ആലത്തൂര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
‘‘‘ആലത്തൂര്‍‘’‘ കേരളത്തിലെ പാലക്കാട് ജില്ലയിലുള്ള ഒരു ചെറിയ പട്ടണമാണ്. ആലത്തൂര്‍ താലൂക്കിന്റെ തലസ്ഥാനമാണ് ആലത്തൂര്‍ പട്ടണം. തൃശ്ശൂര്‍ ജില്ലാകേന്ദ്രത്തില്‍ നിന്നും 24 കിലോമീറ്റര്‍ മാറി ജില്ലയുടെ തെക്കുപടിഞ്ഞാറേ അറ്റത്തായി ആണ് ആലത്തൂര്‍ താലൂക്ക് സ്ഥിതിചെയ്യുന്നത്. മുഖ്യമായും ഗ്രാമ്യമായ അന്തരീക്ഷമുള്ള ആലത്തൂര്‍ താലൂക്കില്‍ കൃഷിയില്‍ അധിഷ്ഠിതമായ ഒരു സമ്പദ്‌വ്യവസ്ഥയാണുള്ളത്.
ഉള്ളടക്കം |
[തിരുത്തുക] ജനങ്ങള്‍
ജനസംഖ്യയില്‍ കൂടുതലും ഹിന്ദുക്കള്‍ ആണ്. നായര്‍, ഈഴവ, അയ്യര്‍, ആശാരി, കൊല്ലന്‍, തട്ടാന്‍, കുശവന്‍, മാന്നാന്‍, എഴുത്തച്ചന്‍, തെങ്ങുചെത്തി, കവറ തുടങ്ങിയ സമുദായക്കാരാണ് പ്രധാനമായും. പണ്ട് തൊഴില്‍ അനുസരിച്ചായിരുന്നു ജാതി തിരിവുകള്‍ എങ്കിലും ഇന്ന് എല്ലാ സമുദായക്കാരും എല്ലാ ജോലികളും ചെയ്യുന്നു.
താലൂക്കില്‍ ഒരു വലിയ മുസ്ലീം സമുദായവുമുണ്ട്. കച്ചവടക്കാരാണ് ആലത്തൂരെ മുസ്ലീം സമുദായാംഗങ്ങളില്‍ കൂടുതലും. സമുദായത്തിലെ പലരും ഇന്ന് ഗള്‍ഫ് നാടുകളില്‍ ജോലിചെയ്യുന്നത് ആലത്തൂരിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഒരു വലിയ താങ്ങായിട്ടുണ്ട്.
ആലത്തൂരെ കൃസ്ത്യാനികളില്‍ അധികവും കോട്ടയം, ഇടുക്കി ജില്ലകളില്‍നിന്നും കുടിയേറിപ്പാര്‍ത്തവരാണ്. നല്ല കൃഷിക്കാരായി പേരുകേട്ട ഇവര്‍ വടക്കാഞ്ചേരി, കിഴക്കാഞ്ചേരി, കോരഞ്ചിറ, പാളക്കുഴി, വണ്ടാഴി, മംഗളം ഡാം എന്നിവിടങ്ങളില്‍ താമസമുറപ്പിച്ചിരിക്കുന്നു. റബ്ബറാണ് പ്രധാന നാണ്യവിള. ആലത്തൂരിന്റെ സമ്പദ്‌വ്യവസ്ഥയും റബ്ബറിന്റെ വിലയുമായി ഒരു വലിയ ബന്ധമുണ്ടെന്നു പറയാം. ആലത്തൂരിലെ കൃസ്ത്യാനികള്‍ വിദ്യാഭ്യാസ - ആരോഗ്യ പരിചരണ രംഗങ്ങളിലും പ്രശസ്തരാണ്.
കുണിശ്ശേരി ആലത്തൂരുനിന്നും 7 കിലോമീറ്റര്‍ അകലെയാണ്. കുണിശ്ശേരി അവിടത്തെ കുമ്മാട്ടി ഉത്സവത്തിനു പ്രശസ്തമാണ്. മീനമാസത്തിലെ പുണര്‍തം നക്ഷത്രത്തിലുള്ള പൂക്കുളത്തി ദേവിയുടെ പിറന്നാളാണ് കുമ്മാട്ടിയായി ആഘോഷിക്കുന്നത്.
ആലത്തൂരിലെ മറ്റൊരു സ്ഥലമാണ് വാനൂര്‍. ഇവിടെ വീഴുമല എന്ന ഒരു വലിയ മലയുണ്ട്. രാമായണത്തില്‍, ഹനുമാന്‍ മൃതസഞ്ജീവനി കൊണ്ടുവരുന്ന വഴിക്ക്, പര്‍വ്വതത്തിന്റെ ഒരു ചെറിയ ഭാഗം ഹനുമാന്റെ കയ്യില്‍ നിന്ന് അടര്‍ന്ന് ഇവിടെ വീണെന്നും അങ്ങനെ വീഴുമല ഉണ്ടായി എന്നുമാണ് ഐതീഹ്യം. വാനൂരിലെ പ്രധാന കൃഷി നെല്‍കൃഷിയും റബ്ബറുമാണ്.
[തിരുത്തുക] വ്യവഹാരം
ജനങ്ങളുടെ പ്രധാന ജീവിതമാര്‍ഗ്ഗം കൃഷിയാണ്. വയലുകളില്‍ നെല്ല് പ്രധാനവിളയാണ്. മലഞ്ചരിവുകളില്‍ റബ്ബറാണ് പ്രധാന കൃഷി. വാഴത്തോട്ടങ്ങള്‍, ഇഞ്ചി, മത്തങ്ങ, പാവയ്ക്ക, എഗ്ഗ് പ്ലാന്റ്, തുടങ്ങിയവയും കൃഷിചെയ്യുന്നുണ്ട്.
ആലത്തൂരില്‍ പറയത്തക്ക വ്യവസായങ്ങള്‍ ഒന്നുമില്ല. ഒരുകാലത്ത് ബീഡി തെറുപ്പിന് പ്രശസ്തമായിരുന്നു ആലത്തൂര്‍. ഒരു കുടില്‍ വ്യവസായമായിരുന്ന ഇതില്‍ ആളുകള്‍ വീട്ടില്‍ നിന്ന് ബീഡി തെറുത്ത് ലേബല്‍ ഒട്ടിക്കുന്നതിനും പാക്ക് ചെയ്യുന്നതിനുമായി നിര്‍മ്മാണ കമ്പനികളില്‍ ബീഡി എത്തിക്കുമായിരുന്നു. പുകവലിക്ക് എതിരായ ബോധവല്‍ക്കരണങ്ങള്‍ കൊണ്ടും ബീഡിക്ക് എതിരായ പ്രചരണങ്ങള്‍ കൊണ്ടും ഇന്ന് ബീഡി ഉല്‍പാദനം ഗണ്യമായി കുറഞ്ഞു. മറ്റൊരു കുടില്‍വ്യവസായം അഗര്‍ബത്തി (ചന്ദനത്തിരി) നിര്‍മ്മാണമാണ്. അടുത്തകാലത്തായി എരിമായൂര്‍ പഞ്ചായത്തിനടുത്തുള്ള മഞ്ഞല്ലൂരില്‍ ചില ഒരുക്ക് നിര്‍മ്മാണശാലകള്‍ തുടങ്ങിയിട്ടുണ്ട്. പണ്ട് നെല്ലുകുത്തുന്നതിനും നെല്ല് പുഴുങ്ങുന്നതിനുമായി ഒരുപാട് അരിമില്ലുകള്‍ ആലത്തൂരിലുണ്ടായിരുന്നു. ഇന്ന് നെല്‍കൃഷി ആദായകരമല്ലാത്തതിനാല്‍ ഇവയില്‍ മിക്കവയും അടച്ചുപൂട്ടിയിരിക്കുന്നു.
[തിരുത്തുക] വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
ഹൈയര്‍ സെക്കന്ററി തലം വരെ പഠിപ്പിക്കുന്ന ഒരുപാടു വിദ്യാലയങ്ങള്‍ ആലത്തൂരിലുണ്ട്. ശാസ്ത്ര-കലാ വിഷയങ്ങള്‍ക്കായി രണ്ടു കലാലയങ്ങളും ഒരു എഞ്ജിനിയറിംഗ് കോളെജും ആലത്തൂരിലുണ്ട്.
[തിരുത്തുക] ഗതാഗതം
ദേശീയപാത 47 ആലത്തൂര്‍ താലൂക്കിലൂടെ കടന്നുപോവുന്നു. അതുകൊണ്ട് കേരളത്തിന്റെ എല്ലാ ഭാഗങ്ങളുമായി ആലത്തൂര്‍ റോഡ് മാര്‍ഗ്ഗം ബന്ധിക്കപ്പെട്ടിരിക്കുന്നു. തൃശ്ശൂരില്‍ നിന്നും പാലക്കാടുനിന്നും ഒരുപാട് സ്വകാര്യ ബസ്സുകള്‍ ആലത്തൂരിലേക്ക് ലഭ്യമാണ്.
ആലത്തൂരിലേക്ക് റെയില്‍വേ പാതകള്‍ ഇല്ല. തൃശ്ശൂരിലേക്കുള്ള വഴിക്ക് കുതിരനിലുള്ള മലനിരകളാണ് ഇതിനു കാരണം. അടുത്തകാലത്തായി സര്‍ക്കാര്‍ കൊല്ലങ്കോട്-തൃശ്ശൂര്‍ റെയില്‍ പാത നിര്‍മ്മിക്കാനുള്ള പദ്ധതി പുനരുജ്ജീവിപ്പിച്ചു. ഇത് ആലത്തൂരിന് ഒരു അനുഗ്രഹമായി മാറിയേക്കാം.
[തിരുത്തുക] പ്രശസ്തരായ ആലത്തൂരുകാര്‍
കേരളത്തിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പല പ്രശസ്തരുടെയും ജന്മദേശം ആലത്തൂരാണ്. മാതൃഭൂമി ദിനപ്പത്രത്തിന്റെ ആദ്യത്തെ എഡിറ്റര്‍ ആയ കെ.പി. കേശവമേനോന്‍, പ്രശസ്ത സംഗീതജ്ഞനായ ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, പ്രശസ്ത സന്യാസിയും വിദ്യാഭ്യാസ വിചക്ഷണനുമായ ബ്രഹ്മാനന്ദസ്വാമി ശിവയോഗി, സ്വാമി ചിന്‍മയാനന്ദയുടെ ഗുരുവായ സ്വാമി തപോവനം എന്നിവര്‍ ഇവരില്‍ ചിലരാണ്.
[തിരുത്തുക] ഉത്സവങ്ങളും ആചാരങ്ങളും
തദ്ദേശവാസികള്‍ക്ക് ഇടയ്ക്ക് ആലത്തൂര്‍ താലൂക്കിലെ ഗ്രാമങ്ങളിലുള്ള ‘വേല’, ‘പൂരം’ ഉത്സവങ്ങള്‍ വളരെ പ്രിയങ്കരമാണ്. ഇവയില്‍ പ്രധാനമായത് ‘കാവശ്ശേരി പൂരം‘, ‘പുതിയങ്കം-കാട്ടുശ്ശേരി വേല‘, ‘കുനിശ്ശേരി കുമ്മാട്ടി‘ എന്നിവയാണ്.
ചുങ്കമന്നത്ത് നടത്തുന്ന ‘തെരുവത്ത് പള്ളിനേര്‍ച്ച‘ തമിഴ്നാട്ടില്‍ നിന്നും തദ്ദേശത്തുനിന്നും ഒരുപാട് ആളുകളെ ആകര്‍ഷിക്കുന്നു. പൊള്ളാച്ചിയില്‍ നിന്നും പലയിടങ്ങളില്‍ നിന്നും ധാരാളം ജനങ്ങള്‍ നേര്‍ച്ച കാണുവാനായി കാളവണ്ടിയില്‍ കയറി വരുന്നു.
ഓണാഘോഷ സമയത്ത് ചിത്താലിയില്‍ നടത്തുന്ന കാളയോട്ടം പ്രശസ്തമാണ്. കന്നുകളുടെ യജമാനന്മാര്‍ തമ്മില്‍ ഏറ്റവും നല്ല കന്നുകളെ പൂട്ടുന്നതിനായി കൊടിയ മത്സരമാണ് നിലവിലുള്ളത്.
വെളിച്ചെണ്ണയില്‍ വറുത്ത നേന്ത്രക്കാ പൊരിയലിന് (ഏത്തക്കാ ചിപ്സ്) ആലത്തൂര്‍ പ്രശസ്തമാണ്. ഇവ വില്‍ക്കുന്ന കടകളില്‍ പ്രശസ്തമായ ‘എസ്.എന്‍.ആര്‍’ എന്ന കട സ്ഥാപിച്ചിട്ട് നാല്പതുവര്‍ഷത്തിലേറെയായി. ഈ കടയ്ക്കുമുന്‍പില്‍ ബസ്സുനിറുത്തുമ്പോള്‍ യാത്രക്കാര്‍ പുറത്തിറങ്ങി ചിപ്സ് വാങ്ങുന്നത് ആലത്തൂരിലെ ഒരു സാധാരണ കാഴ്ചയാണ്. സംസ്ഥാനത്തിനു പുറത്തു ജോലിചെയ്യുന്നവര്‍ കൂട്ടുകാര്‍ക്കും സഹ ഉദ്യോഗസ്ഥര്‍ക്കും ആലത്തൂരുനിന്നും സമ്മാനമായി ചിപ്സ് വാങ്ങിക്കൊണ്ടുപോവുന്നത് സാധാരണമാണ്.
കുഴല്‍മന്നത്ത് എല്ലാ ആഴ്ചയും നടക്കുന്ന കാലിച്ചന്തയില്‍ കാലികളെ കൂട്ടത്തോടെ വില്‍ക്കുന്നു. തമിഴ്നാടില്‍ നിന്നും തൃശ്ശൂര്‍ ജില്ലയിലും മറ്റുള്ള സ്ഥലങ്ങളിലും വില്‍ക്കുവാനായി കാലികളെ കൂട്ടത്തോടെ കൊണ്ടുവരുന്നു. കേരളത്തിന്റെ തെക്കന്‍ ജില്ലകള്‍ മാട്ടിറച്ചിയുടെ പ്രധാന ഉപയോക്താക്കളാണ്. കാലികളെ ലോറികളില്‍ മനുഷ്യപ്പറ്റില്ലാതെ തിക്കിനിറച്ച് കൊണ്ടുവരുന്നത് ഒരു ദയനീയമായ കാഴ്ച്ചയാണെങ്കിലും ഇതുവരെ മൃഗ സംരക്ഷണ സമിതികളില്‍ നിന്നോ എസ്.പി.സി.എ തുടങ്ങിയ സംഘടനകളില്‍ നിന്നോ പ്രധാനപ്പെട്ട നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല.
[തിരുത്തുക] വനങ്ങള്‍
ചൂളന്നൂരിന് അടുത്തുള്ള മയിലാടുംപാറ വനങ്ങളില്‍ കാട്ടുകോഴികളുടെ വിഹാരരംഗമാണ്. കേരള സംസ്ഥാന വന്യജീവി വകുപ്പ് ഈ കാടുകളെ ഒരു സംരക്ഷിത പ്രദേശമായി പ്രഖ്യാപിച്ചിരിക്കുന്നു.
മംഗളം ഡാം ആലത്തൂരിന് അടുത്താണ്. വണ്ടാഴി, കിഴക്കാഞ്ചേരി, മുടപ്പല്ലൂര്‍, വടക്കാഞ്ചേരി തുടങ്ങിയ പരിസര പ്രദേശങ്ങളിലെ വയലുകള്‍ക്ക് മംഗളം ഡാമില്‍ നിന്ന് ജലസേചനം ലഭിക്കുന്നു.
[തിരുത്തുക] ആലത്തൂര്‍ താലൂക്കിലെ പഞ്ചായത്തുകള്‍
- ആലത്തൂര്‍
- എരിമായൂര്‍
- കണ്ണമ്പ്ര
- കാവശ്ശേരി
- കിഴക്കാഞ്ചേരി
- കൊട്ടായി
- കുത്തനൂര്‍
- കുഴല്‍മന്നം
- മത്തൂര്‍
- മെലാര്ക്കോട്
- പെരിങ്ങോട്ടുക്കുറിശ്ശി
- പുതുക്കോട്
- തരൂര്‍
- തെങ്കുറിശ്ശി
- വടക്കാഞ്ചേരി
- വണ്ടാഴി
[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികള്‍
- http://www.Koduvayur.net - കൊടുവായൂര്‍ വെബ് വിലാസം. കൊടുവായൂര്‍ ആലത്തൂരിന് 10 കിലോമീറ്റര്‍ പടിഞ്ഞാറാണ്.