെന്നും, അതു കൊണ്ട് മറ്റ് പ്രദേശങ്ങളില് ലഭിക്കുന്ന ഔഷധസസ്യങ്ങളുടെ വേരിന്റെ സ്ഥാനത്ത് ഇവിടത്തെ സസ്യങ്ങളുടെ ഇല / ചില്ല ഉപയോഗിച്ചാല് മതിയാവുമെന്നും ഒരു ഐതിഹ്യമുണ്ട്.വീഴുമലയില് ഉള്ള പുരാതന ക്ഷേത്രം ഹനുമാന്റേത് തന്നെയാണ്. കൂടാതെ ജൈനസംസ്കാരത്തിന്റെ കുറേ ശേഷിപ്പുകള് ഇപ്പോഴും ഇവിടെ കാണാന് കഴിയുമെന്ന് കേട്ടിട്ടുണ്ട്.
വീഴുമലയുടെ താഴ്വാരത്തില് നാരായണ ഗുരുകുലം എന്ന് അധികം ആരാലും അറിയപ്പെടാത്ത ഒരു ആശ്രമം ഉണ്ട്. ഗുരു നിത്യ ചൈതന്യ യതിയും, തപോവന് മഹാരാജും ഒക്കെ ഇവിടത്തെ സന്ദര്ശകരായിരുന്നത്രേ. (തപോവന് മഹാരാജ് - സ്വാമി ചിന്മയാനന്ദന് ദീക്ഷ കൊടുത്തയാള് - ജനിച്ചത് വീഴുമലയുടെ താഴ്വരയില് തന്നെയുള്ള മുടപ്പല്ലൂര് എന്ന ഗ്രാമത്തിലാണ്). ആലത്തൂര് സിദ്ധാശ്രമം സ്ഥാപിച്ച ശ്രീ ബ്രഹ്മാനന്ദ സ്വാമി ശിവയോഗിയുടേ പ്രഥമ ശിഷ്യന് ആയിരുന്ന ജടഭരത സ്വാമികളും നാരായണ ഗുരുകുലവുമായി ബന്ധപ്പെട്ട് പ്രവര്ത്തിച്ചിരുന്നു.
വീഴുമലയില്‍ മഴക്കാലത്ത് നല്ല ഭംഗിയുള്ള ചില വെള്ളച്ചാട്ടങ്ങള് ഉണ്ടാവാറുണ്ട്. ജൂണ്-ജൂലൈ മാസങ്ങള്‍ ആണ് മലകയറ്റത്തിനു പറ്റിയ സമയം.