ഭീമന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഹാഭാരതത്തിലെ അതിശക്തനായ യോദ്ധാവാണ് ഭീമന്‍ (സംസ്കൃതം: भीम, bhīm; നേപ്പാളി: भीम, bhim) അഥവാ ഭീമസേനന്‍ (സംസ്കൃതം: भीमसेन, bhīmaséna). കുന്തിക്ക് വായുഭഗവാനില്‍ ജനിച്ച ഭീമന്‍ പാണ്ഡവ കുലത്തിലെ രണ്ടാമനാണ്. കര്‍ണനെ പരിഗണിച്ചാല്‍ കുന്തിയുടെ മക്കളില്‍ മൂന്നാമനാണ് ഭീമന്‍. തന്റെ സഹോദരങ്ങളെ അപേക്ഷിച്ച് വലിപ്പത്തിലും ശക്തിയിലും ഒന്നാമനായിരുന്ന ഭീമന്‍ മൂന്നുലോകങ്ങളിലും (ഭൂമി, പാതാളം, സ്വര്‍ഗ്ഗം) ഏറ്റവും ശക്തനായി കരുതപ്പെട്ടിരുന്നു. ദുര്യോധനനും ഭീമനും തമ്മില്‍ ഏറ്റവും ശക്തനായ ഗദാധാരി എന്ന പദവിക്കായി ആയുഷ്കാലം മുഴുവന്‍ മത്സരമായിരുന്നു. മഗധയിലെ രാജാവായ ജരാസന്ധനെ ദ്വന്ദയുദ്ധത്തില്‍ തോല്‍പ്പിച്ച് കൊലപ്പെടുത്തിയ ഭീമന്‍ തന്റെ സഹോദരര്‍ക്ക് രാജസൂയ യജ്ഞത്തില്‍ പങ്കെടുക്കുവാനുള്ള അനുവാദം നേടി.[1]. കൈകള്‍ ഉപയോഗിച്ച് ദ്വന്ദയുദ്ധം ചെയ്യുന്നതായിരുന്നു ഭീമന് ഇഷ്ടം. ആനകളെ തന്റെ കൈപ്പത്തികൊണ്ട് അടിച്ച കൊല്ലുവാന്‍ ശക്തനായ ഭീമന്‍ തറയില്‍ ചാടി ഭൂമികുലുക്കം ഉണ്ടാക്കുവാന്‍ മാത്രം ശക്തനായിരുന്നു എന്ന് ഇതിഹാസം പറയുന്നു.
പൊതുവേ ബഹുമാനിതനെങ്കിലും ഭീമന്‍ പലപ്പോഴും മുന്‍കോപത്തോടെ പെരുമാറിയിരുന്നു. തന്റെ ശക്തിയില്‍ അല്പം അഹങ്കരിച്ചിരുന്ന ഭീമനെ എളിമയുടെ വില അദ്ദേഹത്തിന്റെ ആത്മ സഹോദരനായ ഹനുമാന്‍ പഠിപ്പിക്കുന്ന കഥയാണ് കല്യാണസൌഗന്ധികം.
തന്റെ പ്രിയപത്നിയായ ദ്രൌപദിയെപ്പോലെ ഭീമനും കൃഷ്ണന്റെ ഇംഗിതങ്ങളനുസരിച്ച് ജീവിച്ചിരുന്നു. കുട്ടിക്കാലം മുതല്‍ക്കേ പോരാടുവാന്‍ ഇഷ്ടപ്പെട്ട ഭീമന്‍ കുരുക്ഷേത്ര യുദ്ധത്തിന് ഏതാനും നാള്‍ മുന്‍പുവരെ യുദ്ധത്തിനിറങ്ങുവാന്‍ വിമുഖനായിരുന്നു. ലക്ഷങ്ങള്‍ ഈ യുദ്ധത്തില്‍ കൊല്ലപ്പെടും എന്ന തിരിച്ചറിവായിരുന്നു ഇതിനു കാരണം. കുരുക്ഷേത്ര യുദ്ധത്തില്‍ ഭീമന്‍ ഒറ്റയ്ക്ക് ആറ് അക്ഷൌഹിണിപ്പടകളെ വകവരുത്തി എന്നാണ് ഇതിഹാസം.
കുന്തിയുടെ ആഗ്രഹം അനുസരിച്ച് തന്റെ സഹോദരരോടൊത്ത് ഭീമനും ദ്രൌപദിയെ വിവാഹം ചെയ്തു. ദ്രൌപദിയോടൊത്ത് കിടപ്പറ പങ്കിടാന്‍ യുധിഷ്ഠിരന്‍ കഴിഞ്ഞ് രണ്ടാമൂഴമാണ് ഭീമന്. എം.ടിയുടെ പ്രശസ്ത കൃതിയായ ‘രണ്ടാമൂഴം‘ ഭീമന്റെ ജീവിത കഥയെ ആസ്പദമാക്കി രചിച്ച നോവലാണ്. മലയാളത്തിലെ തന്നെ ഏറ്റവും നല്ല നോവലുകളില്‍ ഒന്നായി രണ്ടാമൂഴം കണക്കാക്കപ്പെടുന്നു. ദ്രൌപദിയെ വിവാഹം ചെയ്യുന്നതിനുമുന്‍പ് തന്റെ സഹോദരരോടൊത്തുള്ള വനവാസത്തിനിടയ്ക്ക് കാട്ടാളനായ ഹിഡിംബനെ ദ്വന്ദയുദ്ധത്തില്‍ വധിച്ച ഭീമന്‍ ഹിഡിംബന്റെ സഹോദരിയായ ഹിഡിംബി എന്ന സുന്ദരിയെ വിവാഹം ചെയ്തു. അവര്‍ക്കുണ്ടായ മകനാണ് ഘടോല്‍ക്കചന്‍. ഘടോല്‍ക്കചന്റെ മകനാണ് ബാര്‍ബാറികന്‍.
ഒരു സേനയെ മുഴുവന്‍ ഒറ്റയ്ക്കു നേരിടുവാനുള്ള കഴിവുള്ളവനായതുകൊണ്ട് പലപ്പോഴും ഭീമനെ ഭീമസേനന്‍ എന്നു വിളിച്ചിരുന്നു. കര്‍ണാടകത്തിലും മഹാരാഷ്ട്രയിലുമായി ഒഴുകുന്ന ഭീമ നദിക്ക് ആ പേരുവന്നത് ഭീമനില്‍ നിന്നാണ്.
[തിരുത്തുക] പ്രമാണാധാരങ്ങള്‍
- ↑ മഹാഭാരതം- മനോജ് പബ്ലിക്കേഷന്‍സ്
[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികള്‍
മഹാഭാരത കഥാപാത്രങ്ങള്‍ | പാണ്ഡവര്‍ |
---|
യുധിഷ്ഠരന്‍ | അര്‍ജ്ജുനന്‍ | ഭീമന്‍ | നകുലന്‍ | സഹദേവന്‍ |
Template:Mahabharata Template:HinduMythology