കന്യാകുമാരി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കന്യാകുമാരി | |
അപരനാമം: കന്നിയാകുമരി | |
വിക്കിമാപ്പിയ -- 8.0919° N 77.5403° E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ജില്ല |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | തമിഴ്‌നാട് |
ജില്ല | കന്യാകുമാരി |
ഭരണസ്ഥാപനങ്ങള്‍ | |
' | |
വിസ്തീര്‍ണ്ണം | 1689ചതുരശ്ര കിലോമീറ്റര്‍ |
ജനസംഖ്യ | 1,676,034 |
ജനസാന്ദ്രത | 992//ച.കി.മീ |
കോഡുകള്‍ • തപാല്‍ • ടെലിഫോണ്‍ |
629 xxx ++914652 / +914651 |
സമയമേഖല | UTC +5:30 |
പ്രധാന ആകര്‍ഷണങ്ങള്‍ | വിവേകാനന്ദപ്പാറ, തിരുവള്ളുവര്‍ പ്രതിമ, ഗാന്ധിമണ്ഡപം, സണ്‍റൈസ് പോയിന്റ്, പത്മനാഭപുരം കൊട്ടാരം,
ശുചീന്ദ്രം ക്ഷേത്രം, വട്ടക്കോട്ട, മുട്ടം ബീച്ച്, തൃപ്പരപ്പ് വെള്ളച്ചാട്ടം, നാഗര്‍കോവില്‍ നാഗരാജക്ഷേത്രം |
കന്യാകുമാരി(கன்னியாகுமரி എന്നു തമിഴില്‍). തമിഴ്നാട് സര്‍ക്കാര്‍ രേഖകളില്‍ തമിഴ്വത്കരിച്ച നാമമായ “കന്നിയാകുമരി” എന്ന് കാണാം. ഇന്ത്യന്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലെ ഒരു പട്ടണമാണ് കന്യാകുമാരി. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റത്തെ മുനമ്പാണു കന്യാകുമാരി. ബ്രിട്ടീഷ് ഭരണകാലത്ത് കേപ് കൊമറിന്‍ എന്നറിയപ്പെട്ടിരുന്നു. ഏറ്റവും അടുത്തുള്ള പ്രധാന നഗരം കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരമാണ്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
ബംഗാള്‍ ഉള്‍ക്കടലിന്റെയും അറബിക്കടലിന്റെയും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെയും തീരത്തുള്ള കുമാരി അമ്മന്‍ ക്ഷേത്രത്തില്‍ നിന്നുമാണ് കന്യാകുമാരിക്ക് ഈ പേര് കിട്ടിയത്. പാര്‍വതിയുടെ അവതാരമായ കന്യാ ദേവിക്ക് ശിവനുമായുള്ള വിവാഹം തടസ്സപ്പെട്ടെന്നും വിവാഹത്തിനായ് തയ്യാറാക്കിയ അരിയും മറ്റു ധാന്യങ്ങളും പാചകം ചെയ്യാനാകാതെ പോയെന്നുമാണ് ഐതിഹ്യം. ഇന്നും സന്ദര്‍ശകര്‍ക്ക് നടക്കാതെ പോയ ഈ വിവാഹത്തിന്റെ സ്മരണാര്‍ത്ഥം അരിയുടെ രൂപത്തിലുള്ള കല്ലുമണികള്‍ ഇവിടെ നിന്നും വാങ്ങാം. കന്യകയായ് തന്നെ തുടരുന്ന കന്യാ ദേവി സന്ദര്‍ശകരെ അനുഗ്രഹിന്നുണ്ടെന്നാണ് വിശ്വാസം.
ഹനുമാന്‍ അമര്‍ത്യതക്കുള്ള മൃതസഞ്ജീവനി പര്‍വ്വതം ഹിമാലയത്തില്‍ നിന്നും ലങ്കയിലേക്ക് കൊണ്ടു വരുമ്പോള്‍ അതില്‍ നിന്നും ഒരു കഷ്ണം ഇവിടെ വീണു പോയെന്നും അങ്ങനെയാണ് കന്യാകുമാരിയിലെ മരുത്വമല ഉണ്ടായതെന്നും മറ്റൊരൈതിഹ്യമുണ്ട്. കന്യാകുമാരി പ്രദേശത്ത് കാണപ്പെടുന്ന അനേകം ഔഷധ സസ്യങ്ങള്‍ ഇപ്രകാരമാത്രേ ഉണ്ടായത്. സിദ്ധം, ആയുര്‍വേദം, വര്‍മകല എന്നീ പാരമ്പര്യ ചികിത്സാ മുറകളും കന്യാകുമാരി ജില്ലയില്‍ പ്രബലമാണ്.
നൂറ്റാണ്ടുകളായ് ആദ്ധ്യത്മിക കേന്ദ്രവും കലാ കേന്ദ്രവുമാണ് കന്യാകുമാരി. കന്യാകുമാരി ഒരു വ്യാപാര കേന്ദ്രവുമായിരുന്നു. ചേര, ചോള, പാണ്ട്യ, നായക രാജാക്കന്മാര്‍ കന്യാകുമാരി ഭരിച്ചിട്ടുണ്ട്. പില്‍ക്കാലത്ത് കന്യാകുമാരി പത്മനാഭപുരം ആസ്ഥാനമായ വേണാടിന്റെ ഭാഗമായിത്തീര്‍ന്നു. വേണാട് ഭരിച്ചിരുന്ന അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ 1729 മുതല്‍ 1758 വരെയുള്ള കാലഘട്ടത്തില്‍ വേണാടിന്റെ അതിര്‍ത്തി ആലുവ വരെ വികസിപ്പിച്ച് തിരുവിതാംകൂര്‍ സ്ഥാപിച്ചതിനു ശേഷം കന്യാകുമാരി ജില്ല തെക്കന്‍ തിരുവിതാംകൂര്‍ എന്ന് അറിയപ്പെടുന്നു. 1741-ഇല്‍ പ്രസിദ്ധമായ കുളച്ചല്‍ യുദ്ധത്തില്‍ മാര്‍ത്താണ്ടവര്‍മ്മ മഹാരാജാവ് ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ പരാജയപ്പെടുത്തി. 1947 വരെ കന്യാകുമാരി തിരുവിതാംകൂറിന്റെ ഭാഗമായ് തുടര്‍ന്നു. 1947-ഇല്‍ തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ചേരുകയും രാജഭരണം അവസാനിക്കുകയും ചെയ്തു. 1949 -ഇല്‍ തിരു-കൊച്ചി സംസ്ഥാനം രൂപവല്‍ക്കരിച്ചപ്പോള്‍ കന്യാകുമാരിയും തിരു-കൊച്ചിയുടെ ഭാഗമായ് മാറി. 1956-ഇല്‍ ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന അതിര്‍ത്തികള്‍ പുനര്‍ നിര്‍ണ്ണയിച്ചപ്പോള്‍ കന്യാകുമാരി തമിഴ് നാട് സംസ്ഥാനത്തിന്റെ ഭാഗമായ് മാറി.
കന്യാകുമാരി മുനമ്പില്‍ നിന്നുള്ള സൂര്യ ഉദയ, അസ്തമന കാഴ്ച്ചകള്‍ ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്.
[തിരുത്തുക] ഭൂമിശാസ്‌ത്രം
സമുദ്രനിരപ്പില്‍ സ്ഥിതി ചെയ്യുന്നു. അറബിക്കടലിന്റെയും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെയും ബംഗാള്‍ ഉള്‍ക്കടലിന്റെയും സംഗമസ്ഥാനമാണ് കന്യാകുമാരി. പശ്ചിമഘട്ടവും പൂര്‍വ്വഘട്ടവും അവസാനിക്കുന്നത് കന്യാകുമാരിയിലാണ്. വടക്കും കിഴക്കും തിരുനെല്‍വേലി ജില്ലയുമായും, പടിഞ്ഞാറും വടക്കു പടിഞ്ഞാറും തിരുവനന്തപുരവുമായും അതിര്‍ത്തി പങ്കിടുന്നു.
[തിരുത്തുക] ഭരണവും രാഷ്ട്രീയവും
1956-ഇല്‍ കന്യാകുമാരി ജില്ലയെ തിരു-കൊച്ചിയില്‍ നിന്നും വേര്‍പെടുത്തി തമിഴ് നാട്ടില്‍ ലയിപ്പിച്ചെങ്കിലും, അന്ന് നിലവിലുണ്ടായിരുന്ന പ്രാദേശിക ഭരണകൂടങ്ങളെ 1962 വരെ അതേപടി തുടരാന്‍ അനുവദിച്ചു. 1959-ലെ തമിഴ് നാട് പഞ്ചായത്ത് നിയമം 1962 ഏപ്രില്‍ 1-നാണ് കന്യാകുമാരി ജില്ലയില്‍ നിലവില്‍ നന്നത്. 59 നഗര പഞ്ചായത്തുകളും 99 ഗ്രാമപഞ്ചായത്തുകലും കന്യാകുമാരി ജില്ലയിലുണ്ട്. നാഗര്‍കോവില്‍, പത്മനാഭപുരം, കുളച്ചല്‍, കുഴിത്തുറ എന്നീ നാല് നഗരസഭകളാണ് ജില്ലയിലുള്ളത്. നാഗര്‍കോവില്‍ നഗരമാണ് ജില്ലയുടെ ഭരണ സിരാകേന്ദ്രം. അഗസ്ഥീശ്വരം, രാജാക്കമംഗലം, തോവാള, മുഞ്ചിറ, കിള്ളിയൂര്‍, കുരുന്തന്‍കോട്, മേല്‍പ്പുറം, തിരുവട്ടാര്‍, തക്കല എന്നിവയാണ് ജില്ലയിലെ പഞ്ചായത്ത് യൂണിയനുകള്‍.
[തിരുത്തുക] ജനവിഭാഗങ്ങളും സംസ്‌കാരവും
സംസ്കാരസമ്പന്നമാണ് കന്യാകുമാരി ജില്ല. തമിഴും മലയാളവുമാണ് പ്രധാന ഭാഷകള്‍. ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം മതവിഭാഗങ്ങള്‍ ഇവിടെ വസിക്കുന്നു. വിദ്യാഭ്യാസ, ഗതാഗത രംഗങ്ങളിലുണ്ടായ മുന്നേറ്റം കാരണം ജാതി വേര്‍തിരിവുകള്‍ ഇപ്പോള്‍ വിരളമാണ്. ജില്ലയിലെ പ്രധാന ജനവിഭാഗങ്ങള്‍ നാടാര്‍, നാഞ്ചിനാട് വെള്ളാളര്‍, പറവര്‍, മുക്കുവര്‍, വിളക്കി തളനയര്‍, കമ്മാളര്‍, ആശാരി, നായര്‍, ചക്കരേവാര്‍, കേരള മുതലിയാര്‍ എന്നിവരാണ്.
[തിരുത്തുക] പ്രധാന ആഘോഷങ്ങള്‍
ശുചീന്ദ്രം രഥോത്സവം, മണ്ടയ്‌ക്കാട് കൊട, കുമാരകോവില്‍ തൃക്കല്ല്യാണ ഉത്സവം, കോട്ടാര്‍ സെന്റ് സേവ്യേഴ്‌സ് തിരുനാള്‍ എന്നിവ പ്രതിവര്‍ഷം നിരവദി തീര്‍ത്ഥാടകരെ ആകര്‍ഷിക്കുന്നു. പൊങ്കല്‍, ദീപാവലി, ഓണം, ക്രിസ്തുമസ്, റംസാന്‍ എന്നിവയും കന്യാകുമാരി ജില്ലയില്‍ കൊണ്ടാടുന്നു.
[തിരുത്തുക] കലാരൂപങ്ങള്‍
വില്‍പ്പാട്ട്, തിരുവാതിരക്കളി,കളിയല്‍, കഥകളി, ഓട്ടന്‍ തുള്ളല്‍, കരഗം നൃത്തം, കളരി എന്നിവയാണ് ജില്ലയിലെ പരമ്പരാഗത കലാരൂപങ്ങള്‍.
[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികള്‍
- http://www.kanyakumari.tn.nic.in/ - കന്യാകുമാരി ജില്ലയുടെ വെബ് വിലാസം
- http://www.tn.gov.in/dear/ch17.pdf - തമിഴ്നാട് - ജില്ലാ അടിസ്ഥാനത്തില്‍ ജനസംഖ്യാ സ്ഥിതി വിവരക്കണക്കുകള്‍