മനഃശാസ്ത്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മനുഷ്യന്റെ മനസ്, മസ്തിഷ്ക്കം, പെരുമാറ്റം എന്നിവയെ പ്രതിപാദിക്കുന്ന അക്കാദമികവും പ്രായോഗികവുമായ വിജ്ഞാന മേഖലയാണ് മനഃശാസ്ത്രം. വ്യക്തിയുടെ ദൈനംദിന ജീവിത പ്രശ്നങ്ങളും മാനസിക അസ്വസ്തതകളുമുള്‍പ്പെടെ ഒട്ടേറെ മേഖലകളില്‍ മനഃശാസ്ത്രം വെളിച്ചം വീശുന്നു.
മനുഷ്യ പ്രകൃതിയേയും പെരുമാറ്റങ്ങളേയും കൃത്യമായ മാനദണ്ഢത്തിനു വിധേയമാക്കി വിശദീകരിക്കുനതില്‍ മനഃശാസ്ത്രം ഇതരശാസ്ത്രങ്ങളായ സാമ്പത്തിക ശാസ്ത്രം, രാഷ്ട്രതന്ത്രം, സാമൂഹ്യശാസ്ത്രം എന്നിവയേക്കാളേറെ വളരെ മുന്നിലാണ്. ഏതൊരു ശാസ്ത്രശാഖയേയും പോലെ മനഃശാസ്ത്രത്തിനും ഇതര വിജ്ഞാന മേഖലകളുമായി കൈകോര്‍ക്കേണ്ടി വന്നിട്ടുണ്ടെന്നതും വസ്തുതയാണ്. ഉദാഹരണത്തിന് മനഃശാസ്ത്രം നാഡീശാസ്ത്രത്തില്‍ നിന്നും ഏറെ ഭിന്നമാണ്. നാഡീശാസ്ത്രമാകട്ടെ മാനസിക-മസ്തിഷ്ക്കപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതാണ് താനും. അതുകൊണ്ടുതന്നെ ഈ രണ്ട് ശാസ്ത്രശാഖകളേയും സമന്വയിപ്പിച്ച് കൊണ്ട് രൂപപ്പെട്ടതാണ് ന്യൂറോസൈക്കോളജി. ഇത് നാഡീപ്രവര്‍ത്തനങ്ങളെയും അതില്‍ മനസ്സിനുള്ള സ്വാധീനത്തെയും കുറിച്ച് പ്രതിപാദിക്കുന്നു. പ്രാചീന ഗ്രീക്ക് ഭാഷയിലെ "ആത്മാവ്" (soul) എന്നര്‍ത്ഥമുള്ള "സൈക്ക്"(psyche), "പഠനം" എന്നര്‍ത്ഥമുള്ള "ഓളജി"(ology) എന്നീ വാക്കുകളില്‍ നിന്നാണ് സൈക്കോളജി(മനഃശാസ്ത്രം) എന്ന പദമുണ്ടായത്.
[തിരുത്തുക] ചരിത്രം
സൈക്കോളജി എന്ന പദത്തിന് നാം കടപ്പെടിരിക്കുന്നത് റുഡോള്‍ഫ് ഗോക്ലീനിയസ് എന്ന ജര്‍മ്മന്‍ തത്വചിന്തകനോടാണ്. സൈക്കോളജി എന്ന പദത്തിന്റെ മൂലം ആത്മാവ് എന്നര്‍ത്ഥം വരുന്ന സൈക്(psyche) എന്ന ഗ്രീക്ക് വാക്കില്‍ നിന്നാണ്. അന്ന് മനശാസ്ത്രം അറിയപ്പെട്ടിരുന്നത് മതത്തിലെ സാങ്കേതികപദമായ ആത്മാവിനെ കുറിച്ചുള്ള പഠനമായിട്ടാണ്. മസ്തിഷ്ക്കപ്രവര്‍ത്തനത്തെ കുറിക്കുന്നത് എന്നയര്‍ത്ഥത്തില്‍ സൈക്കോളജിയെ നിര്‍വചിക്കുന്നത് തോമസ് വില്ലിസിന്റെ പരാമര്‍ശങ്ങളില്‍ കാണാം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം വരെ മനശാസ്ത്രത്തെ ഫിലോസഫിയുടെ ഉപശാഖയായിട്ടാണ് കണക്കാക്കിയിരുന്നത്. 1879ല്‍ വില്‍ഹെം വണ്ഡ്റ്റ് (Wilhelm Wundt)ജര്‍മ്മനിയിലെ ലീപ്സിഗ് യൂണിവേഴ്സിറ്റിയില്‍ മനശാസ്ത്രപഠനങ്ങള്‍ക്കായി ഒരു പരീക്ഷണശാല ആരംഭിച്ചു. പിന്നീട് വില്ല്യം ജയിംസ് 1890കളില്‍ മനശാസ്ത്രത്തിന്റെ തത്വങ്ങള്‍ (Principles of Psychology) എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. അന്നുവരെ മനശാസ്ത്രജ്ഞര്‍ അന്വേഷിച്ചിരുന്ന പല സമസ്യകള്‍ക്കും ഒരു പരിഹാരം കൂടിയായിരുന്നു ആ ഗ്രന്ഥം. മനശാസ്ത്രത്തിലേക്ക് ആദ്യകാല സംഭാവനകള്‍ നല്‍കിയവരില്‍ ഇവാന്‍ പാവ്‌ലോവ്, ഹെര്‍മന്‍ എബ്ബിംഗസ് എന്നിവര്‍ ഉള്‍പ്പെടുന്നു.