കെ.ജെ. യേശുദാസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ. ജെ. യേശുദാസ് അഥവാ കട്ടാശേരി ജോസഫ് യേശുദാസ്(ജനനം.ജനുവരി 10, 1940, ഫോര്‍ട്ട് കൊച്ചി, കേരളം) മലയാള സംഗീതരംഗത്തെ ഇതിഹാസമാണ്. ചലച്ചിത്ര പിന്നണിഗായകന്‍ എന്നനിലയില്‍ പൊതുവേദിയിലെത്തിയ യേശുദാസ്, ലോകത്തെമ്പാടുമുള്ള മലയാളികളുടെ ഹൃദയത്തോടു ചേര്‍ന്നിരിക്കുന്ന വ്യക്തിത്വമാണ്. അരനൂറ്റാണ്ടിലേറെ സംഗീതരംഗത്ത് സമഗ്രാധിപത്യം സ്ഥാപിച്ച അദ്ദേഹം, ഹിന്ദി, തമിഴ് തുടങ്ങിയ പ്രധാന ഇന്ത്യന്‍ ഭാഷകളിലും പാടിയിട്ടുണ്ട്. ചലച്ചിത്ര സംഗീതലോകത്തുമാത്രമല്ല, കര്‍ണ്ണാടകസംഗീത രംഗത്തും ഈ ഗായകന്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. മലയാളികള്‍ക്ക് ഒരു ഗായകന്‍ എന്നതിലേറെ യേശുദാസ് ഒരു സാംസ്കാരിക ചിഹ്നമാണ്. ജാതിമത ഭേദങ്ങളില്ലാതെ എല്ലാ കേരളീയരും അദ്ദേഹത്തെ ബഹുമാനിക്കുന്നു. ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഒരു മതത്തോടും സ്ഥായിയായ അനുഭാവം പുലര്‍ത്താത്ത അദ്ദേഹത്തെ ചിലവേളകളില്‍ ആരാധകര്‍ ദാര്‍ശിനികനായിപ്പോലും കാണുന്നു. ജനപ്രിയ ഗാനങ്ങളാണ് ഏറ്റവുമധികം ആലപിച്ചിട്ടുള്ളതെങ്കിലും യേശുദാസ് ശുദ്ധസംഗീതത്തെ അങ്ങേയറ്റം വിലമതിക്കുകയും അതിന്റെ ഉദാത്ത മേഖലകളെ സ്പര്‍ശിക്കുവാന്‍ പരിശ്രമിക്കുകയും ചെയ്യുന്നയാളാണ്.
ഉള്ളടക്കം |
[തിരുത്തുക] ജീവിതരേഖ
[തിരുത്തുക] ബാല്യകാലം, ആദ്യപാഠങ്ങള്‍
ഫോര്‍ട്ടുകൊച്ചിയിലെ ലത്തീന്‍ കത്തോലിക്കാ കുടുംബത്തില്‍ അറിയപ്പെടുന്ന സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെ മകനായാണ് യേശുദാസ് ജനിച്ചത്. ശാസ്ത്രീയ സംഗീതത്തോട് അതും കര്‍ണ്ണാടക സംഗീതത്തോട് വലിയ മമത പുലര്‍ത്താത്ത ഒരു സമുദായത്തില്‍ ശുദ്ധസംഗീതത്തിലേക്ക് യേശുദാസിനെ കൈപിടിച്ചു നടത്തിയത് അച്ഛന്‍ തന്നെയായിരുന്നു. കലയ്ക്കു വേണ്ടി ജീവിതം ഒഴിഞ്ഞുവച്ച അഗസ്റ്റിന്‍ ജോസഫ് വളരെ കഷ്ടപ്പെട്ടാണ് കുടുംബം പുലര്‍ത്തിയിരുന്നത്. ബാല്യകാലത്ത് താനനുഭവിച്ച ദുരിതങ്ങളെപ്പറ്റി യേശുദാസ് തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഈ കഷ്ടപ്പാടുകള്‍ക്കിടയിലും മകനിലെ സംഗീത വാസനയെ പരിപോഷിപ്പിക്കാന്‍ അധ്വാനിക്കുകയായിരുന്നു അഗസ്റ്റിന്‍.
അച്ഛന്‍ പാടിത്തന്ന പാഠങ്ങള്‍ മനസില്‍ ധ്യാനിച്ച യേശുദാസ് പന്ത്രണ്ടാം വയസില്‍ ആദ്യത്തെ കച്ചേരി അവതരിപ്പിച്ചു. അതോടെ നാട്ടുകാര്‍ ദാസപ്പന്‍ എന്ന ഓമനപ്പേരില്‍ ആ ബാലനെ ലാളിച്ചു തുടങ്ങി. തിരുവനന്തപുരത്തെ മ്യൂസിക് അക്കാദമി, തൃപ്പൂണിത്തുറ ആര്‍. എല്‍. വി, സംഗീത കോളജ് എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ സംഗീത വിദ്യാഭ്യാസം. പഠനകാലത്ത് സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ ലളിതഗാനാലാപനത്തിന് ഒന്നാം സ്ഥാനം നേടിയിരുന്നു. ഗാനഭൂഷണം പാസായ ശേഷം ആകാശവാണി നടത്തിയ ശബ്ദപരിശോധനയില്‍ പങ്കെടുത്ത യേശുദാസ് അവിടെ പരാജയപ്പെട്ട ചരിത്രവുമുണ്ട്. സംഗീതം നിരന്തര സാധനയാക്കാനുറച്ച ഈ ഗായകന്‍ കര്‍ണ്ണാടക സംഗീതത്തിലെ മുടിചൂടാ മന്നനായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴില്‍ ശാസ്ത്രീയസംഗീതം അഭ്യസിച്ചു. 1974-ല്‍ ചെമ്പൈയുടെ മരണംവരെ ഇതു തുടര്‍ന്നു പോന്നു.
[തിരുത്തുക] ആദ്യ ഗാനം
സംഗീത പഠനം കഴിഞ്ഞയുടന്‍ 'നല്ലതങ്ക' എന്ന ചിത്രത്തില്‍ പാടാന്‍ യേശുദാസിനെ പരിഗണിച്ചിരുന്നെങ്കിലും നിലവാരമില്ലെന്ന കാരണം പറഞ്ഞ് തഴഞ്ഞു. നിരാശനാകാതെ ദാസ് പരിശ്രമിച്ചുകൊണ്ടേയിരുന്നു. 1961 നവംബര്‍ 16നാണ് യേശുദാസിന്റെ ആദ്യഗാനം റിക്കോഡ് ചെയ്തത്. കെ. എസ്. ആന്റണി എന്ന സംവിധായകന്‍ തന്റെ 'കാല്‍പ്പാടുകള്‍' എന്ന സിനിമയില്‍ പാടാന്‍ അവസരം നല്‍കി. സിനിമയിലെ മുഴുവന്‍ ഗാനങ്ങളും പാടാനായിരുന്നു ക്ഷണിച്ചിരുന്നതെങ്കിലും ജലദോഷംമൂലം ഒരു ഗാനം മാത്രമേ പാടാനായുള്ളു. അങ്ങനെ 'ജാതിഭേദം മതദ്വേഷം' എന്നു തുടങ്ങുന്ന ഗുരുദേവകീര്‍ത്തനം പാടി യേശുദാസ് ചലച്ചിത്ര സംഗീതലോകത്ത് ഹരിശ്രീ കുറിച്ചു. ചെന്നൈ(പഴയ മദ്രാസ്)യിലെ ഭരണി സ്റ്റുഡിയോയിലായിരുന്നു ആദ്യ ഗാനത്തിന്റെ റിക്കോഡിംഗ് നടന്നത്. എം. ബി. ശ്രീനിവാസനായിരുന്നു ഈ ഗാനം ചിട്ടപ്പെടുത്തിയത്. മലയാള സിനിമയില്‍ പിന്നീടുകണ്ടത് യേശുദാസിന്റെ സ്വരപ്രപഞ്ചമാണ്.
[തിരുത്തുക] മറക്കാത്ത ഗാനങ്ങള്‍
ആദ്യകാലത്ത് പാടിയ സിനിമാ ഗാനങ്ങളാണ് യേശുദാസിന്റെ ആരാധകര്‍ എന്നും നെഞ്ചിലേറ്റുന്നത്. മലയാള സിനിമാ സംഗീതത്തിന്റെ പ്രതാപകാലമായിരുന്ന അറുപതുകളിലും എഴുപതുകളിലും(1960-1980) പാടാന്‍ അവസരം ലഭിച്ചു എന്നതാണ് ദാസിനു ലഭിച്ച അപൂര്‍വ്വഭാഗ്യം. സംഗീത സംവിധായകരായി ദക്ഷിണാമൂര്‍ത്തി, എം. എസ്. ബാബുരാജ്, ദേവരാജന്‍ എന്നിവരും ഗാനരചയിതാക്കളായി വയലാര്‍, പി. ഭാസ്കരന്‍, ഓ. എന്‍. വി. എന്നിവരും നിറഞ്ഞുനിന്ന അക്കാലത്ത് ഈ കൂട്ടുകെട്ടിനൊപ്പം യേശുദാസും ചേര്‍ന്നപ്പോള്‍ പിറന്നത് ഒരുപിടി നല്ലഗാനങ്ങളാണ്. മനസിനെ തൊട്ടുണര്‍ത്തുന്ന സംഗീതവും ഉള്ളില്‍ത്തട്ടുന്ന വരികളും അക്കാലത്തെ ഗാനങ്ങളുടെ പ്രത്യേകതയായിരുന്നു. ഈ വര്‍ഷങ്ങളില്‍ ജനിച്ചിട്ടില്ലാത്ത കേരളത്തിലെ യുവതലമുറ പോലും യേശുദാസിന്റെ പഴയഗാനങ്ങള്‍ കേള്‍ക്കാനാണ് ഇഷ്ടപ്പെടുന്നത്.