മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ പ്രശസ്തനായ ചെണ്ട, തായമ്പക, പഞ്ചവാദ്യം കലാകാരനാണ് മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി.
കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ എന്ന ചെറിയ ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. ചെണ്ട മാത്രം ഉപയോഗിച്ച് മറ്റ് വാദ്യോപകരണങ്ങളുടെ സഹായമില്ലാതെ വായിക്കുന്ന തായമ്പക ചെണ്ട വിദ്വാന്മാരുടെ കഴിവിന്റെ പൂര്‍ണ്ണത കാണിക്കുന്ന കലയായി കരുതപ്പെടുന്നു. 19-ആം നൂറ്റാണ്ടിലെ തായമ്പക വിദ്വാന്മാരില്‍ നിന്നും ഈ കല പാരമ്പര്യമായി പകര്‍ന്നുകിട്ടിയ കേരളത്തിലെ വാദ്യക്കാരില്‍ പ്രശസ്തനാണ് മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി.
കേരള സംഗീത നാടക അക്കാദമിയുടെ പുരസ്കാരം ശങ്കരന്‍ കുട്ടിക്ക് ലഭിച്ചിട്ടുണ്ട്. കേരള കലാമണ്ഡലം വാദ്യസംഗീതത്തിനുള്ള സംഭാവനകളെ പരിഗണിച്ച് അദ്ദേഹത്തിന് പുരസ്കാരം സമ്മാനിച്ചു.
[തിരുത്തുക] തായ്‌വഴി
ശങ്കരന്‍ കുട്ടിയുടെ പിതാമഹന്മാര്‍ മട്ടന്നൂര്‍ ക്ഷേത്രത്തിലെ ചെണ്ട വാദകരായ മാരാര്‍ മാരായിരുന്നു. സോപാനസംഗീതത്തിന്റെയും ക്ഷേത്രാരാധനകളുടെയും അന്തരീക്ഷത്തിലാണ് മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി വളര്‍ന്നുവന്നത്. വീട്ടില്‍ നിന്നു തന്നെ അദ്ദേഹം ബാല്യത്തിലേ ചെണ്ടയും ഇടക്കയും അഭ്യസിച്ചു. പിന്നീട് പേരൂര്‍ ഗാന്ധിസേവാസദനത്തില്‍ നിന്ന് അദ്ദേഹം കഥകളി ചെണ്ടയില്‍ പാഠങ്ങള്‍ അഭ്യസിച്ചു. ഈ വിദ്യാലയത്തിലെ ഗുരുക്കളായിരുന്ന പല്ലാസ്സന ചന്ദ്ര മന്നടിയാരില്‍ നിന്നും സദനം വാസുവില്‍ നിന്നുമായിരുന്നു അദ്ദേഹം തായമ്പകയും കഥകളി ചെണ്ടയും പഠിച്ചത്. തൃശ്ശൂര്‍ തിരുവമ്പാടി ക്ഷേത്രത്തിലെ ശങ്കര മാരാരില്‍ നിന്നും അദ്ദേഹം ഇടക്കയും പഠിച്ചു. സദനത്തില്‍ നിന്ന് കഥകളി ചെണ്ടയില്‍ ഡിസ്റ്റിംഗ്ഷനോടെ പഠനം പൂര്‍ത്തിയാക്കുമ്പോള്‍ അദ്ദേഹം തായമ്പക, കഥകളി ചെണ്ട, എന്നിവയ്ക്കു പുറമേ സോപാന സംഗീതം, പാണി എന്നിവയിലും നിപുണനായി മാറിയിരുന്നു
ഒരു തായമ്പക വാദ്യക്കാരനായി ഉള്ള ശങ്കരന്‍ കുട്ടിയുടെ തുടക്കം കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു. ആലിപ്പറമ്പില്‍ ശിവരാമ പൊതുവാള്‍, പല്ലാവൂര്‍ അപ്പു മാരാര്‍ തുടങ്ങിയവരുടെ ഇരട്ടത്തായമ്പകയിലെ പ്രിയങ്കരനായ അകമ്പടി വായനക്കാരനായതോടുകൂടി കേരളത്തിലെ സാംസ്കാരിക ലോകം ശങ്കരന്‍ കുട്ടിയെ ശ്രദ്ധിച്ചു തുടങ്ങി.
[തിരുത്തുക] ചെണ്ട വായന
അദ്ദേഹത്തിന്റെ ശക്തമായ ഇടം കൈകൊണ്ടുള്ള ചെണ്ടയടിയും അനുകരിക്കാനാവാത്ത വിധം ശക്തമായ ‘ഉരുളുകൈ’യും വാസനയുടെയും നിത്യാഅഭ്യാസത്തിന്റെയും ഒരു മേളം ഒരുക്കുന്നു. ആദനാഥക്കൂറ് വളരെ പതിയെ വായിച്ച് ചെണ്ടയുടെ യാഥാസ്ഥിതികരായ ആരാധകരുടെ പ്രശംസ പിടിച്ചുപറ്റി. അദ്ദേഹത്തിന്റെ തായമ്പക വായന പക്ഷേ ചെണ്ടയുടെ പാരമ്പര്യമായുള്ള മേളങ്ങളില്‍ നിന്നും വ്യതിചലിച്ചവയായിരുന്നു. തൃശ്ശൂര്‍ പൂരത്തിന് തനിയേ ചിട്ടപ്പെടുത്തി പാരമ്പര്യമായ രീതിയില്‍ നിന്നും മാറി ചെണ്ടവായിച്ചത് യാഥാസ്ഥിതികരായ രസികരില്‍ നിന്നും വിമര്‍ശനം പിടിച്ചുപറ്റി. പക്ഷേ ഇന്ത്യയിലെപ്പാടും സഞ്ചരിച്ച് ചെണ്ടമേളങ്ങള്‍ നടത്തുകയും കിഴക്കിന്റെയും പടിഞ്ഞാറിന്റെയും വാദ്യസംഗീതങ്ങള്‍ കേള്‍ക്കുകയും ചെയ്ത ശങ്കരന്‍ കുട്ടി ചെണ്ടവായനയില്‍ കാലാനുസൃതമായ മാറ്റങ്ങളും പരീക്ഷണങ്ങളും നടത്തുന്നതില്‍ താല്പര്യം കാണിച്ചു.
പ്രശസ്ത മൃദംഗം വായനക്കാരനായ ഉമയാള്‍പുരം ശിവരാമനുമൊത്ത് പലതവണ ജുഗല്‍ബന്ദികളും മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി നടത്തിയിട്ടുണ്ട്. ഇവ വളരെ ജനപ്രിയമാണ്.
തൃശ്ശൂര്‍ പൂരത്തിലെ തിരുവമ്പാടി മേളത്തിലെ പ്രധാനിയായ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി പഞ്ചാരി വാദ്യത്തിന്റെ ഒരു ഭാഗം തൃപുട താളത്തില്‍ നിന്നു മാറ്റി പഞ്ചാരി താളത്തില്‍ ചിട്ടപ്പെടുത്തി. ഇത് കലാവൃത്തങ്ങളില്‍ വലിയ സംസാര വിഷയമായിരുന്നു. പല വയോധികരായ വാദ്യക്കാരും മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയുടെ ആശയങ്ങളെ പ്രായോഗികമല്ല എന്നു പറഞ്ഞ് തള്ളിക്കളഞ്ഞു. എങ്കിലും മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി ചെണ്ടയില്‍ തന്റേതായ പാത വെട്ടിത്തെളിക്കുന്നു. കേരളത്തിന്റെ കലാസ്വാദനത്തില്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയുടെ സ്വാധീനം വലുതാണ്.